
സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥി തൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്. അതിഥി പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ ഇന്ന് തുടക്കമാകും. അതിഥി തൊഴിലാളി രജിസ്ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. പോർട്ടലിൽ ഒരു അതിഥി തൊഴിലാളി പോലും രജിസ്റ്റർ ചെയ്യപ്പെടാതെ പോകരുത്.
ഇതിന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് നിര്‍ദേശമുണ്ട്. ആവശ്യമെങ്കിൽ മറ്റു വകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതൽ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തി രജിസ്ട്രേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും. അതിഥി തൊഴിലാളികൾ കൂട്ടമായെത്തുന്ന റെയിൽവേ സ്റ്റേഷനുകളിൽ രജിസ്ട്രേഷൻ ഹെല്‍പ്പ് ഡെസ്ക്കുകൾ സജ്ജമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെയുള്ള തൊഴിൽ വകുപ്പ് ഓഫിസുകളിലും വർക്ക് സൈറ്റുകളിലും ലേബർ ക്യാമ്പുകളിലും രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യമൊരുക്കി രജിസ്ട്രേഷൻ നടപടികൾ ഊർജിതമാക്കാനാണ് തീരുമാനം. അതിഥി തൊഴിലാളികൾക്കും, അവരുടെ കരാറുകാർ, തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം. athidhi.lc.kerala.gov.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. പോർട്ടലിൽ പ്രാദേശിക ഭാഷകളിൽ നിർദേശങ്ങൾ ലഭ്യമാണ്. നൽകിയ വ്യക്തിവിവരങ്ങൾ എൻറോളിങ് ഓഫിസർ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികൾ പൂർത്തിയാകും.
അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണവും സാമൂഹിക സുരക്ഷ ഉറപ്പാക്കലുമാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്. ആവാസ് ഇൻഷുറൻസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും അതിഥി പോർട്ടൽ രജിസ്ട്രേഷൻ വഴി ലഭിക്കുന്ന യുണീക് ഐഡി നിർബന്ധമാക്കും. കരാറുകാരും തൊഴിലുടമകളും തൊഴിലാളികളുടെ രജിസ്ട്രേഷൻ ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍ അറിയിച്ചു. അതിഥി തൊഴിലാളി രജിസ്ട്രേഷൻ കൂടുതൽ എളുപ്പമാക്കുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള അതിഥി മൊബൈൽ ആപ്പ് അന്തിമഘട്ടത്തിലാണ്. അത് പ്രാബല്യത്തിൽ വരുന്നതോടെ തൊഴിലാളികൾക്ക് പോർട്ടലിലോ ആപ്പിലോ പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കും.
English Summary: guest portal registration begins on monday
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.