
ജിഎസ്ടി നിരക്ക് പരിഷ്കരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുന്‍ കേന്ദ്രമന്ത്രിയും , കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം.ജിഎസ്ടി സ്ലാബുകളും നിരക്കുകളും കുറയ്ക്കാന്‍ എട്ടുവര്‍ഷം വേണ്ടിവന്നുവെന്നത് വളരെ വലിയ കാലയളവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചതിന്റെ പിന്നിലെ ഉദ്ദേശ്യത്തെയും ചിദംബരം ചോദ്യം ചെയ്തു. ബിഹാര്‍ തിരഞ്ഞെടുപ്പും യുഎസുമായുള്ള തീരുവ പ്രശ്‌നവുമാണ് ഇപ്പോഴത്തെ മനംമാറ്റത്തിന് പിന്നിലെന്നാണ് ചിദംബരം ആരോപിക്കുന്നത്. എക്‌സ് പോസ്റ്റിലാണ് ചിദംബരം കേന്ദ്രത്തിനെതിരെ വിമര്‍ശനങ്ങളുന്നയിച്ചത്.
ജിഎസ്ടി യുക്തിസഹമാക്കിയതും വിവിധ സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്കുകള്‍ കുറച്ചതും സ്വാഗതാര്‍ഹമാണ്, പക്ഷേ, എട്ടു വര്‍ഷം വളരെ വൈകി. ജിഎസ്ടിയുടെ നിലവിലെ ഘടനയും ഇന്നുവരെ നിലവിലുള്ള നിരക്കുകളും ആദ്യം തന്നെ അവതരിപ്പിക്കേണ്ടിയിരുന്നില്ല. കഴിഞ്ഞ എട്ടുവര്‍ഷമായി ജിഎസ്ടിയുടെ ഘടനയ്ക്കും നിരക്കുകള്‍ക്കുമെതിരെ ഞങ്ങള്‍ ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നു, ഞങ്ങളുടെ അപേക്ഷകള്‍ ബധിരകര്‍ണങ്ങളിലാണ് പതിച്ചത് ചിദംബരം പറയുന്നു. ഈ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച കാരണങ്ങള്‍ എന്തൊക്കെയാണെന്നും അദ്ദേം ചോദിക്കുന്നു.
ഗാര്‍ഹിക കടം വര്‍ധിക്കുന്നത്, കുടുംബങ്ങളുടെ നിക്ഷേപം കുറയുന്നത്, ബിഹാറിലെ തിരഞ്ഞെടുപ്പ്, ട്രംപുമായുള്ള നികുതി യുദ്ധം അതുമല്ലെങ്കില്‍ ഇതെല്ലാം ഒരുമിച്ച് തുടങ്ങിയ കാരണങ്ങളാണ് ചിദംബരം മുന്നോട്ടുവയ്ക്കുന്നത്. പുതിയ ജിഎസ്ടി പരിഷ്‌കരണം സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ച്, 18, 40 എന്നിങ്ങനെ മൂന്ന് സ്ലാബുകളാണ് പുതിയ ജിഎസ്ടി ഘടനയിലുള്ളത്. ആഡംബര വസ്തുക്കള്‍, ആഡംബര വാഹനങ്ങള്‍, പുകയില ഉത്പന്നങ്ങള്‍, ലോട്ടറി തുടങ്ങിയവയാണ് 40 ശതമാനത്തില്‍ വരിക. മിക്ക ഉത്പന്നങ്ങളും അഞ്ച്, 18 ശതമാനം നികുതികള്‍ക്ക് കീഴിലേക്കു മാറി. ചിലതിന് നികുതി പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.