14 December 2025, Sunday

Related news

December 7, 2025
December 1, 2025
November 6, 2025
November 1, 2025
October 23, 2025
October 20, 2025
October 11, 2025
October 8, 2025
September 30, 2025
September 30, 2025

ഗുരു ജാതിമത അന്ധവിശ്വാസങ്ങളുടെ അഴുക്കുചാലിൽ നിന്ന് കേരളത്തെ കരകയറ്റി: മുഖ്യമന്ത്രി

Janayugom Webdesk
ചെമ്പഴന്തി
August 20, 2024 5:05 pm

ജാതീയമായ ഉച്ചനീചത്വങ്ങൾക്കൊപ്പം വലിയ സാമ്പത്തിക ചൂഷണവും ഭൂപ്രഭുക്കന്മാരുടെ ഭീഷണിയും നിലനിൽക്കെ, ബ്രാഹ്മണാധിപത്യം അരക്കിട്ടുറപ്പിച്ച ഒന്നര നൂറ്റാണ്ട് മുമ്പുള്ള കേരള സമൂഹത്തിൽ മനുഷ്യത്വം അസ്തമിച്ചു എന്നു തോന്നിയ ഘട്ടത്തിൽ ഉയർന്നുവന്ന മാനവികതയുടെ വിസ്മയ പ്രതിഭാസമായിരുന്നു ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മനുഷ്യന് ജീവിക്കാൻ കൊള്ളാവുന്ന ഇടമായി കേരളത്തെ മാറ്റിയത് ഗുരുവിന്റെ ആധ്യാത്മികതയിലൂന്നിയ ഭൗതികകമായ ഇടപെടലുകളാണെന്നും അദ്ദേഹം പറഞ്ഞു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 170-ാമത് ശ്രീനാരായണഗുരുദേവ ജയന്തിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നരകം എന്നു കരുതിയ ജീവിതം ജീവിക്കാൻകൊള്ളുന്ന തരത്തിൽ ആക്കി എടുക്കാൻ കഴിയും എന്ന് സാമൂഹ്യ ഇടപെടലുകളിലൂടെ തെളിയിച്ച മഹാനായിരുന്നു ഗുരു. ഗുരുസന്ദേശങ്ങളുടെ അസാമാന്യമായ മാനുഷിക സത്തകൊണ്ട് കാലം കടന്നുപോകുമ്പോഴും തിളങ്ങുന്നതാണ് ഗുരുവിന്റെ ജയന്തി. ഗുരു സമാധിയായി 96 വർഷങ്ങൾ പിന്നിടുമ്പോഴും അസ്തമിക്കാത്ത സൂര്യതേജസായി അദ്ദേഹത്തിന്റെ സന്ദേശങ്ങൾ നിൽക്കുന്നത് ഗുരു ചിന്തകൾ ഓർക്കാതിരിക്കാൻ നിവൃത്തിയില്ലാത്ത കാലഘട്ടം ആയതുകൊണ്ടാണ്. 

കേരളജനത എന്നും ഒരു മാതൃകാ സമൂഹമായി പരിണമിച്ചത് ഗുരു സന്ദേശങ്ങളുടെ സ്വാധീനം കൊണ്ടാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ആലുവ അദ്വൈതാശ്രമത്തിലെ സർവമത സമ്മേളനത്തിന്റെയും വൈക്കം സത്യാഗ്രഹത്തിന്റെയും ശതാബ്ദി ആഘോഷിക്കുന്ന ഈ വേള കേരള ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ലോകത്തെവിടെയും രാഷ്ട്രീയത്തിന്റെ പേരിലല്ല മതസ്പർദ്ധയിലൂടെയും വംശീയ വിദ്വേഷത്തിന്റെയും പേരിലാണ് ചോര ചൊരിയുന്നത്. അത് മണിപ്പൂരിൽ ആയാലും ഗാസയിൽ ആയാലും ഒഴുകുന്ന ചോരയുടെ കാരണം വംശീയ വിദ്വേഷം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും ഉള്ള ഗുരുവിന്റെ ഉദ്ബോധനം ആണ് ആധുനിക കേരളത്തിൽ വിജ്ഞാനാധിഷ്ഠിതമായ പദ്ധതികൾ ആവിഷ്കരിക്കാൻ ഇടയാക്കിയത്. ജാതിമത അന്ധവിശ്വാസങ്ങളുടെ അഴുക്കുചാലിൽ നിന്ന് കേരളത്തെ കരകയറ്റിയ ഗുരുവിനെ ഹൈന്ദവ സന്യാസിയാക്കാൻ ശ്രമിക്കുന്നത് നവോത്ഥാനത്തെ മറ്റൊരു രീതിയിൽ കൂട്ടിക്കെട്ടാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആദ്ധ്യാത്മികതയെ ഭൗതിക ജീവിതവുമായി ബന്ധപ്പെടുത്തുകയായിരുന്നു ഗുരു ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയെ പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കുവാനും ഗോഡ്സേയെ മഹത്വവൽക്കരിക്കാനുമുള്ള പ്രതിലോമപരമായ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഗുരുവിന്റെ സന്ദേശങ്ങൾ സമൂഹത്തിൽ എത്തിക്കുവാനുള്ള പ്രവർത്തനമാണ് വർത്തമാന സമൂഹം ആവശ്യപ്പെടുന്നതെന്നും അതെല്ലാവരും ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ സ്വാഗതം പറഞ്ഞു. 

രജിസ്ട്രേഷൻ പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എംപിമാരായ ശശി ശശിതരൂർ, ഷാഫി പറമ്പിൽ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, ശ്രീമദ് സൂക്ഷ്മാനന്ദ സ്വാമികൾ, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, ഗോകുലം ഗോപാലൻ, ജി മോഹൻ ദാസ്, കൗൺസിലർ ചെമ്പഴന്തി ഉദയൻ, ആഘോഷ കമ്മിറ്റി കൺവീനർ അനീഷ് ചെമ്പഴന്തി എന്നിവർ പ്രസംഗിച്ചു.

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.