
ഗ്രേറ്റ് നിക്കോബാർ ദ്വീപ് പദ്ധതികളെക്കുറിച്ചുള്ള റിപ്പോർട്ടിലെ പരസ്യപ്പെടുത്തിയ ഭാഗങ്ങൾ മാത്രമേ രേഖപ്പെടുത്തൂ എന്ന് ഇന്ത്യയുടെ പരമോന്നത ഹരിത കോടതിയായ ദേശീയ ഹരിത ട്രിബ്യൂണല്‍ (എൻജിടി). “തന്ത്രപരവും ദേശീയ പ്രാധാന്യവും” ചൂണ്ടിക്കാട്ടി, എൻജിടിയില്‍ മുദ്രവച്ച കവറിൽ സമർപ്പിച്ചതും വിഷയത്തില്‍ തടഞ്ഞുവച്ചിരിക്കുന്നതും ഹർജിക്കാരന് പോലും ലഭ്യമാക്കാത്തതുമായ ഭാഗങ്ങൾ നടപടിക്രമങ്ങളില്‍ പരാമര്‍ശിക്കില്ലെന്ന് ഉത്തരവില്‍ പറയുന്നു.
ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ കേന്ദ്രസർക്കാർ നിർദേശിച്ച ഏകദേശം 81,000 കോടി രൂപയുടെ വികസന പദ്ധതിയില്‍ അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ, ടൗൺഷിപ്പ്, പവർ പ്ലാന്റ്, ഗ്രീൻഫീൽഡ് വിമാനത്താവളം എന്നിവ ഉൾപ്പെടുന്നു. 2022 നവംബറിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഈ പദ്ധതികൾക്ക് അനുമതി നൽകിയിരുന്നു.
ദ്വീപിലെ 130 ചതുരശ്ര കിലോമീറ്ററിലായി ഏകദേശം ഒരു ദശലക്ഷം മഴക്കാടുകൾ പദ്ധതിക്കായി വെട്ടിമാറ്റും. പരിസ്ഥിതി ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, പൊതുജനങ്ങള്‍ എന്നിവർ ജനങ്ങളിലും വന്യജീവികളിലും പദ്ധതികൾ ചെലുത്താവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആവർത്തിച്ച് ആശങ്കകൾ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് പോരായ്മകൾ പരിശോധിക്കുന്നതിനായി 2023ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ എൻജിടി ഒരു ഹൈപവര്‍ കമ്മിറ്റി (എച്ച്പിസി) രൂപീകരിക്കുകയായിരുന്നു. ഈ വർഷം ഒക്ടോബർ 30 ന് എച്ച്പിസിയുടെ അന്തിമ റിപ്പോർട്ട് മുദ്രവച്ച കവറിൽ മന്ത്രാലയം എൻജിടിക്ക് സമർപ്പിച്ചു.
നവംബർ 19ന് പരിസ്ഥിതി പ്രവർത്തകനും കല്പവൃക്ഷ എന്ന എൻജിഒ സ്ഥാപകനുമായ ആശിഷ് കോത്താരി, “സ്വാഭാവിക നീതിയുടെ തത്വങ്ങളുടെ താല്പര്യാർത്ഥം”, എച്ച്പിസിയുടെ പൂർണമായ റിപ്പോർട്ടിന്റെ ഒരു പകർപ്പ് കേന്ദ്ര നൽകണമെന്ന് എൻജിടിയിൽ അപേക്ഷിച്ചിരുന്നു. സീൽ ചെയ്ത കവറിൽ റിപ്പോർട്ട് സമർപ്പിച്ചത് അനാവശ്യമായി കണക്കാക്കണം എന്നും ഹർജിക്കാരൻ പറഞ്ഞിരുന്നു.
എച്ച്പിസി റിപ്പോർട്ട് ‘തന്ത്രപരവും ദേശീയ പ്രാധാന്യമുള്ളതും രഹസ്യവും പ്രത്യേകാവകാശമുള്ളതുമായ വിവരങ്ങൾ ഉള്ളതിനാൽ’ അത് വെളിപ്പെടുത്താൻ കഴിയില്ലെന്നവാദം അടിസ്ഥാനരഹിതവും വസ്തുതകൾക്ക് വിരുദ്ധവുമാണെന്നും പ്രോജക്ട് ലേഔട്ട്, മാസ്റ്റർപ്ലാൻ എന്നിവയുൾപ്പെടെയുള്ള മുഴുവൻ ക്ലിയറൻസ് പ്രക്രിയയും രേഖകളും പൊതുസഞ്ചയത്തിലായിരിക്കുമ്പോൾ, ക്ലിയറൻസ് പുനഃപരിശോധിക്കാനുള്ള നടപടിക്രമം എങ്ങനെയാണ് രഹസ്യമാകുന്നതെന്നും കോത്താരി ചോദിച്ചിരുന്നു.
എന്നാല്‍ ‘തന്ത്രപരവും ദേശീയവുമായ പ്രാധാന്യം’ ചൂണ്ടിക്കാട്ടി ഹർജിക്കാരന് പോലും ലഭ്യമാക്കാത്തതും തടഞ്ഞുവച്ചതുമായ റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ പരാമർശിക്കില്ലെന്ന് ട്രിബ്യൂണൽ വ്യക്തമാക്കുകയായിരുന്നു. ബന്ധപ്പെട്ട കക്ഷികൾ സമർപ്പിച്ച ഹർജികൾ മാത്രമേ പരാമർശിക്കൂ എന്നും എൻജിടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.