7 July 2024, Sunday
KSFE Galaxy Chits

ഗ്രികർ മെൻഡല്‍ @ 200

വലിയശാല രാജു
December 25, 2022 7:30 am

ജീവിച്ചിരിക്കെ താൻ ജീവശാസ്ത്രത്തിന് നൽകിയ സംഭാവനകളെക്കുറിച്ചൊന്നും അറിയാതെ ഓർമ്മയായ സന്ന്യാസിവര്യനാണ് ഗ്രികർ ജോഹാൻ മെൻഡൽ (1822–1884). യഥാർത്ഥ പേര് ജോഹാൻ മെൻഡൽ എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുരോഹിതൻ ആയ ശേഷമാണ് ഗ്രികർ എന്ന പേര് സ്വികരിച്ചത്. ഓസ്ട്രിയൻ സാമ്രാജ്യത്തിന്റ ഭാഗമായിരുന്ന സിലേഷ്യയിൽ ആന്റൽ മെൻണ്ടലിന്റെയും റോസീൻ മെൻഡലിന്റെയും രണ്ടാമത്തെ മകനായാണ് ജനിക്കുന്നത്. ആകെ മൂന്ന് പേരായിരുന്നു. മറ്റ് രണ്ട് പേർ പെൺകുട്ടികളാണ്. ഏക മകനെ പുരോഹിതനാക്കാൻ മാതാപിതാക്കൾ തീരുമാനിച്ചു. 1843ൽ തന്റെ 21 മത്തെ വയസിൽ വിശുദ്ധ തോമസിന്റെ അഗസ്തിനിയൻ സഭ ആശ്രമത്തിൽ ചേർന്നു. ഇദ്ദേഹത്തിന്റെ അന്വഷണ ബുദ്ധിയിൽ താൽപ്പര്യം തോന്നിയ ആശ്രമത്തിലെ മേലധികാരി സി എഫ് നാപ്പ് മുൻകയ്യെടുത്ത് മെൻഡലിനെ അക്കാലത്തെ പ്രസക്തമായ വിയന്ന യൂണിവേഴ്സിറ്റിലേക്ക് ശാസ്ത്ര പഠനത്തിനയച്ചു. 1851ലായിരുന്നു അത്. അവിടത്തെ മെൻഡലിന്റെ ശാസ്ത്ര അധ്യാപകൻ ലോക പ്രസിദ്ധ ശാസ്ത്രജ്ഞൻ ഡോപ്ലർ ആയിരുന്നു. ഇദ്ദേഹമാണ് ഡോപ്ലർ എഫക്ട് പ്രതിഭാസം കണ്ടെത്തിയത്. രണ്ട് വർഷത്തിന് ശേഷം അധ്യാപകനായി തിരിച്ചെത്തിയ മെൻഡൽ ഫിസിക്സ് അധ്യാപകനായി. ഇയവസരത്തിൽ ആശ്രമത്തിലെ കൃഷിത്തോട്ടത്തിലും ഉദ്യാനത്തിലും സസ്യജാതികളിലെ സ്വഭാവ വ്യത്യാനങ്ങളെക്കുറിച്ചുള്ള പഠനം മെൻഡൽ ആരംഭിച്ചു. ഇതിന് മെൻഡലിനു പ്രചോദനമായത് ആശ്രമത്തിലെ സഹപ്രവർത്തകരും താൻ പഠിച്ച സർവ്വകലാശാലയിലെ അധ്യാപകരുമായിരുന്നു.

രണ്ട് ഹെക്റ്ററോളം വരുന്ന ആശ്രമത്തിലെ ഗവേഷണ ഉദ്യാനമാണ് ശരിക്കും നിരീക്ഷണങ്ങൾക്ക് വേദിയായത്. 29000 ത്തോളം പയർചെടികൾ അദ്ദേഹം വളർത്തി പരീക്ഷിച്ചു. മെൻഡലിന്റെ പാരമ്പര്യശാസ്ത്രത്തിന്റ അടിസ്ഥാനമായി മാറിയ നിയമങ്ങൾ രൂപപ്പെട്ടത് ഇക്കാലത്താണ്. 1865ൽ അദ്ദേഹം ഈ പയർ ചെടികളിൽ നടത്തിയ ഗവേഷണമാണ് ജനിതകശാസ്ത്രം അഥവാ പാരമ്പര്യ ശാസ്ത്രത്തിന്റ തുടക്കമായി മാറിയത്. സസ്യങ്ങളിൽ പാരമ്പര്യ സ്വഭാവങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത് പ്രത്യേക സ്വതന്ത്ര ഘടകങ്ങൾ ആയിട്ടാണെന്നും എത്ര തലമുറ കഴിഞ്ഞാലും അവ മാറ്റമില്ലാതെ നിൽക്കുമെന്നും മെൻഡൽ കണ്ടെത്തി. മെൻഡലിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ പൊതുവെ തിരസ്കരിക്കപ്പെടുകയാണുണ്ടായത്.

മെൻഡൽ മരിച്ച് രണ്ട് പതിറ്റാണ്ടിന് ശേഷം ഇരുപതാം നൂറ്റാണ്ടിന്റ തുടക്കത്തിലാണ് ഈ മഹാശാസ്ത്രജ്ഞന്റെ പ്രാധാന്യം തിരിച്ചറിയപ്പെട്ടത്. ഒരു തലമുറയിൽ പ്രത്യക്ഷപ്പെട്ട് അടുത്തതിൽ മറഞ്ഞിരുന്ന് അതിനടുത്തതിൽ വീണ്ടും പ്രത്യക്ഷപ്പെടുന്ന സ്വഭാവങ്ങളുടെ തുടർച്ചാ രഹിതമായ പിന്തുടർച്ചയെ (Dis­con­tin­u­ous inher­i­tance )വിശദീകരിക്കാൻ വേണ്ടി നടത്തിയ ഗവേഷണങ്ങൾ 1900 ഓടെ ഹ്യൂഗോ ഡീവൃസിനേയും കാൾ കോറൻസിനേയും മെൻഡൽ കണ്ടെത്തിയ പാരമ്പര്യ നിയമങ്ങളിലേക്കാണ് എത്തിച്ചത്. ആധുനിക ജൈവശാസ്ത്രത്തിന് ഇത് മനസിലാക്കാൻ കഴിഞ്ഞത് അതോടെയാണ്. പുതിയ ഗവേഷണങ്ങളിൽ മെൻണ്ടലിന്റ കണ്ടെത്തലുകൾ ആവർത്തിക്കപ്പെട്ടത്തോടെ പാരമ്പര്യബന്ധങ്ങൾ സ്ഥിരീകരിക്കപ്പെട്ടു. പാരമ്പര്യത്തിലെ പല പ്രതിഭാസങ്ങളുടെയും വിശദീകരണത്തിന് അത് മതിയായിരുന്നില്ലെങ്കിലും അതൊരു നാഴികക്കല്ലായിരുന്നു. അത് തന്നെയാണ് മെൻഡൽ നിയമങ്ങളുടെ ശാസ്ത്ര സമ്മതിക്ക് മുഖ്യകാരണവും. 1884 ജനുവരി ആറിന് കടുത്ത നെഫ്രെറ്റിസ് രോഗം ബാധിച്ച മെൻഡൽ തന്റെ ആശ്രമത്തിൽ 61 മത്തെ വയസിൽ മരിച്ചു. ഒരു പാതിരി എന്ന നിലയിലും സന്യാസ സഭയുടെ അധിപതി എന്ന നിലയിലും ഒരുപാട് വിലക്കുകളും പരിമിതികളും ഗ്രികർ മെൻഡലിന്റെ ഗവേഷണങ്ങളെ ബാധിച്ചിരുന്നു. അത്കൊണ്ട് തന്നെയാവണം അക്കാലത് ശാസ്ത്ര ലോകത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.