
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ദക്ഷിണാഫ്രിക്ക മികച്ച നിലയില്‍. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെന്ന നിലയിലാണ്. സെനുരന്‍ മുത്തുസാമി (25), കെയ്ല്‍ വെറെയ്‌നെ (1) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. എയ്ഡന്‍ മാര്‍ക്രമും റിയാൻ റിക്കിൽട്ടണും മികച്ച തുടക്കമാണ് പ്രട്ടീസ്‌പടയ്ക്ക് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആദ്യ ദിനം ചായക്ക് തൊട്ടു മുമ്പുള്ള ഓവറില്‍ 38 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രത്തെ ബൗള്‍ഡാക്കിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ചായക്ക് ശേഷം ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കക്ക് അതേ സ്‌കോറില്‍ റിക്കിള്‍ടന്റെ വിക്കറ്റും നഷ്ടമായി. 35 റണ്‍സെടുത്ത റിക്കിള്‍ടണെ കുല്‍ദീപ് യാദവിന്റെ പന്തില്‍ ക്യാപ്റ്റന്‍ റിഷഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പിന്നീടൊന്നിച്ച ട്രിസ്റ്റണ്‍ സ്റ്റബ്സും തേംബ ബവൂമയും ചേര്‍ന്ന് 84 റണ്‍സ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 41 റണ്‍സെടുത്ത ബവൂമയെ രവീന്ദ്ര ജഡേജ യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു. അധികെ വൈകാതെ അര്‍ധസെഞ്ചുറിക്ക് ഒരു റണ്‍ മാത്രം ദൂരമുള്ളപ്പോള്‍ സ്റ്റബ്സും പുറത്തായി. വിയാന്‍ മുള്‍ഡറും ഒന്നാം ദിനം അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ടോണി ഡി സോര്‍സിയുടെ (28) വിക്കറ്റ് നഷ്ടമായി. 13 റണ്‍സെടുത്ത മള്‍ഡറെ കുല്‍ദീപ് യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു.
ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 30 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ഈ മത്സരത്തില്‍ ഇന്ത്യക്ക് വിജയിക്കാനായാല്‍ മാത്രമേ പരമ്പര സമനിലയാക്കാനാകു. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യയുടെ 38-ാമത് ടെസ്റ്റ് ക്യാപ്റ്റനായി പന്ത് മാറി. സായ് സുദര്‍ശന്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെത്തി. അക്‌സര്‍ പട്ടേലിന് പകരം ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ടീമിലുള്‍പ്പെടുത്തി.
ഇന്ത്യന്‍ ടീം: കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറേല്‍, ഋഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഢി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ദക്ഷിണാഫ്രിക്കന്‍ സ്‌ക്വാഡ്: എയ്ഡന്‍ മാര്‍ക്രം, റിയാന്‍ റിക്കില്‍ട്ടണ്‍, വിയാന്‍ മള്‍ഡര്‍, ടെംബ ബാവുമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കൈല്‍ വെരെയ്‌നെ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ ജാന്‍സന്‍, സെനുരാന്‍ മുത്തുസാമി, സൈമണ്‍ ഹാര്‍മര്‍, കേശവ് മഹാരാജ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.