23 January 2026, Friday

Related news

January 21, 2026
January 5, 2026
January 3, 2026
November 25, 2025
November 22, 2025
November 20, 2025
November 9, 2025
November 7, 2025
November 2, 2025
November 1, 2025

സമഗ്ര വിപണി ഇടപെടലുമായി സര്‍ക്കാര്‍; എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണം മെഗാ ഫെയറുകള്‍

Janayugom Webdesk
തിരുവനന്തപുരം
July 31, 2025 10:18 pm

ഓണത്തോടനുബന്ധിച്ച് സമഗ്ര വിപണി ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. സപ്ലൈകോ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന ഓണം മെഗാ ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കും. സംസ്ഥാനതല ഓണം ഫെയർ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഓഗസ്റ്റ് 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 26, 27 തീയതികളിലായി മറ്റു ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാ ഫെയറിന് തുടക്കമാകും. ഉത്രാടം നാളായ സെപ്റ്റംബർ നാലു വരെയാണ് ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു പ്രധാന ഔട്ട് ലെറ്റിനോടനുബന്ധമായി ഓണംഫെയർ നടത്തും. നിയമസഭാ മണ്ഡലങ്ങളിലെ ഓണം ഫെയറുകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാല് വരെയാണ്. 

ഓണത്തിന് വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മറ്റുള്ളവര്‍ക്ക് സമ്മാനമായി നൽകാൻ സപ്ലൈകോ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും രംഗത്തിറക്കിയിട്ടുണ്ട്. 18 ഇനങ്ങള്‍ അടങ്ങിയ 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, ഒമ്പത് ഇനങ്ങള്‍ അടങ്ങിയ 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നൽകും. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. സപ്ലൈകോയിൽ നിന്ന് ഓണക്കാലത്ത് 2500 രൂപയിലധികം സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്കായി ഒരു ലക്കി ഡ്രോ നടത്തും. ഒരു പവൻ സ്വര്‍ണനാണയമടക്കം വിവിധ സമ്മാനങ്ങളാണ് വിജയികൾക്കായി നൽകുക. സംസ്ഥാനത്തെ 140 ഓണച്ചന്തകളിലും ഇത്തരം നറുക്കെടുപ്പുകള്‍ ദിവസേന നടത്തി വിജയികൾക്ക് വെളിച്ചെണ്ണയടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതിനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 18 മുതല്‍ സമൃദ്ധി കിറ്റുകള്‍ ലഭ്യമാകും. ഗിഫ്റ്റ് കാര്‍ഡുകള്‍ ഓഗസ്റ്റ് അഞ്ച് മുതലും വിതരണം ചെയ്യും.
സപ്ലൈകോയുടെ മൂന്ന് പ്രധാന ഔട്ട് ലെറ്റുകൾ ഈ വർഷം സിഗ്നേച്ചർ മാർട്ട് എന്ന പേരിൽ പ്രീമിയം ഔട്ട് ലെറ്റുകൾ ആക്കും. ഓണത്തിന് തലശേരി ഹൈപ്പർമാർക്കറ്റ്, സിഗ്നേച്ചർ മാർട്ട് ആക്കി മാറ്റും. സപ്ലൈകോയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോട്ടയം ഹൈപ്പർ മാർക്കറ്റ്, എറണാകുളം ഹൈപ്പർമാർക്കറ്റ് എന്നിവയും സിഗ്നേച്ചർ മാർട്ടുകളായി നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ആധുനിക രീതിയിലുള്ള മികച്ച ഷോപ്പിങ് അനുഭവം ഉപഭോക്താവിന് നൽകുകയാണ് സിഗ്നേച്ചർ മാർട്ടിന്റെ ലക്ഷ്യം. കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വില്പനയാണ് നടന്നത്. 250 കോടിയില്‍ കുറയാത്ത വില്പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നതെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.