ഭൂമി ഇടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി. മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിട്ടി (മുഡ) യുടെ സ്ഥലം സിദ്ധരാമയ്യയുടെ ഭാര്യക്ക് അനുവദിച്ചതില്‍ ക്രമക്കേട് ആരോപിച്ചുള്ള പരാതിയിലാണ് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്.
1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17, 218 പ്രകാരമാണ് ഗവര്‍ണറുടെ നടപടി. ഗവർണറുടെ ഓഫിസിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും സ്ഥിരീകരിച്ചു. അതേസമയം, അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച സിദ്ധരാമയ്യ, ഗവർണറുടെ അനുമതിക്കെതിരെ കോടതിയെ സമീപിക്കുമെന്നാണ് സൂചന.
ആരോപണങ്ങള്‍ക്ക് ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും എന്തുകൊണ്ട് വിചാരണ ചെയ്യരുതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ മന്ത്രിസഭ പ്രമേയം പാസാക്കി. പ്രോസിക്യൂഷന് അനുമതി നല്‍കരുതെന്നും കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിക്കണമെന്നും, ഭരണഘടനാപരമായ സ്ഥാനം ദുരുപയോഗം ചെയ്യരുതെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇടപാടിലൂടെ സംസ്ഥാന ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയെന്ന് പരാതിക്കാരായ പ്രദീപ് കുമാര്‍, ടി ജെ എബ്രഹാം, സ്നേഹമയി കൃഷ്ണ എന്നിവരുടെ ഹര്‍ജിയില്‍ ആരോപിക്കുന്നു. സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വതിക്ക് മൈസൂരുവില്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയില്‍ ലോകായുക്തയില്‍ എബ്രഹാം പരാതി നല്‍കിയിരുന്നു. സിദ്ധരാമയ്യ, ഭാര്യ, മകന്‍ എസ് യതീന്ദ്ര, മുഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായാണ് പരാതി.
ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്ക് മറ്റൊരിടത്ത് പകരം ഭൂമി നൽകുന്ന പദ്ധതിയിലാണ് അഴിമതിയാരോപണം. പാർവതിയുടെ പേരിൽ മൈസൂരു ഔട്ടർ റിങ് റോഡിലുള്ള കേസരയിലെ ഭൂമി ഈ പദ്ധതി പ്രകാരം മൈസൂരു നഗരവികസന അതോറിട്ടിക്കു നൽകിയിരുന്നു. പകരം നൽകിയ ഭൂമി അർഹിക്കുന്നതിനെക്കാൾ അധികം മൂല്യമുള്ളതാണെന്നും ഭൂമി കൈമാറ്റത്തിൽ ക്രമക്കേടുണ്ടെന്നുമാണ് ആരോപണം. ഭൂമി സംബന്ധിച്ച എല്ലാ കണക്കുകളും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സിദ്ധരാമയ്യ മറച്ചുവച്ചെന്നും ആരോപണമുണ്ട്.
സിദ്ധരാമയ്യയ്ക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് ആരോപിച്ചു. പാർട്ടി സിദ്ധരാമയ്യയ്ക്കൊപ്പം നിൽക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. ഗവർണറെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് പുതിയ നടപടി. എച്ച് ഡി കുമാരസ്വാമിയ്ക്കെതിരായ പ്രോസിക്യൂഷന് അനുമതി നിഷേധിക്കുകയും ബിജെപി ഇതര മുഖ്യമന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്യുന്നതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.