1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 21, 2025
February 7, 2025
February 3, 2025
January 27, 2025
January 27, 2025
January 14, 2025
January 10, 2025
January 7, 2025
December 31, 2024

ഹെയർ ക്രീം ഉപയോഗിച്ചിട്ടും മുടി വളർന്നില്ല; നടന്‍ പിഴയടച്ച് കേസില്‍ നിന്നൂരി

Janayugom Webdesk
തൃശൂർ
May 11, 2023 10:00 pm

ധാത്രിയുടെ ഹെയർ ക്രീം ഉപയോഗിച്ചിട്ടും മുടി വളരാത്തതിന് നൽകിയ പരാതിയിൽ സിനിമ നടൻ അനുപ് മേനോനും ധാത്രി കമ്പനിയും മെഡിക്കൽ ഷോപ്പുടമയും 28,600 രൂപ കോടതിയിൽ അടച്ച് ശിക്ഷ ഒഴിവാക്കി. സിനിമ താരം അനൂപ് മേനോന്റെ പരസ്യ വാചകം വിശ്വസിച്ച് മുടി വളരുമെന്ന പ്രതീക്ഷയിൽ ഹെയർ ക്രീം വാങ്ങി ഉപയോഗിച്ച് ഫലമില്ലാതായപ്പോഴാണ് ഞമനേങ്ങാട് വൈലത്തൂർ സ്വദേശി വടക്കൻ വീട്ടിൽ ഫ്രാൻസിസ് തൃശൂർ ഉപഭോക്തൃ കോടതിയിൽ ഹർജി നൽകിയത്. വൈലത്തൂരിലുള്ള എ വൺ മെഡിക്കൽസ് ഉടമ, എറണാകുളം വെണ്ണലയിലുള്ള ധാത്രി ആയുർവേദ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ, പബ്ലിസിറ്റി അംബാസഡറും സിനിമാതാരവുമായ അനൂപ് മേനോൻ എന്നിവരാണ് പണമടച്ച് ശിക്ഷയിൽ നിന്നും ഒഴിവായത്.
എ വൺ മെഡിക്കൽസിൽ നിന്നാണ് ഫ്രാൻസിസ് ധാത്രി കമ്പനിയുടെ ഹെയർ ക്രീം വാങ്ങിയത്. 

സിനിമാതാരം അനൂപ് മേനോനായിരുന്നു പരസ്യ അംബാസഡർ. ബ്രോഷറിൽ പരാമർശിച്ചിരിക്കുന്നത് പോലെ ഫ്രാൻസിസ് ക്രീം ഉപയോഗിച്ചെങ്കിലും മുടി വളർന്നില്ല ഇതേ തുടർന്നാണ് ഇയാൾ ഹർജി ഫയൽ ചെയ്തത്. അനൂപ് മേനോനെ വിസ്തരിച്ചപ്പോൾ താൻ ഉല്പന്നം ഉപയോഗിച്ചിട്ടില്ലെന്നും അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുള്ളതെന്നും വ്യക്തമാക്കി. പരസ്യ അംബാസഡർ ഉല്പന്നം ഉപയോഗിക്കാതെയാണ് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതെന്നും ഉല്പന്നത്തിന്റെ ഫലപ്രാപ്തി തൃപ്തികരമായി ലഭ്യമാക്കുവാൻ നിർമ്മാതാവിന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് ധാത്രി കമ്പനിയോടും അനൂപ് മേനോനോടും പതിനായിരം രൂപ വീതം നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. കോടതി ചെലവിലേക്ക് ഉല്പന്നം വില്പന നടത്തിയ എ വൺ മെഡിക്കൽസ് 3000 രൂപ നൽകണമെന്നും വിധിച്ചു.

ഒരു മാസത്തിനുള്ളിൽ വിധി പാലിക്കാത്തതിനാൽ ഉപഭോക്തൃ നിയമം അനുസരിച്ച് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് വടക്കൻ വീണ്ടും ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഇതിനിടെ എതിർകക്ഷികൾ സംസ്ഥാന കമ്മിഷനിൽ ജില്ലാ ഉപഭോക്തൃ കോടതി വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്തുവെങ്കിലും പിൻവലിച്ചു. തുടർന്ന് വിധിപ്രകാരമുള്ള തുക പലിശ സഹിതം 28,600 രൂപ കോടതി മുമ്പാകെ അടച്ചത്. ഇതിനെ തുടർന്ന് പ്രസിഡന്റ് സി ടി സാബു, അംഗങ്ങളായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ ഉപഭോക്തൃകോടതി എതിർകക്ഷികളെ വിട്ടയച്ചു. ഹർജിക്കാരന് വേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി. 

Eng­lish Summary;Hair did not grow despite using hair cream; The actor paid the fine and set­tled the case
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.