23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 10, 2024
March 28, 2024
February 11, 2024
December 17, 2023
October 16, 2023
October 10, 2023
October 6, 2023
September 29, 2023
July 28, 2023

തൊഴിലുറപ്പ് വേതനംവര്‍ധന പേരിനുമാത്രം

Janayugom Webdesk
തിരുവനന്തപുരം
March 26, 2023 11:53 pm

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനത്തില്‍ ഈ വര്‍ഷവും കേന്ദ്രസര്‍ക്കാരിന്റെ അവഗണന. രണ്ട് മുതൽ 10 ശതമാനം വരെയുള്ള നാമമാത്രമായ വര്‍ധനയില്‍ ഒതുങ്ങി. ബജറ്റ് വിഹിതത്തിലും തൊഴില്‍ദിനങ്ങളിലും വെട്ടിക്കുറവ് വരുത്തി സാധാരണക്കാരെ ദ്രോഹിക്കുന്ന കേന്ദ്രസമീപനം തന്നെയാണ് കഴിഞ്ഞദിവസം കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലും വ്യക്തമാകുന്നതെന്ന് തൊഴിലാളി സംഘടനകള്‍ പറയുന്നു.
കേരളത്തിലെ തൊഴിലാളികളുടെ വേതനം 22 രൂപ വര്‍‌ധിപ്പിച്ച്‌ 333 രൂപയാക്കി. ഇത് സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ 311 രൂപയായിരുന്നു. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വേതനം ഹരിയാനയിലാണ്, 357 രൂപ. 354 രൂപ കൂലിയുള്ള സിക്കിമാണ് തൊട്ടുപിന്നില്‍. കേരളം മൂന്നാം സ്ഥാനത്താണ്, വിവിധ സംസ്ഥാനങ്ങളില്‍ ഏഴു രൂപ മുതൽ 26 രൂപ വരെയാണ് വേതന വർധന. രാജ്യത്തെ ശരാശരി വേതന വർധന 15 രൂപ മാത്രമാണ്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. 

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 700 രൂപയായി വർധിപ്പിക്കണമെന്നായിരുന്നു എന്‍ആര്‍ഇജി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) അടക്കമുള്ള വിവിധ സംഘടനകള്‍ ഉയര്‍ത്തിയിരുന്ന ആവശ്യം. കഴിഞ്ഞ ജനുവരി 20ന് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് തൊഴിലാളികളെ പങ്കെടുപ്പിച്ച് പാർലമെന്റിന് മുന്നിൽ ഫെഡറേഷൻ സമരം നടത്തിയിരുന്നു.
കഴിഞ്ഞ വർഷത്തെ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ വേതന വർധനവ് രേഖപ്പെടുത്തിയത്. 2022–23 ലെ 231 രൂപയിൽ നിന്ന് 255 രൂപയായി രാജസ്ഥാനിലെ വേതനം ഉയര്‍ന്നു. ബിഹാറും ഝാർഖണ്ഡും മുന്‍വർഷത്തെ അപേക്ഷിച്ച് എട്ട് ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഈ രണ്ട് സംസ്ഥാനങ്ങളിലെയും ദിവസ വേതനം 210 രൂപയായിരുന്നു. പരിഷ്കരണത്തോടെ വേതനം 228 രൂപയായി ഉയര്‍ന്നു.

221 രൂപ ലഭിക്കുന്ന ഛത്തീസ്ഗഡിലും മധ്യപ്രദേശിലുമാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ തൊഴിലുറപ്പ് പ്രതിദിന വേതനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17 ശതമാനം വർധന ഇരുസംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. 2022–23ൽ ഇരു സംസ്ഥാനങ്ങൾക്കും 204 രൂപയായിരുന്നു ദിവസ വേതനം. കർണാടക, ഗോവ, മേഘാലയ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കുറഞ്ഞ ശതമാനം വർധന രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവിലെ വേതന വർധന തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്നും ബജറ്റിൽ എന്ന പോലെ വേതന വർധനവിലും തൊഴിലാളി ദ്രോഹ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്‍(എഐടിയുസി) ജനറല്‍ സെക്രട്ടറി കെ അനിമോൻ പറഞ്ഞു. വേതനം 700 രൂപയായി വർധിപ്പിക്കുന്നതിനും സേവന വേതന വ്യവസ്ഥകൾ പരിഷ്കരിച്ച് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നതിനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.