
രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഭീഷണിയായി എട്ട് പ്രധാന അടിസ്ഥാന സൗകര്യ മേഖലകളുടെ വളര്‍ച്ച കുത്തനെ ഇടിഞ്ഞു. സെപ്റ്റംബറില്‍ മൂന്ന് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റില്‍ 6.5% വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു, മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്കാണ് സെപ്റ്റംബറില്‍ വളര്‍ച്ച കൂപ്പുകുത്തിയത്.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് റിഫൈനറി ഉല്പന്നങ്ങള്‍, പ്രകൃതിവാതകം, അസംസ്കൃത എണ്ണ ഉല്പാദനം ഗണ്യമായി കുറഞ്ഞതാണ് അടിസ്ഥാന മേഖലകളെ പിന്നോട്ടടിച്ചത്. സ്റ്റീല്‍, സിമന്റ് എന്നീ മേഖലകളില്‍ വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും ഊര്‍ജോല്പാദനത്തിലെ തിരിച്ചടി പ്രതികൂലമായി ബാധിച്ചു.
കൽക്കരി, അസംസ്കൃത എണ്ണ, പ്രകൃതിവാതകം, റിഫൈനറി ഉല്പന്നങ്ങൾ, വളം, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നീ എട്ട് പ്രധാന വ്യവസായങ്ങൾ ചേർന്ന ഇന്‍ഡക്സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ (ഐഐപി) ഇന്ത്യയുടെ മൊത്തത്തിലുള്ള വ്യാവസായിക ഉല്പാദനത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു.
ഊർജ മേഖലകൾ നെഗറ്റീവ് വളർച്ചാ നിരക്ക് രേഖപ്പെടുത്തിയപ്പോള്‍ അടിസ്ഥാന സൗകര്യ അധിഷ്ഠിത വ്യവസായങ്ങൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. നാല് ഊർജ മേഖലകളും ഉല്പാദനത്തിൽ ഇടിവ് രേഖപ്പെടുത്തി. ഊര്‍ജ മേഖലയില്‍ നിലനില്‍ക്കുന്ന തടസങ്ങള്‍ കാരണം റിഫൈനറി ഉല്പാദനത്തിലെ വളര്‍ച്ച 3.7 ശതമാനത്തിലേക്ക് വീണു.
പ്രകൃതി വാതകം, അസംസ്കൃത എണ്ണ ഉല്പാദനം എന്നിവ യഥാക്രമം 3.8ലേക്കും 1.3 ലേക്കും ഇടിഞ്ഞു. പ്രകൃതി വാതക ഉല്പാദനം ഓഗസ്റ്റിനെ അപേക്ഷിച്ച് 2.2% കുറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് 3.8% കുറവും രേഖപ്പെടുത്തി. തുടർച്ചയായ 15-ാം മാസമാണ് പ്രകൃതിവാതക ഉല്പാദനം നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തുന്നത്. ഓഗസ്റ്റില്‍ 11.4% വളര്‍ച്ച നേടിയ കല്‍ക്കരി ഉല്പാദനം സെപ്റ്റംബറില്‍ 1.2ലേക്ക് പതിച്ചു.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മണ്‍സൂണ്‍ തടസങ്ങള്‍ എന്നിവയാണ് കല്‍ക്കരി ഉല്പാദനത്തെ ദോഷകരമായി ബാധിച്ചത്. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ പ്രധാന മേഖലകളുടെ വളർച്ച ശരാശരി 2.9% ആയി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 4.3 ശതമാനത്തിൽ നിന്നാണ് ഇടിഞ്ഞത്.
വ്യാവസായിക വളർച്ച നേരിയ തോതില്‍ തുടരുന്നുവെങ്കിലും ആഗോള ഡിമാൻഡിലുള്ള അനിശ്ചിതത്വവും മേഖലകളിലുടനീളമുള്ള അസമമായ വീണ്ടെടുക്കലും വളര്‍ച്ചയുടെ വേഗത കുറച്ചതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്നു. വളം, സിമന്റ് എന്നിവയുടെ ഉല്പാദന വളര്‍ച്ചാ നിരക്ക് അവലോകന മാസത്തില്‍ 1.6 ശതമാനവും 5.3 ശതമാനവുമായി കുറഞ്ഞു. 2024 സെപ്റ്റംബറില്‍ യഥാക്രമം 1.9 ശതമാനവും 7.6 ശതമാനവും ആയിരുന്നു ഈ രംഗത്തെ വളര്‍ച്ചാ നിരക്ക്. വൈദ്യുതി ഉല്പാദനത്തില്‍ 2.1% വളര്‍ച്ച നേടിയെങ്കിലും ഓഗസ്റ്റില്‍ കൈവരിച്ച 4.1 ശതമാനത്തെക്കാള്‍ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.