24 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 19, 2025
March 5, 2025
February 21, 2025
February 18, 2025
February 5, 2025
February 4, 2025
January 18, 2025
January 3, 2025
December 12, 2024
November 30, 2024

പാതി വില തട്ടിപ്പ് കേസ് : കോണ്‍ഗ്രസ് നേതാവ് ലാലിവിന്‍സെന്റിന്റെ വീട്ടില്‍ ഇഡി പരിശോധന

Janayugom Webdesk
കൊച്ചി
February 18, 2025 10:03 am

പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടില്‍ ഇഡി പരിശോധന. ഇന്നു രാവിലെയാണ് ഇഡി പരിശോധനയ്ക്കെത്തിയത്. കേസിലെ പ്രധാന സൂത്രധാരന്‍ ആനന്ദകുമാറിന്റെ വീട്ടിലടക്കം 12 ഇടത്ത് ഇഡി റെയ്ഡ് നടക്കുകയാണ് .കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി.പകുതിവില തട്ടിപ്പിൽ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റിന്റെ പങ്ക് അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥൻ ഇതുസംബന്ധിച്ച റിപ്പോർട്ട് 21നകം സമർപ്പിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു. ലാലിയുടെ മുൻകൂർ ജാമ്യഹർജി 24ലേക്ക് മാറ്റിയ കോടതി, അതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും നീട്ടി. മുഖ്യപ്രതി അനന്തുകൃഷ്ണനിൽനിന്ന് തട്ടിപ്പിന്റെ വിഹിതമായ 46 ലക്ഷം രൂപ ലാലി വിൻസെന്റ് കൈപ്പറ്റിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ഇരുചക്രവാഹനം വാഗ്ദാനംചെയ്ത് കോടികൾ തട്ടിയ സീഡ് (സോഷ്യൽ എക്കണോമിക്‌ ഡെവലപ്‌മെന്റ്‌) സൊസൈറ്റിയുമായി കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്‌ നേരിട്ട് ബന്ധമെന്ന് നേരത്തെ വ്യക്തമായിരുന്നു. കണ്ണൂരിൽ സ്കൂട്ടറിന് പണമടച്ചവരുടെ യോഗത്തിൽ അനന്തുകൃഷ്ണനൊപ്പം ലാലി വിൻസെന്റും പങ്കെടുത്തിരുന്നു. പണമടച്ചവർ സീഡ് സൊസൈറ്റിയുമായി കരാറിൽ ഒപ്പിട്ടത്‌ ലാലിയുടെ സാന്നിധ്യത്തിലാണ്‌.അനന്തുകൃഷ്ണന്റെ അക്കൗണ്ടിൽനിന്ന് ലാലി വിൻസെന്റിന്‌ പണം നൽകിയതായി മൂവാറ്റുപുഴ പൊലീസ് കണ്ടെത്തിയിരുന്നു. 

സീഡുമായി ബന്ധമില്ലെന്നും വക്കീൽ ഫീസാണ് അനന്തുകൃഷ്ണൻ നൽകിയതെന്നുമുള്ള ലാലിയുടെ വാദം കള്ളമാണെന്ന് തെളിയിക്കുന്നതാണ് യോഗത്തിലെ സാന്നിധ്യം.കണ്ണൂരിൽ 2024 ആഗസ്ത്‌ 21നാണ്‌ ഇരുചക്രവാഹനത്തിനായി പണമടച്ചവരുടെ യോഗം ചേർന്നത്. ഗുണഭോക്തൃ സംഗമം എന്ന പേരിൽ കണ്ണൂർ അമാനി ഓഡിറ്റോറിയത്തിലായിരുന്നു യോഗം. 19ന് തളിപ്പറമ്പിലും 20ന് ശ്രീകണ്ഠപുരത്തും യോഗം ചേർന്നു. ഇരുചക്ര വാഹനത്തിനായി അനന്തുകൃഷ്ണന്റെ പ്രൊഫഷണൽ സർവീസ് ഇന്നോവേഷൻസിന്റെ അക്കൗണ്ടിലേക്ക് പണമടച്ചവർ, സീഡ് സൊസൈറ്റിയുമായി കരാറുണ്ടാക്കിയ മുദ്രപത്രത്തിൽ ഒപ്പുവച്ചത് ഈ യോഗത്തിൽവച്ചാണ്.സീഡ് കണ്ണൂർ സൊസൈറ്റി സെക്രട്ടറി എ മോഹനന്റെ പരാതിയിലാണ് കേസെടുത്തത്.

അനന്തുകൃഷ്ണൻ ഒന്നാം പ്രതിയും നാഷണൽ കോൺഫെഡറേഷൻ ഓഫ് എൻജിഒയുടെ സ്ഥാപക പ്രസിഡന്റ്‌ കെ എൻ ആനന്ദകുമാർ രണ്ടാം പ്രതിയുമാണ്. ഗുണഭോക്തൃയോഗത്തിൽ ലാലി പങ്കെടുത്തിരുന്നെന്ന് കണ്ണൂരിലെ സീഡ് സൊസൈറ്റി ഭാരവാഹികളും സാക്ഷ്യപ്പെടുത്തുന്നു. 2024 ഒക്ടോബറിൽ അനന്തുകൃഷ്ണനൊപ്പം കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലും ലാലി വിൻസെന്റ്‌ എത്തിയിരുന്നു. തന്റെ ഓഫീസിലെത്തിയാണ് അനന്തുകൃഷ്ണനെ ലാലി പരിചയപ്പെടുത്തിയതെന്ന് കെ എൻ ആനന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അനന്തുകൃഷ്ണന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ ലാലി സ്ഥിരം സന്ദർശകയായിരുന്നെന്നും വിവരമുണ്ട്.കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏഴാം പ്രതിയാണ് ലാലി വിൻസെന്റ്‌. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ്‌ ഡവലപ്മെന്റ്‌ സ്റ്റഡീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റികളാണ് സീഡ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.