
മഹാരാഷ്ട്രയിലെ സിപിഐ നേതാവും പുരോഗമന എഴുത്തുകാരനുമായിരുന്ന ഗോവിന്ദ് പന്‍സാരെയെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ എട്ട് വര്‍ഷത്തിനു ശേഷം കുറ്റപത്രം. 10 പേര്‍ക്കെതിരെയാണ് മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) കോലാപൂരിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിനാണ് പ്രത്യേക അന്വേഷണ സംഘ (എസ്ഐടി)ത്തില്‍ നിന്നും കേസ് ഏറ്റെടുക്കാന്‍ കോടതി എടിഎസിന് നിര്‍ദേശം നല്‍കിയത്.
സമീര്‍ ഗെയ്‌ക്‌വാദ്, വിരേന്ദ്ര സിങ് താവ്‌ഡെ, അമോല്‍ കാലെ, വാസുദേവ് സൂര്യവംശി, ഭാരത് കുരാനെ, അമിത് ദേഗ്‌വേക്കര്‍, ശരദ് കലാസ്കര്‍, സച്ചിന്‍ അന്‍ദുരെ, അമിത് ബഡ്ഡി, ഗണേഷ് മിസ്കിന്‍ എന്നിവരുടെ പേരാണ് കുറ്റപത്രത്തിലുള്ളത്. കുറ്റാരോപിതരായ വിനയ് പവാര്‍, സാരംഗ് അകോല്‍ക്കര്‍ എന്നിവര്‍ ഒളിവിലാണ്.
കോലാപൂരില്‍ വച്ച് 2015 ഫെബ്രുവരി 16നാണ് പന്‍സാരെയ്ക്ക് വെടിയേറ്റത്. പ്രഭാത സവാരിക്കുശേഷം വസതിയിലേക്ക് പോകവെ അജ്ഞാതര്‍ അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ചികിത്സയിലിരിക്കെ നാലു ദിവസങ്ങള്‍ക്കു ശേഷമാണ് പന്‍സാരെ മരിച്ചത്. കൊലപാതകം, കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഢാലോചന, അനധികൃതമായി ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം കേസിലെ സാക്ഷികളുടെ പട്ടിക ഹാജരാക്കാന്‍ പ്രോസിക്യൂഷന് കോടതി നിര്‍ദേശം നല്‍കി.
ഗോവിന്ദ് പന്‍സാരെ കൊലക്കേസില്‍ ആവശ്യത്തിലധികം സമയം എസ്ഐടിക്കു നല്‍കിയെന്നു നിരീക്ഷിച്ച ജസ്റ്റിസുമാരായ രേവതി മൊഹിത്തെ ദേരെ, ശര്‍മിള ദേശ്‌മുഖ് എന്നിവരുടെ ബെഞ്ചാണ് കേസ് എടിഎസിന് കൈമാറാന്‍ ഉത്തരവിട്ടത്.
പ്രതിപ്പട്ടികയിലുള്ള കലാസ്കര്‍, അന്‍ദുരെ എന്നിവര്‍ക്ക് സാമൂഹിക പ്രവര്‍ത്തകന്‍ നരേന്ദ്ര ദബോല്‍ക്കറെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലും പങ്കുണ്ട്. 2013 ഓഗസ്റ്റ് 20ന് പൂനെയില്‍ വച്ചാണ് ദബോല്‍ക്കര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. 2015ല്‍ സാമൂഹിക പ്രവര്‍ത്തകനായ എം എം കല്‍ബുര്‍ഗിയും 2017ല്‍ മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷും സമാന രീതിയില്‍ കൊല്ലപ്പെട്ടു. ഈ നാല് കൊലപാതകങ്ങളും തമ്മിൽ ബന്ധമുണ്ടെന്നും ഇതിന് പിന്നിൽ ഹിന്ദുത്വ തീവ്രവാദികളാണെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
English Summary; Govind Pansare murder: Indictment after eight years
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.