ഇന്ത്യന്‍ ആയുധ നിര്‍മ്മാണ സാങ്കേതിക വിദ്യ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടീക്സ് ലിമിറ്റഡ് (എച്ച്എഎല്‍ ) റഷ്യന്‍ കമ്പനിക്ക് കൈമാറിയെന്ന് ന്യൂയോര്‍ക്ക് ടൈംസ്.
റഷ്യക്ക് ആയുധം വിതരണം ചെയ്യുന്ന കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിക്ക് എച്ച്എഎല്‍ സാങ്കേതിക വിദ്യ കൈമാറിയെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. എന്നാല്‍ കേന്ദ്രം ഇക്കാര്യം നിഷേധിച്ചു. രാഷ്ടീയ ലക്ഷ്യത്തോടെ ഇന്ത്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും വസ്തുതകളും വളച്ചൊടിക്കാനും യുഎസ് മാധ്യമം ശ്രമം നടത്തുകയാണെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
എച്ച്എഎല്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച് ആര്‍ സ്മിത്ത് എന്ന സ്വകാര്യ സ്ഥാപനത്തിന് ആയുധ സാങ്കേതിക വിദ്യ കൈമാറിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ വെളിപ്പെടുത്തല്‍. റഷ്യക്ക് ആയുധം വിതരണം ചെയ്യുന്നതിന്റെ പേരില്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിയാണ് ഇത്. ബ്രിട്ടനിലെ തീവ്ര വലതുപക്ഷ നേതാവായ നൈജല്‍ ഫരാഗെയുടെ റിഫോം യുകെ പാര്‍ട്ടിയുടെ മുഖ്യ സംഭാവനാദാതാക്കള്‍ കൂടിയാണ് ഈ കമ്പനി. എച്ച് ആര്‍ സ്മിത്ത് ഗ്രൂപ്പ് വഴി രണ്ട് മില്യണ്‍ ട്രാന്‍സ്മിറ്റര്‍, കോക്പിറ്റ് എക്യുപ്മെന്റും മറ്റ് സാങ്കേതിക വിവരങ്ങളും എച്ച്എഎല്‍ കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. തെളിവായി ഷിപ്പിങ് രേഖകളും പുറത്തുവിട്ടിട്ടുണ്ട്.
2023 ലും 2024 ലും എച്ച്ആർ സ്മിത്ത് എച്ച്എഎല്ലിലേക്ക് 118 കയറ്റുമതി നടത്തിയതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ എച്ച്എഎൽ, അമേരിക്കയും യുകെയും കരിമ്പട്ടികയിൽ പെടുത്തിയ റഷ്യൻ ആയുധ ഏജൻസിയായ റോസോബോറോൺ എക്സ്പോർട്ടിലേക്ക് ഇതേ സീരിയല്‍ നമ്പറിലുള്ള ഉപകരണങ്ങളുടെ 13 കയറ്റുമതികൾ നടത്തിയതായി തെളിവുകള്‍ പറയുന്നു.
അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്രതിരോധ ഗവേഷണ സ്ഥാപനമാണ് എച്ച്എഎല്ലെന്ന് പ്രതിരോധ മന്ത്രാലയം കുറിപ്പില്‍ പറഞ്ഞു. കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയുമായി ആയുധ, സാങ്കേതിക വിദ്യാ ഇടപാടുകള്‍ നടത്തിയിട്ടില്ല. അടിസ്ഥാനരഹിതമായ ആരോപണമാണ് സ്ഥാപനത്തിന് നേര്‍ക്ക് ഉയര്‍ത്തിയിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. എന്നാല്‍ ആരോപണം സംബന്ധിച്ച് എച്ച്എഎല്ലിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
ഉപരോധത്തിലുള്ള രാജ്യങ്ങളുമായി സഹകരിക്കുന്ന മറ്റ് രാജ്യങ്ങളിലെ കമ്പനികള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്താറുണ്ട്. പ്രതിരോധ രംഗത്ത് തേജസ് യുദ്ധവിമാനങ്ങളടക്കം നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് എച്ച്എഎല്‍. യുഎസിലെ ജനറല്‍ ഇലക്ട്രിക് അടക്കമുള്ള വന്‍കിട കമ്പനികള്‍ എച്ച്എഎല്ലുമായി സഹകരിക്കുന്നുണ്ട്. റഷ്യന്‍ കമ്പനിക്ക് വിവരങ്ങള്‍ നല്‍കിയെന്ന് തെളിവുകള്‍ പുറത്തുവന്നാല്‍ പ്രതിരോധ ഗവേഷണ രംഗത്ത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.