
വീണ്ടും മുസ്ലിം വിരുദ്ധതയുമായി ഉത്തര്‍പ്രദേശിലെ ആദിത്യനാഥ് സര്‍ക്കാര്‍. ഉറൂസിനോട് അനുബന്ധിച്ച് അയോധ്യയിലും ബരാബന്‍കിയിലും നടത്തേണ്ട ആഘോഷപരിപാടികള്‍ ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തടഞ്ഞു. വിശ്വഹിന്ദുപരിഷത്ത് (വിഎച്ച്പി) പരാതിയെ തുടര്‍ന്ന് അയോധയിലെ ഖാന്‍പൂര്‍ മസോധ പ്രദേശത്തെ ദാദാ മിയ പള്ളിയില്‍ നടത്താനിരുന്ന ഉറൂസിന് അനുമതി നല്‍കിയില്ല. ഫല്‍പൂരിലെ സയ്യിദ് ഷക്കീല്‍ ബാബ ഉറൂസിനും അനുമതി നിഷേധിച്ചു. ബരാബന്‍കിയിലാണ് ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ നടത്താനിരുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. പതിനൊന്നാം നൂറ്റാണ്ടിലെ ഗസ്‍നി ഭരണാധികാരി മഹ്മൂദിന്റെ അനന്തരവന്‍ എന്ന് കരുതുന്ന ഇതിഹാസ സൈനികനായ സയ്യിദ് സലാര്‍ മദൂസിനെ അനുസ്മരിപ്പിക്കുന്ന ഗാസി ബാബയുടെ പേരിലാണ് ഉറൂസ് സംഘടിപ്പിക്കുന്നതെന്ന് വിഎച്ച്പി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
പരിപാടിക്ക് ആദ്യം അനുമതി നല്‍കിയെങ്കിലും ഗാസി ബാബയുടെ പേരിലാണെന്ന് മനസിലാക്കിയതോടെയാണ് റദ്ദാക്കിയതെന്ന് അയോധ്യ സിഐ അഷുതോഷ് തിവാരി പറഞ്ഞു. സയ്യിദ് സലാര്‍ മസൂദ് ഗാസിയെ അനുസ്മരിക്കാന്‍ മുസ്ലിം സമുദായം പതിറ്റാണ്ടുകളായി നടത്തിവന്നിരുന്ന നെജ മേള ഇത്തവണ മാര്‍ച്ചില്‍ സാംബാല്‍ പൊലീസ് നിരോധിച്ചിരുന്നു. ആക്രമണകാരിയും കൊള്ളക്കാരനുമായ വ്യക്തിയെ ആദരിക്കുന്നതിനാലാണ് അനുമതി നല്‍കാതിരുന്നതെന്ന് പൊലീസ് അവകാശപ്പെട്ടു. മേള പരമ്പരാഗതമായി നടത്തുന്നതാണെങ്കിലും അനുമതി നല്‍കാനാവില്ലെന്നും വ്യക്തമാക്കി. ചില തര്‍ക്കങ്ങളുണ്ടെന്നും അത് സാമുദായിക സംഘര്‍ഷത്തിന് കാരണമായേക്കാമെന്നും എസ്‌പി വികാസ് ത്രിപാഠി പറഞ്ഞു. അതുകൊണ്ടാണ് ഭരണകൂടം അനുമതി നിഷേധിച്ചതെന്നും വ്യക്തമാക്കി.
ബിജെപി യുപിയിലും കേന്ദ്രത്തിലും അധികാരമേറ്റ ശേഷം സയ്യിദ് സലാര്‍ മസൂദ് ഗാസിയെ കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന സുഹല്‍ദേവിന് ആദരമര്‍പ്പിക്കുന്നതിന് പുതിയ സ്മാരകം നിര്‍മ്മിച്ചു. അദ്ദേഹത്തിന്റെ പേരില്‍ ഗാസിപൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് സൂപ്പര്‍ഫാസ്റ്റ് ട്രെയിനും സര്‍വകലാശലയും അനുവദിക്കുകയും സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തു. പിന്നാക്കക്കാരായ ഹിന്ദുക്കളുടെ വോട്ട് ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നു ഇത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.