23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 18, 2024
November 16, 2024
November 16, 2024
November 11, 2024

ഞങ്ങളോടൊപ്പം ചേരൂ ഞങ്ങൾ നിങ്ങളെ കൊന്നുതരാം!

യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത
June 1, 2023 4:10 am

മതങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ, ആചാരങ്ങൾ, അവയ്ക്ക് ആധാരമായി നൽകുന്ന വിശദീകരണങ്ങൾ വ്യക്തിത്വ വർണനകൾ തുടങ്ങിയവയ്ക്കൊക്കെ മതാതീതവും സംസ്കാരവുമായി ബന്ധമുള്ളതും മതനിരപേക്ഷവുമായ അർത്ഥതലങ്ങളുണ്ട്. മതങ്ങൾ ഇക്കാര്യങ്ങളെ മിക്കപ്പോഴും ചരിത്രവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കാനും വ്യാഖ്യാനിക്കാനും ശ്രമിക്കുമ്പോഴും ഇതാണ് പൊതുവായി മാനവരാശിയെ സംബന്ധിച്ചിടത്തോളം ഇക്കാര്യങ്ങൾക്ക് പ്രസക്തി നൽകുന്നത്. ക്രൈസ്തവർ ഈസ്റ്റർ എന്നും ഉയിർപ്പ് പെരുന്നാൾ എന്നും പറയുന്ന ദിനത്തെയും അതു സംബന്ധിച്ച വിശദീകരണങ്ങളെയും ഈ വിധത്തിൽ പരിശോധിക്കാവുന്നതാണ്. നസ്രേത്തുകാരൻ യേശു തന്റെ മതത്തിലെ വിവേചനപരവും നീതിനിഷേധപരവും, പാർശ്വവൽക്കരണപരവും പൗരോഹിത്യമേൽക്കോയ്മാപരവും ആയ നിലപാടുകളെയും അവയുടെ പ്രായോഗിക പ്രവർത്തനങ്ങളെയും നിരന്തരം ചോദ്യം ചെയ്തു. ഇത് അധികാരം കയ്യാളിയിരുന്ന സമുദായ നേതൃത്വത്തെ പ്രകോപിപ്പിച്ചു. അവർ രാഷ്ട്രീയാധികാരത്തെ കൂട്ടുപിടിച്ച് യേശുവിനെ വ്യാജ വിസ്താരം നടത്തി അക്കാലത്തെ രാഷ്ട്രീയ കുറ്റവാളികൾക്ക് നൽകുന്ന കുരിശുമരണം നൽകി കൊന്നു. എന്നാൽ ഈസ്റ്ററിന്റെ പ്രഖ്യാപനം ഇപ്രകാരം കൊല്ലപ്പെട്ടവൻ മൂന്നാം ദിനം മരണത്തെ അതിജീവിച്ച് ഉയിർത്തെഴുന്നേറ്റു എന്നാണ്.

ഇവിടെ മരിച്ച ഒരാളുടെ ഉയിർപ്പ് എന്നത് ശാരീരികമായി സാധ്യമാണോ, ഇതിന് ശാസ്ത്രീയ വിശദീകരണം നൽകാൻ സാധിക്കുമോ, ഇത് ചരിത്രപരമായി അംഗീകരിക്കാൻ കഴിയുന്ന സംഭവമാണോ തുടങ്ങിയ ചോദ്യങ്ങളൊന്നുമല്ല ഒരു മതനിരപേക്ഷ സമൂഹം ഉയർത്തേണ്ടത്. അതെല്ലാം മതത്തിന്റെ വിഷയമാണ്. നീതിക്കും സമത്വത്തിനും വേണ്ടിയുള്ള, പാർശ്വവൽക്കരണത്തിനും അധികാരപ്രമത്തതക്കും എതിരായുള്ള, സമരത്തെ എത്ര അടിച്ചമർത്തിയാലും, കുഴിച്ചുമൂടിയാലും ശക്തിപ്രാപിച്ച് തിരിച്ചുവരും എന്ന പ്രകൃതി നിയമമാണ് ഇവിടെ പ്രസക്തമായിട്ടുള്ളത്. ഇവിടെ രാമനോ യേശുവോ കൃഷ്ണനോ എന്നതല്ല പ്രസക്തമായ വിഷയം, അവരുടെ പ്രവർത്തനങ്ങളിലെ, ജീവിതങ്ങളിലെ മാനുഷിക ഭാവവും സന്ദേശവും എന്താണ് എന്നതാണ്. ഈസ്റ്ററിനെ സംബന്ധിച്ച് ഈ സന്ദേശം ക്രൈസ്തവന് മാത്രമല്ല സകല മനുഷ്യർക്കും പ്രസക്തമായതാണ്. ഈ സത്യം ചരിത്രത്തിൽ അനേകവട്ടം ആവർത്തിച്ചാവർത്തിച്ച് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇത്തരം സംഭവങ്ങളെയും താല്പര്യങ്ങളെയും മറിച്ച് വ്യാഖ്യാനിക്കാനോ ഉപയോഗപ്പെടുത്താനോ ഇടയായിക്കൂടാത്തതാണ്. എന്നാൽ ഈ വർഷം അത്തരമൊരു ദുരനുഭവമുണ്ടായി. ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കളും പ്രവർത്തകരും കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളും മെത്രാസനങ്ങളും സന്ദർശിച്ച് ആശംസകളറിയിച്ചു. ബിജെപി നേതൃത്വം നൽകുന്ന ഭാരത സർക്കാരിന്റെ പ്രതിനിധിയായ പ്രധാനമന്ത്രി തന്നെ രാജ്യതലസ്ഥാനത്തെ ഒരു പ്രമുഖ ക്രൈസ്തവ ദേവാലയം സന്ദർശിച്ചു. മെത്രാന്മാർ ഉൾപ്പെടെ സഭാനേതാക്കൾ അദ്ദേഹത്തെ ആദരപൂർവം സ്വീകരിച്ചു.

രണ്ട് ചോദ്യങ്ങളാണിവിടെ പ്രസക്തമായിട്ടുള്ളത്. ഒന്നാമത് ഈ സന്ദർശകർ ക്രൈസ്തവർക്ക് നൽകുന്ന ആശംസാ സന്ദേശമെന്താണ്? രണ്ടാമത്, ഇവർക്ക് ഹാർദ്ദമായ സ്വീകരണം ഒരുക്കുന്ന ക്രൈസ്തവ മത നേതാക്കളുടെ നിലപാടെന്താണ്? ഒന്നാമത്തെ കാര്യത്തിൽ, പോയ കാലങ്ങളിൽ സംഘ്പരിവാറിന്റെയും അവരുടെ ബിജെപി ഉൾപ്പെടുന്ന അനുബന്ധ സംഘടനകളുടെയും ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളോട് പൊതുവെയും ക്രൈസ്തവരോട് പ്രത്യേകിച്ചുമുള്ള നിലപാട് എന്തായിരുന്നു എന്ന് പരിശോധിച്ചാൽ ഈ സമീപനം വ്യക്തമാകും. പൊതുവെ വിലയിരുത്തിയാൽ നിഷേധപരവും പാർശ്വവൽക്കരണപരവും ആയിരുന്നു എന്ന് കാണാൻ കഴിയും. താത്വികമായി തന്നെ അവരുടെ ആചാര്യന്മാർ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യം ഒരു സവർണ ഹിന്ദു രാജ്യമാണെന്നും ഇവിടുള്ള മുസ്ലിമുകളും ക്രിസ്ത്യാനികളും ഉൾപ്പെടുന്ന ന്യൂനപക്ഷങ്ങൾ വിദേശികളാണ്, അവർ പുറത്ത് പോവുകയോ സവർണരുടെ ഔദാര്യത്തിന് വിധേയപ്പെട്ട് ജീവിക്കുകയോ ചെയ്യേണ്ടതുണ്ട് എന്നുമാണ് പ്രഖ്യാപിത നിലപാട്. ഇത് പ്രവൃത്തി പഥത്തിൽ അവതരിപ്പിച്ചിട്ടുമുണ്ട്. അത് കാന്ധമാൽ മുതൽ മണിപ്പൂർ വരെ, കർണാടകയിലും ഛത്തീസ്ഗഢിലും യുപിയിലും എല്ലാം, ഈ തലമുറയിൽ തന്നെ നമുക്ക് പ്രകടമായി കാണാൻ കഴിയുന്നതുമാണ്. ഏതാണ്ട് ഇതുതന്നെയാണ് ചാതുർവർണ്യ സമൂഹ വ്യവസ്ഥിതിയിൽ വിശ്വസിക്കുന്ന സവർണ നേതൃത്വത്തിന്റെ, ഹൈന്ദവ സമൂഹത്തിന്റെ ഭാഗം എന്നവകാശപ്പെടുന്ന ദളിതരോടും ഗോത്ര‑ഗിരി വർഗക്കാരോടും പിതൃ ആരാധകരോടും ഒക്കെ സ്വീകരിക്കുന്ന സമീപനം. ഇതുകൊണ്ടാണ് ഗാന്ധിജിക്ക് അസ്പർശരെ ഹരിജനം എന്ന് വിളിക്കേണ്ടിവന്നത്. ഈ സമീപനമാണ് അനേകർ തങ്ങളുടെ സാമൂഹികാധഃകൃതത്വം വിട്ട് പൊതുധാരയിലേക്ക് വരാൻ ക്രൈസ്തവ മതം സ്വീകരിച്ചത്.

മണിപ്പൂരിലെ ഗോത്രവർഗങ്ങളും ഈ വഴി തേടി എന്നത് ചരിത്രമാണ്. കേരളത്തിലും ഇത് നടന്നിട്ടുണ്ട്. എന്നാൽ ചരിത്രപരമല്ലാത്ത ബ്രാഹ്മണ്യപൈതൃകം ചുമക്കുന്ന കേരളത്തിലെ പ്രമുഖ ക്രൈസ്തവ സഭകളൊന്നും ഇപ്രകാരം മതപരിവർത്തനം നേടിയവരെ തുല്യ നിലയിൽ കണ്ടിട്ടില്ല എന്നത് ഇതിന്റെ മറുവശം. അങ്ങനെയാണ് ഇവരിൽ ഏറെ പേർക്ക് വേർപാട്-പെന്തക്കോസ്ത് സഭകളിൽ അഭയം തേടേണ്ടിവന്നത്. ഇപ്പോൾ അവിടെയും ബ്രാഹ്മണ്യ മേൽക്കോയ്മ കടന്നുകൂടിയിട്ടുണ്ട്. അത് മേല്പറഞ്ഞവരുടെ പുനർ വിചിന്തനത്തിനും സ്വത്വബോധത്തിനും ഇടയാക്കിയിട്ടുമുണ്ട്. ഇപ്പോൾ ഇവിടെ മുൻപറഞ്ഞതുപോലുള്ള മതപരിവർത്തനം അതുകൊണ്ടുതന്നെ നടക്കുന്നുമില്ല. ഇപ്പോൾ അഗ്നിനീറി നിൽക്കുന്ന മണിപ്പൂരിലെ അവസ്ഥയും ഇതിന് സമാനമാണ്. പരസ്പരം പോരാടിയിരുന്ന മലമ്പ്രദേശ വാസികളായിരുന്ന ഗോത്രവർഗങ്ങൾ ധാരാളമായി ക്രിസ്തുമതം സ്വീകരിച്ചു. അവർക്ക് സ്വാഗതമരുളിയ പ്രൊട്ടസ്റ്റന്റ് — കത്തോലിക്കാ സഭകൾ അവരുടെ പരമ്പരാഗത സാംസ്കാരിക ഭാവങ്ങൾ വലിയൊരു പരിധി വരെ നിലനിർത്തിക്കൊണ്ട് ക്രൈസ്തവ വിശ്വാസം പുലർത്തുവാൻ അനുവദിച്ചു. ഇതാണ് ഗിരിവർഗ മേഖലകളായ നാഗ, കുക്കി വിഭാഗങ്ങൾ ധാരാളമായി ക്രൈസ്തവ മതം സ്വീകരിക്കാൻ ഇടയാക്കിയത്. ഈ പരിവർത്തനം അവർക്ക് സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക തലങ്ങളിൽ വലിയ കുതിച്ചുചാട്ടത്തിന് അവസരം നൽകി. അവർ സർക്കാരിന്റെ ഉന്നത തലങ്ങളിൽ എത്തിപ്പെട്ടു, സംസ്ഥാനത്തിന്റെ സമതല പ്രദേശങ്ങളിലേക്ക് സാവകാശം പ്രവേശിക്കാനും സ്വത്ത് സമ്പാദിക്കാനും ആരംഭിച്ചു.

അതേസമയം അവരുടെ ഗിരിപ്രദേശങ്ങളിൽ സമതലത്തിലുള്ള, ഒരുകാലത്ത് പ്രകൃതി ആരാധകരും പിന്നീട് ഹിന്ദുക്കളുമായി തീർന്ന, നാട്ടിൽ ഭൂരിപക്ഷമുള്ള മെയ്തി വിഭാഗങ്ങൾക്ക് ഗോത്രമേഖലയിൽ പ്രവേശിക്കാൻ നിയമം അനുവദിക്കുന്നുമില്ല. ഇതോടൊപ്പം മ്യാന്മറിൽ നിന്നും രാഷ്ട്രീയാഭയം തേടിയവരുടെ വരവും ഉണ്ടായി. ഇതെല്ലാം മെയ്തി വിഭാഗത്തിൽ മതപരവും സാമൂഹികവുമായ ആശങ്ക സൃഷ്ടിച്ചു. പുതിയ സാഹചര്യം സാമൂഹികമായും തൊഴിൽപരമായും മെയ്തി വർഗത്തെ പിന്നിലാക്കി എന്നത് അംഗീകരിച്ചേ മതിയാകൂ. ഈ സാഹചര്യത്തെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തക്കത്തിൽ വർഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ചു. മെയ്തി വിഭാഗത്തെ വിദ്യാഭ്യാസപരമായി ഉന്നതാവസ്ഥയിൽ എത്തിക്കാൻ ശ്രമിക്കുന്നതിന് പകരം അവർക്ക് പട്ടികവർഗ പദവി നൽകി വീണ്ടും അധഃകൃതാവസ്ഥയിൽ നിലനിർത്താനാണ് ആലോചന ഉണ്ടായത്. ഇത് കുക്കികളെ ആശങ്കയിലാക്കി. അവർ അതിനെതിരെ പ്രതിഷേധിക്കാൻ സംഘടിപ്പിച്ച റാലിയിലേക്ക് നൂറ്റമ്പതോളം വരുന്ന അക്രമികൾ ഇടിച്ചുകയറി അക്രമം സൃഷ്ടിക്കുകയായിരുന്നു. സ്വാഭാവികമായി തിരിച്ചും കയ്യേറ്റമുണ്ടായി. പോയ തെരഞ്ഞെടുപ്പിൽ നാഗ, കുക്കി വിഭാഗം ക്രിസ്ത്യാനികളിൽ നല്ലൊരു പങ്ക് (45 ശതമാനം എന്നാണ് ബിജെപി അവകാശപ്പെടുന്നത്) പ്രധാനമന്ത്രിയുടെ “ബിജെപിയുടെ ഡബിൾ എന്‍ജിൻ സർക്കാർ അടുത്ത 25 വർഷത്തിൽ മണിപ്പൂരിനെ സമ്പൂർണ വികസനത്തിലെത്തിക്കും” എന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് ബിജെപിക്ക് പിന്തുണ നൽകിയിട്ടുണ്ട്. ഇവരെയാണിപ്പോൾ സർക്കാരും മെയ്തി വിഭാഗവും ചേർന്ന് ആക്രമിക്കുന്നത്.

റാലിയിൽ ആരംഭിച്ച ആക്രമണം വ്യാപകമായി. ഇരുന്നൂറിൽ ശിഷ്ടം പള്ളികൾ നശിപ്പിക്കപ്പെട്ടു. നൂറുകണക്കിന് കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടു. അനേകർ മറ്റിടങ്ങളിൽ അഭയം തേടി നാടുവിടേണ്ടിവന്നു. കുക്കി വിഭാഗത്തിൽ നിന്നുള്ള ബിജെപി എംഎൽഎ പോലും അക്രമത്തിന് ഇരയായി. ഇതിന്റെ ഏറ്റവും പുതിയ അധ്യായമാണ് കഴിഞ്ഞ 28 ന് ഉണ്ടായത്. നാടുവിട്ടവരുടെ സ്വത്തിനും കുടുംബത്തിനും സുരക്ഷിതത്വമൊരുക്കാൻ ഗ്രാമത്തിന് കാവൽ നിന്ന നാല്പത് കുക്കി വോളണ്ടിയർമാരെ തീവ്രവാദികൾ എന്ന് മുദ്രകുത്തി പൊലീസ്-പട്ടാള സംയുക്ത സംഘം വെടിവച്ച് കൊന്നു. ഗംഭീരൻ വാഗ്ദാനത്തിലൂടെ കൂടെ ചേർത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരം കിട്ടിയപ്പോൾ ആ അധികാരം ഉപയോഗിച്ച് ഇപ്പോൾ വെടിവച്ച് കൊല്ലു‌ന്നു. കുറേക്കാലം മുമ്പ് കേരളത്തിലെ ഒരു ആര്‍എസ്എസ് നേതാവ് ഒരു ബിഷപ്പിന്റെ കാൽതൊട്ട് വന്ദിച്ചതിനെക്കുറിച്ച് ഒരു ഇടതുപക്ഷ നേതാവ് പറഞ്ഞു, “മുമ്പൊരിക്കൽ ഗാന്ധിജിയുടെ കാൽ തൊട്ട് വന്ദിച്ച ശേഷമാണ് ഗോഡ്സെ അദ്ദേഹത്തെ വെടിവച്ചതെന്ന് ഓർത്താൽ നന്ന്” എ‌ന്ന്. ഇതുതന്നെയാണ് ഇക്കാലത്ത് ഈ ഈസ്റ്റർ സന്ദർശകർക്ക് സ്വാഗതമരുളുന്ന മത നേതാക്കളോടും പറയാനുള്ളത്. ഈ സന്ദർശകർ പറയാതെ പറയുന്നത്, “ഞങ്ങളോടൊപ്പം ചേരൂ ഞങ്ങൾ നിങ്ങളെ കൊന്നുതരാം” എ‌ന്നു തന്നെയാണ്. ഇനി ഈ സ്വീകരണമരുളുന്ന സഭാ നേതാക്കളുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യമാണ്. ഹിറ്റ്ലറോട് കൂട്ടുചേർന്ന ഇവിടുള്ളവരോട് അവിടത്തെ ക്രൈസ്തവ നേതാക്കളുടെ അതേ നിലപാട് തന്നെ ഇവിടത്തെ ക്രൈസ്തവ നേതാക്കൾക്കും. അധികാരത്തിലിരിക്കുന്നവരെ പ്രീണിപ്പിച്ച് വരാനിരിക്കുന്ന ഇഡിയെ തടയുക അല്ലെങ്കിൽ സ്വന്തം സിംഹാസനം സുരക്ഷിതമാക്കുക. രണ്ടായാലും രണ്ട് വിഭാഗത്തിൽ നിന്നുള്ളത് ആയാലും ഇത് ഈസ്റ്റർ സന്ദേശത്തിന് യോജിച്ചതല്ല എന്നുറപ്പ്.

Eng­lish Sam­mury: Yuhanon Mar Meletius’s col­umn -Chris­t­ian-BJP issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.