
ഭരണഘടനയുടെ അന്തസത്തയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അതുവഴി ജനപ്രതിനിധികളെയും വെല്ലുവിളിക്കുന്ന നടപടിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് റവന്യു മന്ത്രി കെ രാജന്‍. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ മുന്നില്‍, അതും സ്വാതന്ത്ര്യാനന്തര ഭാരതം അംഗീകരിച്ചിട്ടുള്ള ഒരു ഭൂപടത്തിന് വിരുദ്ധമായിട്ടുള്ള ഒരു ഭൂപടത്തെ പ്രദര്‍ശിപ്പിക്കുന്ന ഒരു ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തി ചടങ്ങ് ആരംഭിക്കണമെന്ന് പറയുന്നത് ഏത് പ്രോട്ടോക്കോളിന്റെ ഭാഗമാണെന്നും മന്ത്രി ചോദിച്ചു.
അധികാരകേന്ദ്രത്തിലിരുന്നുകൊണ്ട് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കപ്പുറത്ത് തങ്ങളുടെ രാഷ്ട്രീയ താല്പര്യമുണ്ട് എന്ന് ആര് ധരിച്ചാലും അത് ഭരണഘടനയ്ക്ക് വിരുദ്ധമാണ്, ഭരണഘടനയുടെ അന്തസത്തയെ വെല്ലുവിളിക്കുന്ന നടപടിയാണ്. ഇനി രാജ്ഭവനില്‍ നടക്കുന്ന എല്ലാ പരിപാടിക്കും വിളക്ക് കൊളുത്തുമെന്ന് അദ്ദേഹം പറഞ്ഞതായി കേട്ടു. അങ്ങനെ എല്ലാ പരിപാടിക്കും വിളക്ക് കൊളുത്താന്‍ തീരുമാനിച്ചാല്‍ അങ്ങനെയുള്ള പരിപാടിക്ക് പോകേണ്ടതില്ലെന്ന് മന്ത്രിമാരും തീരുമാനിക്കേണ്ടിവരും. കാരണം ഇത് ഭരണഘടനയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പ്രശ്നമാണ്.
ഭരണഘടനയെ വെല്ലുവിളിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഞങ്ങള്‍ ഒരു ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന് വേണ്ടി തയ്യാറായവരോ രംഗത്തിറങ്ങുന്നവരോ അല്ല. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണറോട് എല്ലാവിധ ജനാധിപത്യ മര്യാദയും കേരളം എല്ലാകാലത്തും കാണിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയും അന്തസത്തയെയും കാറ്റില്‍പറത്തുന്ന നിലപാടുണ്ടായാല്‍ അത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.