
വൈസ് ചാൻസലർ നിയമനത്തിൽ സുപ്രീം കോടതി നിർദേശം മറികടന്ന് സർക്കാർ പാനൽ തള്ളി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കര്‍. ഹൈക്കോടതി പുറത്താക്കിയവരെ വീണ്ടും കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസിമാരായി ഗവര്‍ണര്‍ നിയമിച്ചു. സുപ്രീം കോടതി വിധിയെ നോക്കുകുത്തിയാക്കിയും, സംസ്ഥാന സർക്കാര്‍ നൽകിയ പാനൽ പരിഗണിക്കാതെയുമാണ് ചാന്‍സലറുടെ ധിക്കാര നടപടി. ഡോ. കെ ശിവപ്രസാദിനെയും, ഡോ. സിസ തോമസിനെയുമാണ് യഥാക്രമം കെടിയു, ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസിമാരാക്കിയത്. ഉത്തരവ് പുറപ്പെടുവിച്ച് മിനിറ്റുകള്‍ക്കകം ഇരുവരും ചുമതലയേറ്റത് നിയമവ്യവസ്ഥകളോടുള്ള വെല്ലുവിളിയായി. സാങ്കേതിക സർവകലാശാല ആക്ട് സെക്ഷൻ 13(ഏഴ്), ഡിജിറ്റൽ സർവകലാശാല ആക്ട് സെക്ഷൻ 10 (11) എന്നിവ പ്രകാരമാണ് നിയമനമെന്ന് രാജ്ഭവന്‍ കത്തില്‍ പറയുന്നു.
പ്രസ്തുത ചട്ടപ്രകാരം സര്‍ക്കാര്‍ ശുപാര്‍ശയില്‍ ചാന്‍സലര്‍ വിസിയെ നിയമിക്കണം എന്നാണുള്ളത്. എന്നാല്‍, സർക്കാർ നല്‍കിയ മൂന്നംഗ പാനലിൽ നിന്നല്ല ഇവരെ നിയമിച്ചിട്ടുള്ളത്. ഇത് ചൂണ്ടിക്കാട്ടി താല്‍ക്കാലിക നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. നിയമന നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. വിധി വന്ന ശേഷവും അതിന്റെ അന്തഃസത്തക്കെതിരായ നടപടിയാണ് ഗവർണറിൽ നിന്നുണ്ടായത്. ചാൻസലർ സർക്കാരുമായി യോജിച്ച് തീരുമാനം എടുക്കണമെന്നാണ് കോടതി വിധി. സര്‍ക്കാര്‍ പാനലില്‍ ഇല്ലാത്തവരെയാണ് വീണ്ടും നിയമിച്ചതെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വിസി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നേരത്തെയും കത്ത് നല്‍കിയിരുന്നു. നിയമനത്തിന് മുമ്പ് സര്‍ക്കാരിന്റെ അഭിപ്രായം കേള്‍ക്കണമെന്നും അതിനായി ഉന്നതവിദ്യാഭ്യാസ മന്ത്രിയും നിയമമന്ത്രിയും ചര്‍ച്ചയ്ക്കായി കാണുമെന്നും അറിയിച്ചായിരുന്നു കത്ത്. സുപ്രീം കോടതി വിധി മാനിച്ച് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാനൊരുങ്ങുമ്പോഴാണ് ഗവര്‍ണറുടെ തന്നിഷ്ട നടപടി. സര്‍വകലാശാല ചട്ടപ്രകാരം നിലവിലുള്ളവര്‍ക്ക് തുടരാന്‍ അനുമതി നല്‍കാമെന്ന കോടതി നിര്‍ദേശത്തെയാണ് രാജ്ഭവന്‍ തെറ്റായി വ്യാഖ്യാനിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.