21 January 2026, Wednesday

Related news

January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്നു

അനിൽകുമാർ ഒഞ്ചിയം
കോഴിക്കോട്
December 21, 2024 10:00 pm

കലങ്ങിമറിയുന്ന കോൺഗ്രസ് രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ലക്ഷ്യമിട്ടുള്ള പോരും മുറുകി. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയാൽ മുഖ്യമന്ത്രിയാകുക എന്ന ലക്ഷ്യവുമായി അര ഡസനോളം നേതാക്കളാണ് രംഗത്തുള്ളത്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, മുൻ കെപിസിസി അധ്യക്ഷനും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ കെപിസിസി അധ്യക്ഷൻ കെ മുരളീധരൻ, എഐസിസി വർക്കിങ് കമ്മിറ്റി അംഗം ശശി തരൂർ, മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരാണ് മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചത്. 

സമുദായ നേതാക്കളുടെ പിന്തുണ ആർജിച്ച് പാർട്ടിയിൽ വിലപേശൽ നടത്തുക എന്ന തന്ത്രവുമായി രമേശ് ചെന്നിത്തലയും വി ഡി സതീശനും ഇതിനകം നീക്കങ്ങൾ ശക്തമാക്കി. എൻഎസ്എസ് നേതൃത്വവുമായി അകൽച്ചയിലായിരുന്ന രമേശ് ചെന്നിത്തല പിണക്കങ്ങൾ മറന്ന് വീണ്ടും സജീവമാവുകയാണ്. സംഘടനയ്ക്കുവേണ്ടി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ നേരിട്ടാണ് ചെന്നിത്തലയ്ക്കായി രംഗത്തെത്തിയിട്ടുള്ളത്. ഇതോടെയാണ് എൻഎസ്എസിന്റെ മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുക്കാൻ രമേശ് ചെന്നിത്തലയ്ക്ക് ക്ഷണം ലഭിച്ചത്. 

ഉമ്മൻ ചാണ്ടി ഭരണകാലത്ത് ഭൂരിപക്ഷ സമുദായ പ്രതിനിധിയെ മന്ത്രിസഭയിൽ താക്കോൽസ്ഥാനത്ത് അവരോധിക്കണമെന്ന് പ്രസംഗിച്ച് സുകുമാരൻ നായർ രംഗത്തുവന്നപ്പോൾ അപകടം മണത്ത രമേശ് ചെന്നിത്തല താൻ ഒരു സമുദായത്തിന്റെയും പ്രതിനിധിയല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് ചെന്നിത്തലയും എൻഎസ്എസും തമ്മിൽ അകന്നത്. ആ പിണക്കങ്ങളെല്ലാം പറഞ്ഞൊതുക്കിയാണ് ചെന്നിത്തല മുഖ്യമന്ത്രി പദത്തിനായുള്ള ചരടുവലികൾ ശക്തമാക്കിയത്. ഇപ്പോൾ എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും ചെന്നിത്തലയ്ക്കായി വാദിച്ച് രംഗത്തെത്തിയിട്ടുണ്ട്. രണ്ട് പ്രബല സമുദായങ്ങളുടെ പിന്തുണ തനിക്കുണ്ടെന്ന് പ്രഖ്യാപിച്ചാണ് ചെന്നിത്തലയുടെ പടപ്പുറപ്പാട്. 

കെപിസിസി അധ്യക്ഷനെ നോക്കുകുത്തിയാക്കി കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ ഹൈജാക്ക് ചെയ്ത വി ഡി സതീശനും സമുദായങ്ങളുടെ പിന്തുണയ്ക്കായി നെട്ടോട്ടത്തിലാണ്. എല്ലാ മത സംഘടനകളുടെയും വേദികളിൽ സതീശൻ നിറയുകയാണ്. സഭാവ്യത്യാസമില്ലാതെ ക്രിസ്ത്യൻ സമൂഹങ്ങളുടെ വേദികളിൽ ദിനംപ്രതി സതീശൻ സജീവമാണ്. ഒപ്പം എൻഎസ്എസ്, എസ്‍എൻഡിപി സംഘടനകളുടെ പിറകേയും സതീശനുണ്ട്. പ്രായാധിക്യവും അനാരോഗ്യവും ചൂണ്ടിക്കാട്ടിയാണ് കെപിസിസി അധ്യക്ഷനെ തഴയാൻ നീക്കം നടത്തുന്നത്. കെ മുരളീധരന് തെരഞ്ഞെടുപ്പ് പരാജയമാണ് വിനയായിട്ടുള്ളത്. നേതൃത്വത്തെ നിരന്തരം വിമർശിക്കുന്നതും ഒരുവിഭാഗം അദ്ദേഹത്തിനെതിരെ ആയുധമാക്കുന്നു. ദേശീയ നേതൃത്വത്തിന് മുരളീധരൻ അഭിമതനല്ലെന്ന് വരുത്താനും ശ്രമമുണ്ട്. പ്രായാധിക്യം തന്നെയാണ് തിരുവഞ്ചൂരിന്റെ കാര്യത്തിലും ചൂണ്ടിക്കാണിക്കുന്നത്. 

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചുവെന്നതാണ് ശശിതരൂരിനെതിരെയുള്ള ആയുധം. ഒപ്പം ഒറ്റയാൻ പ്രവർത്തനം നടത്തുന്നയാൾ എന്ന ആരോപണവും ഉയർത്തുന്നുണ്ട്. എന്നാൽ മുസ്ലിംലീഗ് നേതൃത്വം ശശി തരൂരിനെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടണം എന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്. അവരെ പിന്തിരിപ്പിച്ച് പിന്തുണ ആർജ്ജിക്കുന്നതിനും വി ഡി സതീശൻ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവർക്കു പുറമെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെത്തന്നെ കേരള രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്നും ഒരുവിഭാഗം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ദേശീയ നേതൃത്വത്തിന് ഇതിനോട് യോജിപ്പില്ല. കേരളത്തിൽ രമേശ് ചെന്നിത്തല‑വി ഡി സതീശൻ പോര് രൂക്ഷമാകുകയാണെങ്കിൽ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാൻ നേതൃത്വം തയ്യാറായേക്കുമെന്ന ആശങ്കയും ചെന്നിത്തല-സതീശൻ പക്ഷങ്ങൾക്കുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.