
ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ സംഭവത്തെ കുറിച്ച് കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് റിട്ട. സി എൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരുള്‍പ്പെട്ട സമിതി പ്രത്യേക അന്വേഷണം നടത്തും. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. കേസില്‍ നിലവിലെ പൊലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും വേഗത്തില്‍ പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായത് അത്യന്തം ഗൗരവം ഉള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കാനും തീരുമാനിച്ചു. സൂക്ഷ്മതലത്തിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇന്റലിജന്റ് സിസിടിവി നാല് പ്രധാന ജയിലുകളിൽ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങും. ജയിൽ ജീവനക്കാർ തുടർച്ചയായി ഒരേ സ്ഥലത്ത് തുടരുന്നത് കണക്കിലെടുത്ത്, അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഓരോ സ്ഥലത്തും അഞ്ചുവർഷം പൂർത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും.
ജയിലിനകത്ത് ഇന്റലിജൻസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ജയിലുകളിലെ വീഡിയോ കോൺഫറൻസിംഗ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും. ജയിലിനകത്ത് തടവുകാർക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും. ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് സെക്രട്ടറി കെബിജു, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, ഇന്റലിജൻസ് അഡിഷണൽ ഡിജിപി പി വിജയൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.