പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭിമാന പദ്ധതികളെന്ന് അവകാശപ്പെടുന്ന ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ്, മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നിവയ്ക്ക് തുരങ്കം വച്ച് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍. പദ്ധതി പ്രകാരം ഹൃദ്‌രോഗ ചികിത്സയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നതിനെക്കാള്‍ ഇരട്ടിവിലയ്ക്ക് യുഎസ് അംഗീകൃത സ്റ്റെന്റുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ അവതരിപ്പിച്ചു. ഇത് ഇന്ത്യന്‍ സ്റ്റെന്റ് നിര്‍മ്മാതാക്കള്‍ക്ക് രണ്ടായിരം കോടിയിലധികം നഷ്ടമുണ്ടാക്കുമെന്നും തൊഴില്‍ നഷ്ടത്തിനും പ്ലാന്റുകള്‍ അടച്ചുപൂട്ടുന്നതിനും കാരണമാകുമെന്നും ഉല്പാദകര്‍ പറയുന്നു. അമേരിക്കന്‍ വ്യാപാരത്തിന് അനുകൂലമായ ഈ ഉത്തരവിനു പിന്നില്‍, ഇന്ത്യന്‍ഉല്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നതിനെതിരെയുള്ള ട്രംപിന്റെ വിമര്‍ശനവും പരസ്പര താരിഫ് വേണമെന്ന ആവശ്യവുമാണെന്ന് കണക്കാക്കപ്പെടുന്നു.
ഉത്തരവില്‍ പറയുന്ന, യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (യുഎസ്എഫ്ഡി എ) അംഗീകരിച്ച സ്റ്റെന്റിന് 25,000 രൂപയും ഇന്ത്യന്‍ മരുന്ന് നിയന്ത്രണ ഏജന്‍സി അംഗീകാരം നല്‍കിയ സ്റ്റെന്റിന് ഇതിന്റെ പകുതിയില്‍ താഴെയുമേ വിലയുള്ളൂ എന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെ ഈ നീക്കം അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കൂടുതല്‍ അനുകൂലമാക്കുമെന്ന് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മെഡിക്കല്‍ ഡിവൈസ് ഇന്‍ഡസ്ട്രി (എഐഎംഇഡി) കേന്ദ്ര ആഭ്യന്തരമന്ത്രി ജെ പി നഡ്ഡയ്ക്ക് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി.
ആഭ്യന്തരവിപണിയുടെ 73 ശതമാനം കൈവശമുള്ളതും, ജര്‍മ്മനി, യുകെ, സ്പെയിന്‍, പോളണ്ട്, സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി, നെതര്‍ലന്‍ഡ് തുടങ്ങിയ വികസിത സമ്പദ‍്‍വ്യവസ്ഥകള്‍ ഉള്‍പ്പെടെ 100ലധികം രാജ്യങ്ങളിലേക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം സ്റ്റെന്റുകള്‍ കയറ്റുമതി ചെയ്യുന്നതുമായ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാണ്. യുഎസ്എഫ്ഡിഎ അംഗീകാരം അടിസ്ഥാനമാക്കി ഈ വിദേശരാജ്യങ്ങളൊന്നും വില വ്യത്യാസം വരുത്തിയിട്ടില്ല, പിന്നെന്തിനാണ് ഇന്ത്യയില്‍ മാത്രം ഏര്‍പ്പെടുത്തുന്നതെന്നും കത്തില്‍ ചോദിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെയായി യുഎസ് ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്റ്റെന്റുകള്‍ മുതലായവ നിര്‍മ്മിക്കുന്നതിന് കാര്യമായ യൂണിറ്റുകളൊന്നും സ്ഥാപിച്ചിട്ടില്ല. ഇന്ത്യന്‍ കമ്പനികള്‍ ലോകോത്തരനിലവാരമുള്ള ഉല്പാദന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്. എന്നിട്ടും അമേരിക്കന്‍ താല്പര്യത്തിന് വഴങ്ങുന്നത് പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് സംരംഭങ്ങളെ തകര്‍ക്കുന്ന തീരുമാനമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.