22 January 2026, Thursday

Related news

January 16, 2026
January 7, 2026
January 3, 2026
January 3, 2026
December 16, 2025
December 7, 2025
December 1, 2025
November 6, 2025
November 1, 2025
October 23, 2025

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ഇന്ന് മുതല്‍; ജനകീയ ജനാധിപത്യ ബദലിന്റെ ആഘോഷം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 21, 2025 7:40 am

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം, വർഗീയ ശക്തികളും അവർക്ക് പിന്തുണ നൽകുന്ന കുത്തക മുതലാളിത്തവും ചേര്‍ന്ന് ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളോരോന്നും തകർക്കാൻ ശ്രമിക്കുന്നതിനെതിരെ കേരളമുയർത്തുന്ന ജനകീയ ജനാധിപത്യ ബദലിന്റെ ആഘോഷം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്രവും സർവതലസ്പർശിയുമായ വികസനത്തിന്റെയും സമത്വവും സാഹോദര്യവും അന്വർത്ഥമാക്കുന്ന സാമൂഹ്യപുരോഗതിയുടെയും സന്ദേശമാണ് കേരളം ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 2016ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാര്‍. അങ്ങനെ നോക്കുമ്പോൾ വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടേയും ഒമ്പത് വർഷങ്ങളുടെ പൂർത്തീകരണമാണിത്. സാമ്പത്തിക പുരോഗതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തി വികസിത രാജ്യങ്ങൾക്ക് സമാനമായ നിലയിലേക്ക് കേരളത്തെ ഉയർത്തുകയെന്ന ലക്ഷ്യമാണ് എൽഡിഎഫ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. സുസ്ഥിരവും സമത്വപൂർണവുമായ നവകേരളം യാഥാർത്ഥ്യമാക്കാൻ സംസ്ഥാന ജനതയാകെ സർക്കാരിനൊപ്പമുണ്ട്. പ്രതിസന്ധികളിൽ കരുത്തായും ഉപദേശനിർദേശങ്ങൾ പകർന്നും സർക്കാരിന്റെ കൂടെ ഈ നാടുണ്ട്. ആ കരുത്താണ് നവകേരളമെന്ന ലക്ഷ്യം കൈവരിക്കാൻ സർക്കാരിനു പ്രചോദനവും നിശ്ചയദാർഢ്യവും പകരുന്നത്. നാടിനെ വിഭജിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി ചെറുത്ത് നവകേരളത്തിനായി നമുക്ക് ഒരുമിച്ചു മുന്നേറാമെന്നും നാലാം വാർഷികം ഒരുമിച്ച് ആഘോഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ന് മുതൽ മേയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. നാലാം വാർഷികാഘോഷവും എന്റെ കേരളം പ്രദർശന വിപണനമേളയുടെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർകോട്ട് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ രാജൻ അധ്യക്ഷനാവും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേശ് കുമാർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എം രാജഗോപാലൻ എംഎൽഎ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുടങ്ങിയവർ സംസാരിക്കും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്, പി എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, സജി ചെറിയാൻ, ജെ ചിഞ്ചുറാണി, ജി ആർ അനിൽ, എം ബി രാജേഷ്, വി ശിവൻകുട്ടി, ഒ ആർ കേളു, വീണാ ജോർജ്, ആർ ബിന്ദു, വി അബ്ദുറഹ്‌മാൻ തുടങ്ങിയവർ പങ്കെടുക്കും. 

എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാതല യോഗങ്ങൾ നടക്കും. നാളെ വയനാട്, 24ന് പത്തനംതിട്ട, 28ന് ഇടുക്കി, 29ന് കോട്ടയം, മേയ് അഞ്ചിന് പാലക്കാട്, ആറിന് ആലപ്പുഴ, ഏഴിന് എറണാകുളം, ഒമ്പതിന് കണ്ണൂർ, 12ന് മലപ്പുറം, 13ന് കോഴിക്കോട്, 14ന് തൃശൂർ, 22ന് കൊല്ലം, 23ന് തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജില്ലാതല യോഗങ്ങൾ നടക്കും. മേയ് 23ന് തിരുവനന്തപുരത്താണ് വാർഷികാഘോഷ പരിപാടിയുടെ സമാപനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.