6 December 2025, Saturday

കൊല്‍ക്കത്തയിലും മുംബൈയിലും ജിപിഎസ് സ്പൂഫിങ് ശ്രമം; നോട്ടാം പുറപ്പെടുവിച്ച് ഇന്ത്യ

Janayugom Webdesk
കൊല്‍ക്കത്ത
November 17, 2025 9:26 pm

ഡല്‍ഹിക്കും മുബൈയ്ക്കും പിന്നാലെ കൊല്‍ക്കത്ത വ്യോമപരിധിയിലും ‘ജിപിഎസ് വഴിതെറ്റിക്കൽ’ (സ്പൂഫിങ് / ജാമിങ്) ശ്രമം നടത്തി വിമാനങ്ങളെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ എയര്‍ലൈനുകള്‍ക്ക് നോട്ടീസ് ടു എയര്‍ മിഷന്‍സ് (നോട്ടാം) മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
വ്യാഴാഴ്ച മുതല്‍ ഇന്നലെ വരെയുള്ള ദിവസങ്ങള്‍ക്കിടയിലാണ് കൊല്‍ക്കത്തയിലും സ്പൂഫിങ് ശ്രമം നടന്നത്. ഇത് സിവില്‍ വ്യോമയാനതലത്തിലും പ്രതിരോധ മേഖലയിലും ആശങ്കയ്ക്ക് കാരണമായതായി ‍ഡിഫന്‍സ് അനലിസ്റ്റ് ഡാമിയന്‍ സൈമന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
തെറ്റായ സിഗ്നലുകൾ വഴി നാവിഗേഷൻ സംവിധാനം വഴിതെറ്റിക്കുന്ന സൈബർ ആക്രമണമാണ് ജിപിഎസ് സ്പൂഫിങ്. യുദ്ധപ്രദേശങ്ങളിലെ ഡ്രോണുകളെ തടസപ്പെടുത്താനാണ് ഇത് സാധാരണ ഉപയോഗിക്കുക. സാധാരണയായി ഇത്തരം ആക്രമണങ്ങൾ സംഘര്‍ഷഭരിതമായ അതിർത്തി പ്രദേശങ്ങളിലാണ് സംഭവിക്കുക. ഇന്ത്യൻ പൈലറ്റുകൾക്ക് ജിപിഎസ് വിശ്വസനീയമല്ലെന്ന് തോന്നുമ്പോൾ ഐഎൽഎസ്, വിഒആർ പോലുള്ള ഗ്രൗണ്ട് അധിഷ്ഠിത സംവിധാനങ്ങളിലേക്ക് മാറാൻ പരിശീലനം നൽകിയിട്ടുണ്ട്,
രാജ്യാന്തര സംഘർഷങ്ങൾ അടക്കം നടക്കുന്ന മേഖലകളിൽ ഭൂമിയിൽനിന്ന് പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് വ്യാജ സിഗ്‌നലുകൾ അയയ്ക്കുന്നത്. ഡൽഹിയുടെ ആകാശത്ത് കഴിഞ്ഞ ഒരാഴ്ചക്കാലം ജിപിഎസ് സ്പൂഫിങ് ശ്രമം കണ്ടെത്തിയിരുന്നു.
രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സൈനിക കാര്യങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള തിരക്കുള്ള മൂന്ന് വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് സ്പൂഫിങ് ശ്രമം നടന്നിരിക്കുന്നത്. ഇത് മൂലമുണ്ടാകുന്ന തടസങ്ങള്‍ ആഗോളതലത്തില്‍ തന്നെ വ്യോമയാന മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.