22 January 2026, Thursday

Related news

January 11, 2026
January 10, 2026
December 11, 2025
November 8, 2025
November 5, 2025
November 2, 2025
October 10, 2025
August 29, 2025
August 19, 2025
July 24, 2025

രഞ്ജി ട്രോഫി സെമിയിൽ കേരളത്തിനെതിരെ ഗുജറാത്ത് ശക്തമായ നിലയിൽ

Janayugom Webdesk
അഹമ്മദാബാദ്
February 19, 2025 6:04 pm

രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തിനെതിരെ ഗുജറാത്ത് മികച്ച സ്കോറിലേക്ക്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഗുജറാത്ത് ഒരു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെന്ന നിലയിലാണ്. സെഞ്ച്വറിയുമായി പുറത്താകാതെ നില്ക്കുന്ന ഓപ്പണർ പ്രിയങ്ക് പഞ്ചലിൻ്റെ പ്രകടനമാണ് ഗുജറാത്തിന് കരുത്തായത്. 

നേരത്തെ കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 457 റൺസിന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് പ്രിയങ്ക് പഞ്ചലും ആദ്യ ദേശായിയും ചേർന്ന് തകർപ്പൻ തുടക്കമാണ് നല്കിയത്. ആര്യ ദേശായി ആക്രമിച്ച് മുന്നേറിയപ്പോൾ നിലയുറപ്പിച്ചുള്ള ഇന്നിങ്സായിരുന്നു പ്രിയങ്ക് പഞ്ചലിൻ്റേത്. 82 പന്തുകളിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ആര്യ ദേശായിയെ ബേസിൽ എൻ പിയാണ് പുറത്താക്കിയത്. 73 റൺസെടുത്ത ആര്യ ദേശായി ബേസിലിൻ്റെ പന്തിൽ ക്ലീൻ ബൌൾഡാവുകയായിരുന്നു. ബൌളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും തുടർന്ന് ഗുജറാത്ത് ബാറ്റിങ് നിരയിൽ വിള്ളലുണ്ടാക്കാൻ കേരളത്തിനായില്ല. കളി നിർത്തുമ്പോൾ പ്രിയങ്ക് പഞ്ചൽ 117ഉം മനൻ ഹിങ് രാജിയ 30 റൺസും നേടി ക്രീസിലുണ്ട്. 

രാവിലെ ഏഴ് വിക്കറ്റിന് 418 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ആദിത്യ സർവാടെയുടെ വിക്കറ്റ് നഷ്ടമായി. 11 റൺസെടുത്ത സർവാടെ ചിന്തൻ ഗജയുടെ പന്തിൽ ക്ലീൻ ബൌൾഡാവുകയായിരുന്നു. മറുവശത്ത് മൊഹമ്മദ് അസറുദ്ദീൻ മികച്ച ഷോട്ടുകളുമായി ബാറ്റിങ് തുടർന്നെങ്കിലും തുടർന്നെത്തിയവർക്ക് പിടിച്ചു നില്ക്കാനായില്ല. അഞ്ച് റൺസെടുത്ത നിധീഷ് എം ഡി റണ്ണൌട്ടായപ്പോൾ ഒരു റണ്ണെടുത്ത ബേസിൽ എൻ.പിയെ ചിന്തൻ ഗജ തന്നെ പുറത്താക്കി. 177 റൺസുമായി മൊഹമ്മദ് അസറുദ്ദീൻ പുറത്താകാതെ നിന്നു. 341 പന്തുകളിൽ നിന്ന് 20 ബൌണ്ടറികളും ഒരു സിക്സും അടങ്ങുന്നതായിരുന്നു അസറുദ്ദീൻ്റെ ഇന്നിങ്സ്. ഗുജറാത്തിന് വേണ്ടി അർസൻ നാഗ്സ്വെല്ല മൂന്നും ചിന്തൻ ഗജ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.