
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് ബദലായി ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയായ എക്‌സ് എഐ ‘ഗ്രോക്കിപീഡിയയുടെ’ ആദ്യ വേർഷൻ പുറത്തിറക്കി. ഗ്രോക്കിപീഡിയ 0.1 ലോഞ്ച് ചെയ്ത വിവരം മസ്‌ക് തൻ്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് പ്രഖ്യാപിച്ചത്. വിക്കിപീഡിയയേക്കാൾ 10 മടങ്ങ് മികച്ചതായിരിക്കും ഗ്രോക്കിപീഡിയ എന്ന് മസ്‌ക് അവകാശപ്പെട്ടു.
പൂർണമായും എഐ അധിഷ്ഠിതമായ ഈ വിജ്ഞാന പ്ലാറ്റ്‌ഫോം, ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകളിൽ നിന്നും ഗ്രോക്കിപീഡിയ ഡോട് കോം വഴിയും ആക്‌സസ് ചെയ്യാം. എക്‌സ്എഐ വികസിപ്പിച്ച എഐ ചാറ്റ്‌ബോട്ടായ ഗ്രോക്കിനെ പ്രയോജനപ്പെടുത്താനുള്ള അടുത്ത നീക്കമായാണ് ഗ്രോക്കിപീഡിയയെ വിലയിരുത്തുന്നത്.
യഥാർത്ഥ വിവരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും പക്ഷപാതരഹിതവും അജണ്ടകളില്ലാത്തതുമായ ഒരു ഓൺലൈൻ വിജ്ഞാനകോശം സ്ഥാപിക്കുക എന്നതാണ് ഗ്രോക്കിപീഡിയയുടെ പ്രധാന ലക്ഷ്യം എന്നാണ് മസ്‌കിൻ്റെ വാദം. എക്‌സ്എഐയുടെ ചാറ്റ്‌ബോട്ടായ ഗ്രോക്കിൽ നിന്നും വിക്കിപീഡിയയിൽ നിന്നുമുള്ള ഉള്ളടക്കം ഉൾപ്പെടെ വലിയ അളവിലുള്ള ഡാറ്റകൾ ഉപയോഗപ്പെടുത്തിയാണ് കമ്പനി ഗ്രോക്കിപീഡിയ വികസിപ്പിക്കുന്നത്. നിലവിൽ 9 ലക്ഷത്തിനടുത്ത് ലേഖനങ്ങളാണ് v0.1‑ൽ ലഭ്യമായിട്ടുള്ളത്. ലോകത്ത് ഏറ്റവും പ്രചാരമുള്ള ഓൺ ലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ നിരന്തര വിമർശകനാണ് ഇലോൺ മസ്‌ക്. വിക്കിപീഡിയയ്ക്ക് ഇടതുപക്ഷ ലിബറൽ പക്ഷപാതമുണ്ടെന്ന് അദ്ദേഹം മുമ്പ് ആരോപിച്ചിരുന്നു. അതേസമയം, ഇലോൺ മസ്‌ക് അവതരിപ്പിച്ചതിന് പിന്നാലെ ഗ്രോക്കിപീഡിയ ഇൻ്റർനെറ്റിൽ ലഭ്യമല്ലാതായി. ഉയർന്ന ഇൻ്റർനെറ്റ് ട്രാഫിക്കാണ് വെബ്‌സൈറ്റ് തകരാൻ കാരണമായതെന്നാണ് റിപ്പോർട്ട്. എന്നാൽ, പിന്നീട് സൈറ്റ് പ്രവർത്തനക്ഷമമായി.
വിക്കിപീഡിയക്ക് ബദലെന്ന് അവകാശപ്പെട്ട് എത്തിയ ഗ്രോക്കിപീഡിയയിലെ പല ലേഖനങ്ങളും വിക്കിപീഡിയക്ക് സമാനമാണ് എന്ന ആക്ഷേപം ഇതിനകം ഉയർന്നു കഴിഞ്ഞു. കൂടാതെ, വിക്കിപീഡിയയ്ക്ക് ഇടതുപക്ഷ പക്ഷപാതിത്വമാണെന്ന് വിമർശിച്ചു തുടങ്ങിയ ഗ്രോക്കിപീഡിയ ഇപ്പോൾ വലതുപക്ഷ സ്വഭാവം കാട്ടുന്നുണ്ട് എന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ‘ജെൻഡർ’ പോലുള്ള വിഷയങ്ങളിൽ ഗ്രോക്കിപീഡിയ നൽകുന്ന ഉത്തരം ഈ വലതുപ്രീണനം വ്യക്തമാക്കുന്നതാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.