5 December 2025, Friday

Related news

November 23, 2025
November 14, 2025
November 11, 2025
November 2, 2025
October 28, 2025
October 25, 2025
October 18, 2025
October 17, 2025
October 12, 2025
October 2, 2025

ജിഎസ്ടി 2.0 ഇന്ന് മുതല്‍; വിദ്യാഭ്യാസ ചെലവ് വര്‍ധിക്കും

ബാഗ്, പേന, പുസ്തകങ്ങള്‍ വില കൂടും 
നിത്യോപയോഗ സാധനങ്ങള്‍ക്ക് കുറയുമെന്ന് കേന്ദ്രം
Janayugom Webdesk
ന്യൂഡല്‍ഹി
September 22, 2025 7:49 am

ഇന്നു മുതല്‍ ജിഎസ്ടി 2.0 പ്രാബല്യത്തിൽ. നിലവില്‍ നാല് സ്ലാബുകളായുള്ള നികുതി രണ്ട് സ്ലാബുകളിലേക്ക് മാറുന്നതാണ് പ്രത്യേകത. അഞ്ച്, 12, 18, 28% ആയിരുന്നു നേരത്തെയുണ്ടായിരുന്നത്. ഇത് അഞ്ച്, 18 എന്നിങ്ങനെ രണ്ടായി ചുരുങ്ങും.
നിലവിൽ 12% ജിഎസ്ടി സ്ലാബിന് കീഴിലുള്ള ഏകദേശം 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനത്തിലേക്ക് മാറും. 28% സ്ലാബിന് കീഴിലുള്ള 90 ശതമാനം ഇനങ്ങളും 18 ശതമാനത്തിലേക്ക് കുറയ്ക്കുന്നതിനും കാരണമാകും. ഇതോടെ ഏകദേശം 375 ഓളം സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറയുമെന്നാണ് കണക്കുകൂട്ടല്‍. പുകയില, പുകയില ഉല്പന്നങ്ങള്‍, മധുരപാനീയങ്ങള്‍, പഞ്ചസാര, വാതുവയ്പ് (ലോട്ടറി, കാസിനോ, ഓണ്‍ലൈന്‍ ഗെയ്മിങ്), 1500 സിസിക്ക് മുകളിലുള്ള ആഡംബര വാഹനങ്ങള്‍, സംസ്കരിച്ച ഭക്ഷണപഥാര്‍ത്ഥങ്ങള്‍ തുടങ്ങിയ ആഡംബര വസ്തുക്കൾക്ക് 40 ശതമാനം നികുതി ചുമത്തും.
നെയ്യ്, പനീർ, വെണ്ണ, കെച്ചപ്പ്, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീമുകൾ തുടങ്ങിയ ഉപഭോഗ വസ്തുക്കളുടെയും ടിവി, എസി, സ്കൂട്ടര്‍ തുടങ്ങിയ ഉല്പന്നങ്ങളുടെയും വില കുറയും. മരുന്നുകളും ഉപകരണങ്ങളും, വാഹനങ്ങള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നിവയുടെ വിലയും കുറയും. ജിഎസ്ടി യുക്തിസഹമാക്കല്‍ കണക്കിലെടുത്ത് വിവിധ എഫ്എംസിജി കമ്പനികൾ ഇതിനകം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഓട്ടോമൊബൈൽ ഉപഭോക്താക്കളാണ്. അവിടെ നികുതി നിരക്കുകൾ യഥാക്രമം 18 ശതമാനമായും വലിയ കാറുകൾക്കു 28 ശതമാനമായും കുറച്ചു. മാരുതി, ടാറ്റ, ഹ്യുണ്ടായ്, കിയ, സ്കോഡ തുടങ്ങി നിരവധി കാർ കമ്പനികൾ ഇതിനകം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
മരുന്നുകൾക്കും ഫോർമുലേഷനുകൾക്കും ഗ്ലൂക്കോമീറ്ററുകൾ, ഡയഗണിസ്റ്റിക് കിറ്റുകൾ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾക്കും ജിഎസ്ടി അഞ്ച് ശതമാനമായി കുറച്ചതോടെ ഇവയുടെ വില കുറയേണ്ടതാണ്. കൂടാതെ സിമന്റിന്റെ ജിഎസ്ടി 28 ൽ നിന്ന് 18 ശതമാനമായി കുറച്ചതിനാൽ നിര്‍മ്മാണമേഖലയ്ക്കും നേട്ടമുണ്ടാകും. ജിഎസ്ടി ഇളവ് ആനുകൂല്യങ്ങൾ കണക്കിലെടുത്ത് മരുന്നുകളുടെ എംആർപി പരിഷ്കരിക്കാനോ കുറഞ്ഞ നിരക്കിൽ മരുന്നുകൾ വിൽക്കാനോ സർക്കാർ ഇതിനകം നിർദേശിച്ചിട്ടുണ്ട്.
അതേസമയം ജിഎസ്ടി പരിഷ്കരണം പഠനച്ചെലവേറുന്നതിനിടയാക്കും. അച്ചടിച്ച പുസ്തകങ്ങള്‍, സ്കൂള്‍ ബാഗുകള്‍, പേനകള്‍ അടക്കം ഉല്പന്നങ്ങളുടെ നികുതി നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരും. മുമ്പ് വ്യത്യസ്ത നിരക്കുകളില്‍ നികുതി ചുമത്തിയിരുന്ന ബോള്‍പോയിന്റ് പേനകള്‍, ഫൗണ്ടന്‍ പേനകള്‍, മാര്‍ക്കറുകള്‍, മറ്റ് എഴുത്ത് ഉപകരണങ്ങള്‍ എന്നിവയ്ക്ക് നിലവില്‍ 18% നികുതിയാണുള്ളത്. അച്ചടിച്ച പുസ്തകങ്ങളില്‍ ഉപയോഗിക്കുന്ന പേപ്പറുകള്‍ക്ക് 18% നിരക്ക് ഏര്‍പ്പെടുത്തി. ഇതോടെ പുസ്തകവില ഉയരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.