9 December 2025, Tuesday

Related news

December 7, 2025
December 5, 2025
December 5, 2025
December 3, 2025
November 29, 2025
November 21, 2025
November 21, 2025
November 18, 2025
November 17, 2025
November 15, 2025

ഗ്രെറ്റ തൂൻബെർഗിനെ ഇസ്രയേൽ പതാക ചുംബിക്കാൻ നിർബന്ധിച്ചു; ഇസ്രായേലിനെതിരെ ഗുരുകര ആരോപണങ്ങളുമായി ആക്ടിവിസ്റ്റുകൾ രംഗത്ത്

Janayugom Webdesk
ജെറുസലേം
October 5, 2025 4:18 pm

ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗാസയിലെ ജനങ്ങൾക്കുള്ള സഹായവുമായി എത്തിയ ‘ഫ്ലോട്ടില’ തടഞ്ഞ ഇസ്രായേൽ നടപടിക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ. ഇസ്രായേൽ സേന ഫ്ലോട്ടിലയിലുണ്ടായിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൂൻബെർഗിനെ ക്രൂരമായി ഉപദ്രവിച്ചെന്ന് ഒപ്പമുണ്ടായിരുന്ന മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. ഇസ്രായേലിൽ നിന്ന് പുറത്താക്കപ്പെട്ട 137 ആക്ടിവിസ്റ്റുകളാണ് ഇസ്താംബൂളിലെത്തി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. 36 തുർക്കി പൗരന്മാർക്ക് പുറമെ യുഎസ്, യുഎഇ, അൾജീരിയ, മൊറോക്കോ, ഇറ്റലി, കുവൈറ്റ്, ലിബിയ, മലേഷ്യ, മൗറിറ്റാനിയ, സ്വിറ്റ്സർലൻഡ്, ടുണീഷ്യ, ജോർദാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും സംഘത്തിലുണ്ടായിരുന്നു.

ഗ്രെറ്റ തൂൻബെർഗിനെ ഇസ്രായേൽ സേന നിലത്തുകൂടി വലിച്ചിഴയ്ക്കുകയും ഇസ്രായേൽ പതാകയിൽ ചുംബിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി തുർക്കിഷ് പത്രപ്രവർത്തകനായ എർസിൻ സെലിക് വെളിപ്പെടുത്തി. “അവർ ഗ്രെറ്റയെ ഒരു പ്രചാരണ ആയുധമായി ഉപയോഗിച്ചു. വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ‑ഗ്വിർ മുറിയിലേക്ക് വന്നപ്പോൾ അവളെ തള്ളി മാറ്റുകയും അപമാനിക്കുകയും ചെയ്തു,” അമേരിക്കൻ ആക്ടിവിസ്റ്റ് വിൻഡ്ഫീൽഡ് ബീവർ പറഞ്ഞു. ഇറ്റാലിയൻ പത്രപ്രവർത്തകൻ ലോറെൻസോ അഗോസ്റ്റിനോയും ഗ്രെറ്റയോടുള്ള പെരുമാറ്റം ചൂണ്ടിക്കാട്ടി. “ധീരയായ ഗ്രെറ്റ തൂൻബെർഗിന് 22 വയസ്സു മാത്രമാണ് പ്രായം. അവർ അവളെ അപമാനിച്ച് ഇസ്രായേലി പതാകയിൽ പൊതിഞ്ഞ് ഒരു ട്രോഫി പോലെ പ്രദർശിപ്പിച്ചു,” അദ്ദേഹം പറഞ്ഞു.

ഫ്ലോട്ടിലയിലെ ആക്ടിവിസ്റ്റുകളോട് ഇസ്രായേൽ സൈന്യം മനുഷ്യത്വരഹിതമായി പെരുമാറിയെന്നും ആരോപണമുയരുന്നുണ്ട്. ഭക്ഷണവും ശുദ്ധജലവും മരുന്നുകളും നിഷേധിക്കപ്പെട്ടു. തുർക്കിഷ് ടിവി അവതാരകൻ ഇഖ്ബാൽ ഗുർപിനാർ, “അവർ ഞങ്ങളെ നായകളെപ്പോലെയാണ് കണ്ടത്. മൂന്നു ദിവസം ഭക്ഷണം തന്നില്ല, കക്കൂസിൽ നിന്നുള്ള വെള്ളം കുടിക്കേണ്ടി വന്നു. ഗാസയിലെ ആളുകൾ അനുഭവിക്കുന്നത് എന്താണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലാകുന്നു,” എന്ന് പറഞ്ഞു. തുർക്കിഷ് ആക്ടിവിസ്റ്റ് ആയിസിൻ കാന്റോഗ്ലുവിന് രക്തക്കറ പുരണ്ട ജയിൽ ചുവരുകളും മുൻ തടവുകാർ എഴുതിയ സന്ദേശങ്ങളും കാണാൻ കഴിഞ്ഞു.

ഇസ്രായേലിലെ മനുഷ്യാവകാശ സംഘടനയായ അദാലാഹ്, തടവുകാരെ മുട്ടുകുത്തിച്ച് മണിക്കൂറുകളോളം ഇരുത്തിയെന്നും അഭിഭാഷകരുമായി സംസാരിക്കാൻ അനുവദിച്ചില്ലെന്നും ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പൂർണ്ണമായും നിഷേധിച്ചു. “അദാലാഹിന്റെ ആരോപണങ്ങൾ തീർത്തും കളവാണ്. എല്ലാ തടവുകാർക്കും ഭക്ഷണവും വെള്ളവും ലഭിച്ചു. നിയമപരമായ അവകാശങ്ങൾ പൂർണ്ണമായി പാലിക്കപ്പെട്ടിട്ടുണ്ട്,” മന്ത്രാലയം വ്യക്തമാക്കി. ഗാസയിലെ 2.3 ദശലക്ഷം ജനങ്ങൾക്കുള്ള സഹായവുമായി പോയ 40 ബോട്ടുകൾ തടഞ്ഞ് 450ലധികം ആളുകളെ തടവിലാക്കിയ ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനം നേരിടുന്നുണ്ട്. ഇസ്രായേലിന്റെ ഉപരോധം നിയമവിരുദ്ധമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.