5 December 2025, Friday

Related news

December 5, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025

വിസി നിയമനത്തില്‍ ഗവർണർക്ക് മുന്നറിയിപ്പ്

Janayugom Webdesk
ന്യൂഡൽഹി
December 5, 2025 10:55 pm

ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ കോടതി നേരിട്ട് നിയമനം നടത്തുമെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. കേരളത്തിലെ വിസി നിയമനവുമായി ബന്ധപ്പെട്ട കേസുകളിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.മുൻഗണനാക്രമത്തിൽ മുഖ്യമന്ത്രി നൽകുന്ന പട്ടികയില്‍ നിന്ന് ​ഒരാളെ വൈസ് ചാൻസലറായി ​ഗവർണർ നിയമിക്കണം എന്നാണ് സുപ്രീം കോടതി നേരത്തെ നല്‍കിയ നിർദേശം. എന്നാല്‍ സാങ്കേതിക സര്‍വകലാശാലയില്‍ സിസ തോമസിനെയും ഡിജിറ്റലില്‍ പ്രിയ ചന്ദ്രനെയും നിയമിക്കാനാണ് ഗവര്‍ണറുടെ ശുപാര്‍ശ. സിസയുടെ നിയമനത്തില്‍ സര്‍ക്കാര്‍ വിയോജിപ്പ് വ്യക്തമാക്കിയതോടെയാണ് കോടതി പ്രതികരണം നടത്തിയത്. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും സമവായത്തില്‍ എത്താന്‍ കഴിയില്ലെങ്കില്‍ സുപ്രീം കോടതി നേരിട്ട് നിയമനം നടത്തുമെന്നാണ് മുന്നറിയിപ്പ്. ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, പി ബി വരേല എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചത്. 

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിൽ സുപ്രീം കോടതി നിർദേശങ്ങൾ ​ഗവർണർ രാജേന്ദ്ര അര്‍ലേക്കർ ലംഘിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സര്‍ക്കാര്‍ പട്ടിക പൂർണമായും തള്ളി അയോ​ഗ്യയായ ആളെയടക്കം നിയമിക്കുകയാണ് ​ഗവർണർ ചെയ്തത്. ഇത് വളരെ വിചിത്രമാണ്. ഇത്ര ന​ഗ്നമായി സുപ്രീം കോടതി നിർദേശം ലംഘിക്കാനുള്ള മനോഭാവം എങ്ങനെയാണ് ​ഗവർണർക്കുണ്ടാകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. 

എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (കെടിയു), കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആന്റ് ടെക്നോളജി എന്നിവയുടെ വിസി നിയമനം സംബന്ധിച്ച് സുപ്രീം കോടതി നിർദേശത്തിന് വിരുദ്ധമായി കേരളത്തിന്റെ പട്ടികയിൽ ഇല്ലാത്ത പേരുകൾ നിർദേശിച്ച ഗവർണറുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് കേസ് പരിഗണിച്ച സുപ്രീം കോടതി ബെഞ്ച് സമവായത്തിലെത്തുന്നില്ലെങ്കിൽ അടുത്ത വ്യാഴാഴ്ച നിയമനം നടത്തി ഉത്തരവിറക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നൽകിയ പാനലിൽ നിന്ന് നിയമനം നടത്തുന്നതിൽ ഗവർണർ കാട്ടുന്ന വിമുഖതയാണ് പ്രശ്നം വഷളാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.