22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

ഇന്ത്യയില്‍ അരലക്ഷം പാമ്പുകടി മരണം

 30 ലക്ഷത്തിലേറെ പേര്‍ക്ക് വിഷബാധ
 മരണങ്ങളിൽ 50 ശതമാനവും ഇന്ത്യയിൽ 
 നോട്ടിഫയബിൾ ഡിസീസിന്റെ പട്ടികയിലുൾപ്പെടുത്തി 
Janayugom Webdesk
ന്യൂഡല്‍ഹി
December 1, 2024 10:39 pm

പാമ്പുകടിയേറ്റുള്ള വിഷബാധ ‘നോട്ടിഫയബിൾ ഡിസീസി‘ന്റെ പട്ടികയിലുൾപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ 50 ശതമാനവും ഇന്ത്യയിലാണെന്നതിനാൽ ഇത് കുറയ്ക്കുകയാണ് ലക്ഷ്യം. പകർച്ചവ്യാധിക്ക് സമാനമായി വിവരശേഖരണം നടത്തി അധികൃതർക്ക് കൈമാറണമെന്നാണ് കേന്ദ്രനിർദേശം.

ഇന്ത്യയിൽ ഒരു വർഷം 30 ലക്ഷത്തിലേറെ പേർക്ക് കടിയേൽക്കുന്നുണ്ടെന്നും 50,000ത്തിലേറെ പേർ മരിക്കുന്നുണ്ടെന്നുമാണ് കണക്കുകള്‍. രാജ്യത്ത് മുന്നൂറിലധികം പാമ്പുവർഗങ്ങളാണുള്ളത്. ഇതിൽ കൊടുംവിഷമുള്ള 66 ഇനം പാമ്പുകളുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ മിക്ക കേസുകളും അണലി, മൂർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ട മണ്ഡലി എന്നിവയുടെ കടിയേറ്റാണ്. ഇന്ത്യയിൽ 90ശതമാനം പാമ്പുകടി മരണങ്ങള്‍ക്കും കാരണമാകുന്നത് ഈ നാലിനങ്ങളാണ്.
പാമ്പുകടിയേറ്റുള്ളതോ, പാമ്പുകടിയേല്‍ക്കാൻ സാധ്യതയുള്ളതോ ആയ മരണങ്ങളും പാമ്പുകടിയേൽക്കുന്ന സംഭവങ്ങളും ഇനിമുതൽ നിയമപ്രകാരം സർക്കാരിനെ അറിയിക്കണം. സർക്കാർ, സ്വകാര്യ മേഖലയിലെ മെഡിക്കൽ കോളജുകൾ ഉള്‍പ്പെടെയുള്ള ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും പാമ്പുകടി കേസുകൾ നിർബന്ധമായും ഈ മാതൃകയിൽ തന്നെ റിപ്പോർട്ട് ചെയ്യുകയും വേണം.

നവംബർ 27ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും അയച്ച കത്തിലാണ് പാമ്പുകടിയേറ്റുള്ള വിഷബാധ ‘നോട്ടിഫയബിൾ ഡിസീസ്’ ആക്കുന്നതായി വിവരമുള്ളത്. പാമ്പുകടി മരണങ്ങൾക്ക് അവശ്യശ്രദ്ധ കൊടുക്കുന്നതിലൂടെ പാമ്പുകടിയേൽക്കുന്നതിനുള്ള സാഹചര്യങ്ങൾ കുറയ്ക്കാനും രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും സാധിക്കുമെന്ന് ആരോഗ്യസെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. 

കേന്ദ്ര ഉത്തരവ് ഇപ്പോഴാണെത്തിയതെങ്കിലും കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ പാമ്പുകടി നേരത്തേ തന്നെ ഈ പട്ടികയിലുണ്ട്. 2030ഓടെ പാമ്പുകടിയേറ്റുള്ള മരണനിരക്ക് കുറയ്ക്കാന്‍ ലോകാരോഗ്യസംഘടനയുടെ പദ്ധതി നടപ്പാക്കിവരുന്നുണ്ട്. ഇതില്‍ ഇന്ത്യയും ഭാഗമായിരുന്നു. പദ്ധതിയിലൂടെ, പാമ്പുകടിയേൽക്കുന്ന സാഹചര്യങ്ങളിലേക്ക് പ്രത്യേക ശ്രദ്ധ ചെലുത്താനാവുമെന്നും ഇതുവഴി മരണനിരക്ക് കുറയ്ക്കാനാവുമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) ശാസ്ത്രജ്ഞൻ ഡോ. രാഹുൽ ഗാജ്‌ബൈ പറയുന്നു.
പാമ്പുകടിയേറ്റുള്ള മരണങ്ങൾക്ക് അതീവ പ്രാധാന്യം നൽകുന്നത് മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനും ഉപയോഗപ്പെടുമെന്ന് ഐസിഎംആർ മുൻ ഡയറക്ടർ ഡോ. സ്മിത മഹാലെ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ സർവ സാധാരണമായിട്ടും ഏറെ അവഗണിക്കപ്പെട്ട ഒന്നാണ് പാമ്പുകടിയേറ്റുള്ള വിഷബാധ എന്നും പുതിയ തീരുമാനം വഴി ഈ മരണങ്ങളിൽ ശ്രദ്ധ ചെലുത്താനാവുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.