21 December 2025, Sunday

Related news

December 16, 2025
December 7, 2025
December 1, 2025
November 6, 2025
November 1, 2025
October 23, 2025
October 20, 2025
October 11, 2025
October 8, 2025
September 30, 2025

ഗുരുവിന്റേത് ചാതുർവർണ്യ വ്യവസ്ഥയെ ധിക്കരിച്ച സന്യാസ ജീവിതം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 31, 2024 6:56 pm

വര്‍ക്കല: സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരു സനാതന ധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, ആ ധർമ്മത്തെ ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധർമ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരി തീർത്ഥാടനത്തെക്കുറിച്ച് ഗുരു സങ്കല്പിച്ചതുതന്നെ സംവാദങ്ങളുടെ വേദിയായാണ് എന്നതുകൊണ്ട് അദ്ദേഹത്തെക്കുറിച്ചുള്ള മിഥ്യാധാരണ തിരുത്തേണ്ടത് ഇവിടെ വച്ചുതന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സനാതന ധർമ്മത്തിന്റെ പര്യായമോ അവിഭാജ്യ ഘടകമോ ആണ് ചാതുർവർണ്യ പ്രകാരമുള്ള വർണാശ്രമ ധർമ്മം. അത് ഉയർത്തിപ്പിടിച്ചത് കുലത്തൊഴിലിനെയാണ്. ഗുരു ചെയ്തത് കുലത്തൊഴിലിനെ ധിക്കരിക്കാൻ ആഹ്വാനം ചെയ്യലാണ്. അപ്പോൾ പിന്നെ ഗുരു എങ്ങനെ സനാതന ധർമ്മത്തിന്റെ വക്താവാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
ചാതുർവർണ്യ വ്യവസ്ഥയെ ഉടനീളം ചോദ്യം ചെയ്യുന്നതും ധിക്കരിക്കുന്നതുമായിരുന്നു ഗുരുവിന്റെ സന്യാസ ജീവിതം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുദ്‌ഘോഷിച്ച ഗുരു എങ്ങനെ ഒരു മതത്തിന്റെ പരിമിതിക്കുള്ളിൽ രൂപപ്പെട്ടുവന്ന സനാതന ധർമ്മത്തിന്റെ വക്താവാകും. വർണവ്യവസ്ഥയ്ക്ക് എതിരായ ധർമ്മമാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്. ഗുരുവിന്റെ ആശയങ്ങൾ ലോകത്തിനാകെ വെളിച്ചം പകരുകയാണ്. ആ യുഗപ്രഭാവന്റെ ആശയങ്ങൾ ഉൾക്കൊണ്ട് നടത്തപ്പെടുന്ന ശിവഗിരി തീർത്ഥാടനവും അങ്ങനെ മഹത്വമാർജിക്കുന്നു.

വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം എന്നിങ്ങനെയുള്ള എട്ടു കാര്യങ്ങളാണ് ഓരോ ശിവഗിരി തീർത്ഥാടകനും ലക്ഷ്യമായി കരുതേണ്ടത് എന്ന് ഗുരു പറയുമ്പോൾ അത് സ്വസമുദായത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസനമാണ് ലക്ഷ്യമാക്കിയത്. അറിവു നേടാനും സാമ്പത്തികമായി സ്വാശ്രയത്വത്തിലെത്താനുമാണ് ഗുരു ഉപദേശിച്ചത്. സാങ്കേതിക ജ്ഞാനമടക്കം നേടണമെന്ന് അദ്ദേഹം അന്നേ പറഞ്ഞു. ഈ പാതയിൽ തന്നെയാണ് സംസ്ഥാനം ഇപ്പോൾ നീങ്ങുന്നത്.

വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയും കാർഷിക സ്വയംപര്യാപ്തതയിലേക്ക് നാടിനെ നയിച്ചും മാലിന്യനിർമ്മാർജ്ജനത്തിനായി പ്രത്യേക ക്യാമ്പയിനുകൾ ആരംഭിച്ചും വിദ്യാഭ്യാസവും വ്യവസായവും തമ്മിലുള്ള ജൈവികമായ ബന്ധം ദൃഢപ്പെടുത്തിയുമെല്ലാം ഗുരു തെളിച്ച പാതയിലൂടെ തന്നെയാണ് സംസ്ഥാന സർക്കാരും നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ അധ്യക്ഷനായി. മന്ത്രി വി എൻ വാസവൻ മുഖ്യാതിഥി ആയി. എംഎൽഎമാരായ വി ജോയ്, ചാണ്ടി ഉമ്മൻ, വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സമ്മേളനങ്ങള്‍ നടന്നു. തീര്‍ത്ഥാടനം ഇന്ന് സമാപിക്കും.

ക്ഷേത്രങ്ങളിലെ ഷര്‍ട്ട് ധാരണം മാതൃകാപരം

തിരുവനന്തപുരം: നമ്മുടെ നാട്ടിൽ നിലനിന്ന പല ആചാരങ്ങളും കാലാനുസൃതമായി മാറിയിട്ടുണ്ടെന്നും അതിന് ഫലപ്രദമായി നേതൃത്വം കൊടുക്കുന്ന നിലയാണ് ശിവഗിരി മഠത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളിൽ ഉടുപ്പൂരിയെ കടക്കാൻ പാടുള്ളൂ എന്ന ഒരു നിബന്ധനക്ക് കാലാനുസൃതമായ മാറ്റം ശ്രീനാരായണഗുരുവിന്റെ സദ് പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സമൂഹത്തിന് മുന്നിൽ നിർദേശമായി സച്ചിദാനന്ദ വച്ചിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സാമൂഹിക ഇടപെടലായി മാറാൻ സാധ്യതയുണ്ട്.
ഈ വഴിക്ക് നമ്മുടെ പല ആരാധനാലയങ്ങളും നാളെ വരുമെന്ന കാര്യം ഉറപ്പാണ്. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങൾ എല്ലാം ഈ നിലയാണ് സ്വീകരിക്കുക എന്നാണദ്ദേഹം പറഞ്ഞത്. മറ്റ് ആരാധനാലയങ്ങൾ കൂടി ആ മാതൃക പിന്തുടരാൻ ഇടയാക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.