14 January 2026, Wednesday

ഗുജറാത്ത്: അവകാശവാദങ്ങളുടെ മറുപുറം

Janayugom Webdesk
January 4, 2026 4:22 am

ല്ലാ സംസ്ഥാനങ്ങളെയും കടത്തിവെട്ടി വികസനത്തിലും ക്ഷേമ പ്രവർത്തനങ്ങളിലും സാമൂഹ്യസൂചികകളിലും മുന്നിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും അവകാശപ്പെടുന്ന സംസ്ഥാനമാണ് ഗുജറാത്ത്. അതിനുള്ള പ്രധാന കാരണം ഇരുവരുടെയും രാഷ്ട്രീയ തട്ടകം കൂടിയാണ് അതെന്നതിനാലാണ്. 1995 മുതൽ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. 1996ൽ കുറച്ചുദിവസത്തെ പ്രസിഡന്റ് ഭരണത്തിന്റെയും തുടർന്ന് ബിജെപിയിൽ നിന്ന് തെറ്റി പുതിയ പാർട്ടി രൂപീകരിച്ച ശങ്കർ സിങ് വഗേലയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഒന്നര വർഷത്തെയും ഇടവേളയൊഴിച്ചാൽ 30 വർഷത്തോളമായി ബിജെപി ഭരിക്കുന്നുവെന്നർത്ഥം. അതിൽ 2001 മുതൽ 13 വർഷം നരേന്ദ്ര മോഡിയായിരുന്നു മുഖ്യമന്ത്രി. കുറച്ചുകാലം അമിത് ഷാ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായിരുന്നു.
തന്റെ ഭരണകാലത്ത് ഗുജറാത്തിന് വലിയ തോതിലുള്ള വികസനവും പുരോഗതിയും ഉണ്ടായി എന്ന് ഇടയ്ക്കിടെ മോഡി അവകാശവാദം ആവർത്തിക്കാറുമുണ്ട്. ഗുജറാത്ത് കലാപം സൃഷ്ടിച്ച് നടത്തിയ വംശഹത്യയുടെയും ന്യൂനപക്ഷ വിഭാഗങ്ങളിൽ ഭീതി സൃഷ്ടിച്ചുമാണ് ബിജെപി ഭരണം സംസ്ഥാനത്ത് തുടർന്നതെന്ന യാഥാർത്ഥ്യം മറച്ചുപിടിക്കുന്നതിന് കെട്ടിച്ചമച്ച കണക്കുകളും തല്‍പ്പരകക്ഷികളെ ഉപയോഗിച്ച് തയ്യാറാക്കുന്ന റിപ്പോർട്ടുകളും അവലംബമാക്കിയാണ് ഈ അവകാശം ഉന്നയിക്കുന്നത്. എന്നാൽ അതെല്ലാം പൊള്ളയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളും വാർത്തകളും മടിത്തട്ട് മാധ്യമ (ഗോദി മീഡിയ) വലയത്തിൽപ്പെടാതെ, യാഥാർത്ഥ്യങ്ങൾ തുറന്നെഴുതാൻ ഇപ്പോഴും ധൈര്യം കാട്ടുന്ന ചില ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അവയിൽ പ്രധാനം സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗങ്ങൾ നേരിടുന്ന ഗുരുതമായ പ്രശ്നങ്ങളാണ്. പോഷകാഹാര ക്കുറവില്ലാത്ത ഒരു സംസ്ഥാനമാകുന്നുവെന്ന അവകാശത്തിന് വർഷങ്ങളുടെ പഴക്കമുള്ളതാണ്. എന്നാൽ സംസ്ഥാനത്ത് കുട്ടികളും അമ്മമാരും ഗുരുതര പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നാണ് പാർലമെന്റിൽ അവതരിപ്പിച്ച സമീപകാല കണക്കുകൾ വെളിപ്പെടുത്തുന്നത് എന്നതാണ് ഗുരുതര പ്രശ്നങ്ങളിൽ ഒന്ന്. അഞ്ച് വയസിന് താഴെയുള്ള 3.21 ലക്ഷം കുട്ടികളും പോഷകാഹാരക്കുറവുള്ളവരാണ്. ശിശുക്കളുടെയും കൊച്ചുകുട്ടികളുടെയും ശാരീരികവും വൈജ്ഞാനികവുമായ വികസനം മുരടിച്ചിരിക്കുന്നു. ശരിയായ പോഷകാഹാരക്കുറവ് മൂലം കുട്ടികൾ ആജീവനാന്ത ആരോഗ്യ പ്രശ്നങ്ങൾക്ക് ഇരയാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ, അവരുടെ പഠനശേഷി പരിമിതപ്പെടുന്നതിനും സംസ്ഥാനത്തിന്റെ ഉല്പാദനക്ഷമതയെ ബാധിക്കുന്നതിനും കാരണമാകും. പ്രശ്ന പരിഹാരത്തിന് നിരവധി പ്രഖ്യാപനങ്ങളും ഒരു ഡസനിലധികം പദ്ധതികളും ഉണ്ടായിരുന്നിട്ടും വലിയ വ്യത്യാസമൊന്നും ഈ പ്രശ്നത്തിനുണ്ടായിട്ടില്ല.

ആദിവാസി, ഗോത്ര വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങളിലാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടിട്ടുള്ളത്. ജനനി സുരക്ഷ, കസ്തൂർബ പോഷണ്‍ സഹായ്, പ്രധാൻമന്ത്രി മാതൃവന്ദന എന്നിങ്ങനെ യോജന (പദ്ധതി)കളും പ്രധാൻമന്ത്രി മാതൃസുരക്ഷാ, പോഷകാഹാരക്കുറവ് രഹിത ഗുജറാത്ത് എന്നിങ്ങനെ അഭിയാനുകളും തുടങ്ങി നിരവധി പോഷകാഹാര, മാതൃക്ഷേമ പരിപാടികൾ ഗുജറാത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാര പിന്തുണ, പ്രസവപൂർവ പരിചരണം, പ്രസവാനന്തര സഹായം എന്നിവ ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതികൾ രൂപകല്പന ചെയ്തിരിക്കുന്നത്. എന്നാൽ പല പ്രദേശങ്ങളിലെയും അങ്കണവാടി കേന്ദ്രങ്ങൾക്ക് വിഭവങ്ങളുടെ അഭാവവും പോഷകാഹാര വിതരണത്തിലെ ക്രമക്കേടും നിരീക്ഷണ സംവിധാനങ്ങളുടെ ദൗർബല്യവുമുണ്ടെന്നാണ് കണ്ടെത്തൽ. പ്രത്യേകിച്ച് വിദൂര ഗോത്ര മേഖലകളിൽ. പണം നീക്കിവയ്ക്കുന്നുണ്ടെങ്കിലും പദ്ധതികൾ കടലാസിൽ മാത്രമാണ്. ആദിവാസി മേഖലകളിൽ വിതരണം തകരാറിലാകുന്നു. തൽഫലമായി, സ്ത്രീകളും കുട്ടികളും ഇപ്പോഴും പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ നിന്ന് അതിവിദൂരത്തിലാണ്.

ഉദ്യോഗസ്ഥതലത്തിൽ വ്യാപകമായ അഴിമതിയെക്കുറിച്ചും ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ട്. ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും പദ്ധതി ആനുകൂല്യങ്ങൾ വ്യാജരേഖകളുണ്ടാക്കി കയ്യിട്ടുവാരുന്നുവെന്നും അതുകൊണ്ട് കടലാസിൽ നൽകിയെന്ന് രേഖപ്പെടുത്തുന്ന ആനുകൂല്യങ്ങൾപോലും യഥാർത്ഥ ഗുണഭോക്താക്കളായ ആദിവാസി സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമാകാതെ പോകുന്നുവെന്നും സാമൂഹ്യ പ്രവർത്തകർ ആരോപിക്കുന്നുണ്ട്. മിക്ക പദ്ധതികളും ഗുണഭോക്താക്കളിലേക്ക് എത്തുന്നതിനുപകരം തട്ടിപ്പുകളായി മാറുന്നുവെന്ന് പ്രതിപക്ഷ നേതാക്കളും ആരോപിക്കുന്നു.
ആദിവാസി സ്ത്രീകൾക്കിടയിൽ വിളർച്ചയുടെ വ്യാപനം ആശങ്ക വർധിപ്പിക്കുന്നതാണ്. 15നും 49നും ഇടയിൽ പ്രായമുള്ള ആദിവാസി സ്ത്രീകളിൽ 78% വിളർച്ച ബാധിച്ചവരാണെന്ന് കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 2019–21 കാലയളവിൽ നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേ-5 (എൻഎഫ്എച്ച്എസ് ‑5) പ്രകാരം ഗുജറാത്തിലെ സ്ത്രീകളിൽ 65% പേർക്കും വിളർച്ച ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 2005–06ൽ ഇത് 55% ആയിരുന്നു. തൽഫലമായി, ഗുജറാത്ത് ഇപ്പോൾ രാജ്യത്ത് 16-ാം സ്ഥാനത്താണ്, മുമ്പ് 10-ാം സ്ഥാനത്തായിരുന്നുവെന്നോർക്കണം. സംസ്ഥാനം ദേശീയ ശരാശരിയായ 57%ലും താഴെയുമാണ്.

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചിന്തൻ ശിബിരിനായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് തയാറാക്കിയ റിപ്പോർട്ട് അടുത്തിടെ പുറത്തുവരികയുണ്ടായി. അതുപ്രകാരം ആറ് മുതൽ 59 മാസം വരെ പ്രായമുള്ള കുട്ടികളിൽ വിളർച്ചയുടെ കുതിച്ചുചാട്ടം എടുത്തുകാണിക്കുന്നു. 62.6%ൽ നിന്ന് 79.7% ആയി ഉയർന്നു. കൗമാരക്കാരായ പെൺകുട്ടികളിലും വിളർച്ചയുടെ അളവ് 56.5%ൽ നിന്ന് 69% ആയി വർധിച്ചു. ഗർഭിണികളിൽ, 2015–16നും 2019–21നും ഇടയിൽ ഇത് 51.3%ൽ നിന്ന് 62.6% ആയി. പോഷൻ അഭിയാൻ പദ്ധതി പ്രകാരം കേന്ദ്രസർക്കാർ 2,879.3 കോടി രൂപ അനുവദിച്ചിട്ടും, ഗുജറാത്തിലെ പോഷകാഹാരക്കുറവ് ഇപ്പോഴും തുടരുന്നുവെന്നതിന്റെ നേർസാക്ഷ്യമാണ് ഈ സർക്കാർ കണക്കുകൾ. വിളർച്ച, പ്രതിരോധശേഷി ദുർബലപ്പെടുത്തുകയും ഗർഭധാരണവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് മാത്രമല്ല ജനിക്കുന്ന കുട്ടികളിൽ ഭാരം, പോഷകാഹാരം എന്നിവയുടെ കുറവിനും കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.

വിളർച്ച രഹിത ഇന്ത്യ, പോഷകാഹാര പുനരധിവാസ പരിപാടി, മാതൃ ആരോഗ്യ സംരംഭങ്ങൾ തുടങ്ങിയ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിമിതമായ ആരോഗ്യ പരിരക്ഷയും അവബോധത്തിന്റെ കുറവും കാരണം ആദിവാസി മേഖലകളിൽ അവയുടെ ഫലപ്രാപ്തി ചോദ്യം ചെയ്യപ്പെടുന്നു. ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിലേക്ക് അടിസ്ഥാന സൗകര്യ വളർച്ചയും സാമ്പത്തിക സൂചകങ്ങളും എത്തുന്നില്ലെങ്കിൽ അടിസ്ഥാന സൗകര്യ വളർച്ചയ്ക്കും സാമ്പത്തിക സൂചകങ്ങൾക്കും വലിയ മൂല്യമില്ലെന്ന് വിദഗ്ധർ ഊന്നിപ്പറയുന്നു. അങ്ങനെയെങ്കിൽ ഗുജറാത്തിന്റെ വികസന വിവരണം അവകാശവാദം മാത്രമാണെന്ന് വരുന്നു. പോഷകാഹാരവും അടിസ്ഥാന ജനവിഭാഗങ്ങളിലേതുൾപ്പെടെ സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതാണെങ്കിൽ ഗുജറാത്തിലെ ആദിവാസി മേഖലകളിൽ, വിദ്യാഭ്യാസ അവകാശം ഒരു യാഥാർത്ഥ്യമല്ലെന്നും ഇപ്പോഴും പ്രാകൃതാവസ്ഥയാണ് നിലവിലുള്ളതെന്നുമാണ് മറ്റൊരു റിപ്പോർട്ട് വിശദീകരിക്കുന്നത്.

ഒരു അധ്യാപകൻ സ്കൂളിലെ മുഴുവൻ ക്ലാസുകളിലും പഠിപ്പിക്കുന്നതും വ്യത്യസ്ത പ്രായത്തിലും ക്ലാസുകളിലുമുള്ള കുട്ടികൾ ഒരുമുറിയിൽ ഒരുമിച്ച് നിലത്തിരുന്ന് പഠിക്കുന്നതും ഗ്രാമീണ മേഖലയിൽ നിത്യ കാഴ്ചയാണെന്നും ചിത്രം സഹിതമാണ് ഒരു മാധ്യമം വാർത്ത നൽകിയിട്ടുള്ളത്. വിദ്യാഭ്യാസ അവകാശ നിയമ (ആർടിഇ) ത്തിന്റെ ലംഘനമാണ് സംസ്ഥാനത്തെ പല ഗ്രാമീണ, ദളിത് അദിവാസ മേഖലകളിലും ഉണ്ടാകുന്നതെന്നതിന്റെ വിശദീകരണമാണ് ഈ കുറിപ്പ് പ്രദാനം ചെയ്യുന്നത്.

(അവസാനിക്കുന്നില്ല)

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.