
ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന്റെ പ്രാരംഭമായ ആനയോട്ടം ചടങ്ങിൽ കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി. നാലു വർഷത്തിനിടെ രണ്ടാം തവണയാണ് രവി കൃഷ്ണന്റെ ഈ നേട്ടം. ബാലുവിനാണ് രണ്ടാം സ്ഥാനം. കൃഷ്ണ നാരായണൻ മൂന്നാമത് ഓടിയെത്തി ചടങ്ങ് പൂർത്തിയാക്കി. ഉച്ചക്ക് മൂന്നു മണിക്ക് ക്ഷേത്രത്തിൽ നാഴിക മണി മൂന്ന് അടിച്ചതോടെ ആനകൾക്ക് അണിയിക്കാനുള്ള കുടമണികൾ പാരമ്പര്യഅവകാശികളിൽ നിന്നും ഏറ്റു വാങ്ങി പാപ്പാൻമാർ മഞ്ചുളാൽ പരിസരത്ത് തയ്യാറായി നിൽക്കുന്ന ആനകളുടെ അടുത്തേക്ക് ഓടിയെത്തി. മണികൾ ആനകൾക്ക് അണിയിച്ചതോടെ മാരാർ ശംഖ് ഊതി.
അറിയിപ്പ് കിട്ടിയതോടെ കൊമ്പൻമാരായ രവി കൃഷ്ണനും ബാലുവും കൃഷ്ണ നാരായണനും ക്ഷേത്രം ലക്ഷ്യമാക്കി ഓടി. കൊമ്പൻ രവി കൃഷ്ണൻ ഒന്നാമനായി ക്ഷേത്രഗോപുരം കടന്നു ഗുരുവായൂരപ്പ സവിധത്തിലെത്തി. പിന്നാലെ ബാലുവും കൃഷ്ണ നാരായണനുമെത്തി. ഇനിയുള്ള ഉത്സവ നാളുകളിൽ ഗുരുവായൂരപ്പന്റെ സ്വർണ്ണ തിടമ്പേറ്റി ശീവേലി എഴുന്നള്ളിക്കുക രവി കൃഷ്ണനാണ്.
ആനയോട്ട ചടങ്ങ് സുരക്ഷിതമായി നടത്താൻ ദേവസ്വം നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറെടുപ്പ് നടത്തിയിരുന്നു. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, എൻ കെ അക്ബർ എംഎൽഎ, നഗരസഭാധ്യക്ഷ സുനിത അരവിന്ദൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ പി വിശ്വനാഥൻ, മനോജ് ബി നായർ തുടങ്ങിയവർ സന്നിഹിതരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.