23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 8, 2024
August 20, 2024
July 11, 2024
April 26, 2024
January 18, 2024
December 15, 2023
December 13, 2023
December 6, 2023
December 3, 2023
October 9, 2023

ഗുരു, കാലത്തെയും ജീവിതത്തെയും പുതുക്കിപ്പണിതു: മുഖ്യമന്ത്രി

Janayugom Webdesk
ചെമ്പഴന്തി
August 31, 2023 11:42 pm

ശ്രീനാരായണ ഗുരുവിനെപോലെ പോലെ കാലത്തെയും ജീവിതത്തെയും പുതുക്കിപ്പണിത മറ്റൊരു ഗുരുവില്ലെന്നും അന്ധകാരനിബിഡമായ ജീവിതത്തെ അദ്ദേഹം വെളിച്ചത്തിലേക്ക് നയിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 169-ാമത് ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സാമൂഹിക ജീവിതക്രമങ്ങളെല്ലാം ബ്രാഹ്മണാധിഷ്ഠിതമായിരുന്ന കാലഘട്ടത്തിൽ അയിത്തം എന്ന വ്യവസ്ഥയും അന്ധവിശ്വാസങ്ങളും മണ്ണാപ്പേടി, പുലപ്പേടി തുടങ്ങിയ ജീർണാചാരങ്ങളും സമൂഹത്തിലെ വലിയൊരു വിഭാഗത്തെ സാമൂഹ്യമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്ന സാഹചര്യത്തിലാണ് ഗുരു ജീവിച്ചത്. ചിന്താപരമായ ഇടപെടലിലൂടെ ഈ സാമൂഹ്യ അസമത്വങ്ങൾ അദ്ദേഹം മാറ്റിത്തീർക്കുകയായിരുന്നു.
സംഘടനകൊണ്ട് ശക്തരാകുക എന്ന അദ്ദേഹത്തിന്റെ ആഹ്വാനം എല്ലാ വിഭാഗങ്ങളിലും മാറ്റത്തിന്റെ കാറ്റുവിതച്ചു. നമ്പൂതിരിസമുദായത്തിലെ യോഗക്ഷേമസഭയും നായർ സമുദായത്തിലെ എൻഎസ്എസുമെല്ലാം അതിനുദാഹരണങ്ങളാണ്. ഗുരുവിന്റെ ശിഷ്യഗണങ്ങളിലെ ബ്രാഹ്മണ സമുദായാംഗമായ ആനന്ദ തീർത്ഥനും നായർ സമുദായാംഗമായ സത്യവ്രത സ്വാമികളും മനുഷ്യൻ ഒന്നാണെന്ന വിശ്വാസം പ്രാവർത്തികമാക്കാനും മാനവികതയുടെ സന്ദേശം സമൂഹത്തിൽ സന്നിവേശിപ്പിക്കാനും ഇടയാക്കിയവരാണ്.

മനുഷ്യൻ ചേരിതിരിഞ്ഞ് ആക്രമിക്കുകയും വംശഹത്യക്ക് ഇരയാക്കപ്പെടുകയും ചെയ്യുന്നിടത്തേക്ക് ഗുരുവിന്റെ തത്വം കടന്നു ചെല്ലേണ്ടതുണ്ട്. മണിപ്പൂരിലും ഹരിയാനയിലും യുപിയിലെ സ്കൂളുകളിലും മതവിദ്വേഷം ആളിപ്പടരുകയും ലോകസമൂഹത്തിനു മുന്നിൽ ഇന്ത്യ ലജ്ജിച്ചു തല താഴ്ത്തുകയും ചെയ്യുകയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ ഇറങ്ങുമ്പോഴും നമ്മൾ ശാസ്ത്രബോധം വളർത്തുന്നതിൽ പരാജയപ്പെടുകയാണ്. നിരന്തരമായ സമരങ്ങളിലൂടെ നാം നേടിയ എല്ലാ സാമൂഹിക മാറ്റങ്ങളെയും നൂറുവർഷം പിന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നവർ അയിത്തം ഉൾപ്പെടെ എല്ലാം മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനെയെല്ലാം ചെറുത്തുനിൽക്കാൻ ഇത്തരം സമ്മേളനങ്ങളിലൂടെ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സച്ചിദാനന്ദ സ്വാമി, സൂക്ഷ്മാനന്ദ സ്വാമി, കൊടിക്കുന്നിൽ സുരേഷ് എംപി, എ എ റഹീം എംപി, മുൻ മന്ത്രി എം എം ഹസൻ, ഗോകുലം ഗോപാലൻ, ജി മോഹൻദാസ്, കൗൺസിലർ ചെമ്പഴന്തി ഉദയൻ, അനീഷ് ചെമ്പഴന്തി എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Guru has renewed time and life: Chief Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.