ജില്ലയിൽ എച്ച്1 എൻ1 പനി പടരുന്നു. ഈ വർഷം റിപ്പോർട്ട് ചെയ്തത് 35 കേസുകളാണ്. ഏപ്രിൽ മാസത്തിലും മെയ് മാസത്തിലും ജില്ലയിൽ 9 കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. 11 ദിവസത്തിനകം എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സാധാരണപനിയുടെ ലക്ഷണങ്ങളാണെങ്കിലും വായുവിലൂടെ പകരുന്നതിനാൽ ജാഗ്രതവേണം. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 147 പേർക്കാണ് രോഗം സ്ഥീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ ഏറ്റവുമൊടുവിൽ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ദിവസവും കേസുകൾ വർധിക്കുന്നതിലാണ് ആശങ്ക. പക്ഷിപ്പനിയടക്കം പടരുമ്പോൾ പ്രതിരോധ മരുന്നായ ഒസൾട്ടാമിവർ ക്യാപ്സ്യൂളിന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ജില്ലയിലെ ഭൂരിഭാഗം ആരോഗ്യസ്ഥാപനങ്ങളിലും 50 മുതൽ 100 കാപ്സൂൾ വരെ മാത്രമാണ് സ്റ്റോക്കുള്ളത്. ഒസൾട്ടാമിവർ എത്തിച്ചില്ലെങ്കിൽ പ്രതിരോധം താളം തെറ്റുമെന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ. ഇത് പരിഹരിക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവർഷം ജൂണിലാണ് ഇതിന് മുമ്പ് എച്ച്1 എൻ1 പനി ബാധിതരുടെ എണ്ണംകൂടിയത്. അന്ന് രണ്ട് മരണവും റിപ്പോർട്ട് ചെയ്തിരുന്നു. വേനൽചൂടിൽ ചുള്ളുപൊള്ളുന്ന ആലപ്പുഴയിൽ പനിബാധിതരുടെ എണ്ണത്തിലും വർധനവുണ്ട്.
ദിവസവും 500ലധികം പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നത്. സ്വകാര്യ ആശുപത്രികളുടെ കണക്കെടുത്താൽ ഇതിൻറെ മൂന്നിരട്ടിയുണ്ടാകും. ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്ന എച്ച്1 എൻ1 പനിയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ എത്രയും വേഗം വൈദ്യസഹായം തേടണം. തുമ്മുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വായുവിൽ കൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. പനി, ചുമ, തൊണ്ടവേദന, തുടർച്ചയായ തുമ്മൽ, മൂക്കൊലിപ്പ്, ശ്വാസ തടസ്സം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, മറ്റു രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. രോഗം പകരാതിരിക്കാൻ കൃത്യമായ പ്രതിരോധ ശീലങ്ങൾ പാലിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം. എന്തെങ്കിലും രോഗ ലക്ഷണം ഉള്ളവർ മാസ്ക് ധരിക്കണം. രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും പോകുന്നത് ഒഴിവാക്കേണ്ടതാണ്. വായുവിലൂടെ പകരുന്നതിനാൽ മുഖാവരണം ധരിക്കുന്നത് ഉറപ്പാക്കണം. പനിബാധിതരിൽനിന്ന് അകലം പാലിക്കാനും ശ്രദ്ധിക്കണം. എച്ച്1എൻ1 പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
തുടർച്ചയായ തുമ്മൽ, പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ഛർദ്ദി എന്നിവ ലക്ഷണങ്ങളാണ്. രോഗബാധയുള്ളവർ വായും മൂക്കും പൊത്താതെ തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോഴും മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോഴും രോഗിയുടെ സ്രവങ്ങൾ പുരളാനിടയുള്ള പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയും രോഗാണു ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തി രോഗ പകർച്ച ഉണ്ടാക്കുന്നു. രോഗപ്രകർച്ച തടയാൻ പ്രതിരോധ ശീലങ്ങൾ പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
English Summary: H1N1 fever is spreading in the district
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.