25 December 2025, Thursday

എച്ച് 1 ബി വിസയില്‍ വീണ്ടും പരിഷ്കരണം: നറുക്കെടുപ്പ് സംവിധാനം അവസാനിപ്പിക്കുന്നു

Janayugom Webdesk
വാഷിങ്ടൺ
December 24, 2025 9:09 pm

എച്ച് 1 ബി തൊഴിൽ വിസ നറുക്കെടുപ്പ് സംവിധാനം മാറ്റാനൊരുങ്ങി യുഎസ് സര്‍ക്കാര്‍. വിസ അനുവദിക്കുന്നതിൽ ഉയർന്ന വൈദഗ്ധ്യമുള്ളതും ഉയർന്ന ശമ്പളം വാങ്ങുന്നതുമായ വിദേശ തൊഴിലാളികൾക്ക് മുന്‍ഗണന നല്‍കുന്ന സംവിധാനമാണ് അവതരിപ്പിച്ചത്. ഇത് പുതിയ അപേക്ഷകര്‍ക്ക് തൊഴിൽ വിസ നേടുന്നത് കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കും. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് നൽകുന്ന അറിയിപ്പനുസരിച്ച് പുതിയ നിയമം അടുത്ത വര്‍ഷം ഫെബ്രുവരി 27 മുതൽ പ്രാബല്യത്തിൽ വരും. 2027 സാമ്പത്തിക വർഷം മുതൽ ഏകദേശം 85,000 എച്ച് 1 ബി വിസകളുടെ വിതരണം നിയന്ത്രിക്കുമെന്നാണ് റിപ്പോര്‍ട്ട്.
എച്ച് 1 ബി രജിസ്ട്രേഷനുകളുടെ നിലവിലുള്ള ക്രമരഹിതമായ തെരഞ്ഞെടുപ്പ് യുഎസ് തൊഴിലുടമകൾ ദുരുപയോഗം ചെയ്യുകയായിരുന്നു. അമേരിക്കൻ തൊഴിലാളികൾക്ക് നൽകുന്നതിനേക്കാൾ കുറഞ്ഞ ശമ്പളത്തിൽ വിദേശ തൊഴിലാളികളെ കൊണ്ടുവരാനാണ് പ്രധാനമായും ശ്രമിച്ചതെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സർവീസസ് വക്താവ് മാത്യു ട്രാഗെസ്സർ പറഞ്ഞു.

ഈ വർഷം ആദ്യം, എച്ച് 1 ബി വിസകൾക്ക് പ്രതിവർഷം 1,00,000 ഡോളർ എന്ന ഫീസ് ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനത്തിൽ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചിരുന്നു. സമ്പന്നരായ വ്യക്തികൾക്ക് യുഎസ് പൗരത്വത്തിലേക്കുള്ള വഴിയായി ഒരു ദശലക്ഷം ഡോളർ ഫീസീടാക്കുന്ന ഗോൾഡ് കാർഡ് വിസയും ട്രംപ് അവതരിപ്പിച്ചു. കാലങ്ങളായി എച്ച് 1 ബി വിസകൾ നറുക്കെടുപ്പ് സമ്പ്രദായത്തിലൂടെയാണ് അനുവദിച്ചിരുന്നത്. ഈ വർഷം ഏറ്റവും കൂടുതൽ വിസ ലഭിച്ചത് ആമസോണിനാണ്, 10,000ൽ അധികം വിസകൾക്ക് അനുമതി ലഭിച്ചു. ടാറ്റ കൺസൾട്ടൻസി സർവീസസ്, മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ എന്നീ കമ്പനികളാണ് പിന്നില്‍. കാലിഫോർണിയയിലാണ് ഏറ്റവും കൂടുതൽ എച്ച് 1ബി തൊഴിലാളികൾ ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.