ജനങ്ങളുടെ പക്ഷത്തു നിന്ന് പ്രവർത്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കരുതലും കൈത്താങ്ങും നെടുമങ്ങാട് താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ സംതൃപ്തിക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കാത്ത ഉദ്യോഗസ്ഥർക്കുള്ള താക്കീതാണ് കരുതലും കൈത്താങ്ങും അദാലത്തെന്നും മന്ത്രി പറഞ്ഞു.
പഴകുറ്റി എംടി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായിരുന്നു. അദാലത്തിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനം ജനങ്ങളുടെ അടുത്തേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. അദാലത്തിലെത്തിയ അപേക്ഷകളിൽ പരിഹാരം കണ്ടെത്തുന്നതിനായി സർക്കാർ സംവിധാനം അക്ഷീണം പരിശ്രമിച്ചുവെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ സർക്കാർ ഗൗരവത്തോടെ തന്നെ കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എംഎൽഎമാരായ ഡി കെ മുരളി, ജി സ്റ്റീഫൻ, നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി എസ് ശ്രീജ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഇന്ദുലേഖ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു ലേഖാറാണി, ജില്ലാ കളക്ടർ അനുകുമാരി, എഡിഎം ടി കെ വിനീത്, നെടുമങ്ങാട് ആർഡിഒ കെ പി ജയകുമാർ എന്നിവരും പങ്കെടുത്തു.
തീർപ്പാക്കിയത് 1,418 അപേക്ഷകൾ
നെടുമങ്ങാട് താലൂക്ക് അദാലത്തിൽ വിവിധ വകുപ്പുകളിലായി 1,621 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 1,418 അപേക്ഷകൾ തീർപ്പാക്കി. 203 അപേക്ഷകളിൽ നടപടികൾ പുരോഗമിക്കുന്നു. പുതിയതായി 914 അപേക്ഷകളാണ് അദാലത്ത് വേദിയിലൊരുക്കിയ കൗണ്ടറുകളിൽ നേരിട്ട് ലഭിച്ചത്.
470 മുൻഗണനാ കാർഡുകൾ നൽകി അദാലത്തിൽ 470 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്തു. താലൂക്കു തല അദാലത്തിൽ സിവിൽസപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് 2025 അപേക്ഷകളാണ് ജില്ലയിൽ ലഭിച്ചത്. നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫിസിൽ എഎവൈ/ഗുരുതര രോഗസംബന്ധിയായതും തെളിമപദ്ധതി വഴിയും 624 അപേക്ഷകളാണ് ലഭിച്ചത്. എല്ലാ അപേക്ഷകളിലും പൂർണ നടപടി സ്വീകരിച്ചു. ഇതിൽ 470 അപേക്ഷകർക്കാണ് അന്ത്യോദയാ അന്നയോജന (മഞ്ഞ) / മുൻഗണനാ (ചുവപ്പ്) റേഷൻ കാർഡുകൾ അനുവദിച്ചത്. 329 അന്ത്യോദയാ അന്നയോജന കാർഡുകളും 141 പിഎച്ച്എച്ച് കാർഡുകളും മന്ത്രി ജി ആർ അനിൽ വിതരണം ചെയ്തു.
ചിറയിൻകീഴ് അദാലത്ത് നാളെ
ചിറയിൻകീഴ് താലൂക്ക് അദാലത്ത് ഇന്ന് ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിൽ നടക്കും. ചിറയിൻകീഴ് താലൂക്കിൽ ഇന്ന് വൈകിട്ട് നാല് മണി വരെ 443 അപേക്ഷകളാണ് ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.