
പങ്കാളിത്ത പെൻഷൻ പിൻവലിച്ചു എന്ന പ്രഖ്യാപനം നിയമസഭയിൽ ഉണ്ടായിട്ട് രണ്ടു വർഷക്കാലം പിന്നിടുകയാണ്. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രഖ്യാപിത നിലപാടിന് അനുസൃതമായ പ്രഖ്യാപനമാണ് ഉണ്ടായതെങ്കിലും, പങ്കാളിത്ത പെൻഷൻ വിഹിതം ജീവനക്കാരിൽ നിന്ന് ഈടാക്കുന്നത് ഇനിയും അവസാനിപ്പിച്ചിട്ടില്ല. പഴയ പെൻഷൻ പദ്ധതിക്ക് പകരമാകില്ല കേന്ദ്രസർക്കാർ കൊണ്ടുവന്ന മറ്റു രണ്ടു പെൻഷൻ പദ്ധതികളും എന്ന നിലപാടാണ് രാജ്യത്ത് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, തൊഴിലാളി പ്രസ്ഥാനങ്ങളും സ്വീകരിച്ചു പോരുന്നത്. ചങ്ങാത്ത മുതലാളിത്ത നിലപാടിനെതിരായി ബദൽ സാമ്പത്തിക നയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അതിന്റെ രാഷ്ട്രീയ നയം ഉയർത്തിപ്പിടിക്കാൻ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ചുകൊണ്ട് പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കേണ്ടത് അനിവാര്യതയാണ്. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും വേതനഘടന അഞ്ചുവർഷത്തെ ഇടവേളകളിൽ പരിഷ്കരിക്കുമെന്ന് നയം നടപ്പിലാക്കപ്പെട്ടത് 1973 ൽ സി. അച്യുതമേനോൻ ഗവൺമെന്റിന്റെ കാലത്താണ്. അതിനുശേഷം അധികാരത്തിൽ വന്ന എല്ലാ ഇടതുപക്ഷ സർക്കാരുകളും അഞ്ചുവർഷം ഇടവേളകളിൽ ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ തയ്യാറായിട്ടുണ്ട്. ശമ്പളപരിഷ്കരണം ഒരു വിവാദ വിഷയമാക്കുകയും, ശമ്പളപരിഷ്ണവും ജീവനക്കാരുടെ അനുകൂല്യങ്ങളും അട്ടിമറിക്കുന്ന സമീപനം എക്കാലത്തും കോൺഗ്രസ് മുഖ്യമന്ത്രിമാർ അധികരണത്തിലുള്ളപ്പോഴാണ് ഉണ്ടായിട്ടുള്ളത്.
2024 ജൂലൈ 1 മുതൽ നടപ്പിലാക്കേണ്ടിയിരുന്ന 12-ാം ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ ആവശ്യമായ ഒരു സമീപനവും നാളിതുവരെ ഇടതുപക്ഷ സർക്കാർ കൈക്കൊണ്ടില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാർഹവും, ഒപ്പം ഇടതുപക്ഷ സമീപനങ്ങളിൽ നിന്നുള്ള പിന്നോട്ട് പോകലുമായിട്ടാണ് ജീവനക്കാരുടെ സമൂഹം കാണുന്നത്. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിലും, കുടിശ്ശിക അനുവദിക്കുന്ന സന്ദർഭങ്ങളിൽ പ്രാബല്യ തിയതി സംബന്ധിച്ച് വ്യക്തത വരുത്താത്ത സമീപനത്തിലൂടെയും ജീവനക്കാരിൽ നിരാശ പടർത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചു പോരുന്നത്.പൊതുസമൂഹത്തിലെ സാമ്പത്തിക ശാക്തീകരണത്തിന് സർക്കാർ മേഖലയിലെ ജീവനക്കാരുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുക എന്ന നിലപാട് അനിവാര്യമാണ്. ഈ സാഹചര്യം മുൻനിർത്തി നിരവധി സമരങ്ങളാണ് ജോയിന്റ് കൗൺസിലും അദ്ധ്യാപക-സർവീസ് സംഘടന സമരസമിതിയും നടത്തിയിട്ടുള്ളത്. ഈ സമരങ്ങളോട് ഇടതുപക്ഷ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച് അനുഭവപൂർവമായ സമീപനം സർക്കാർ സ്വീകരിക്കുമെന്നാണ് ജോയിന്റ് കൗൺസിൽ പ്രതീക്ഷിക്കുന്നതെന്നും, ജീവനക്കാരുടെ അധ്യാപകരുടെയും മേഖലയിൽ സംതൃപ്തമായ സേവനമുറപ്പുവരുത്താൻ പഴയ പെൻഷൻ പുനഃസ്ഥാപിക്കുന്ന കാര്യത്തിലും,ശമ്പള പരിഷ്കരണം അടക്കമുള്ള ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യം അനുവദിക്കുന്നത് സംബന്ധിച്ചുള്ള നിലപാട് അടിയന്തരമായി വ്യക്തമാക്കുന്നതിന് സർക്കാർ തയ്യാറാകണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ ചെയർമാൻ എസ് സജീവിന്റെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ പ്രവർത്തന റിപ്പോർട്ടും, ഭാവി പ്രവർത്തന പരിപാടികളും അവതരിപ്പിച്ചു. പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുന്നതിനും ശമ്പള പരിഷ്കരണം അടക്കമുള്ള സാമ്പത്തിക അനുകൂല്യങ്ങൾ അനുവദിക്കുന്നതിനും സർക്കാർ തയ്യാറാകാത്തപക്ഷം ജീവനക്കാരെ അണിനിരത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭത്തിന് ജോയിന്റ് കൗൺസിൽ നേതൃത്വം നൽകുമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.