ഏപ്രിൽ ഒന്ന് മുതൽ വില്ക്കുന്നതും വാങ്ങുന്നതുമായ സ്വർണാഭരണങ്ങളിൽ പുതിയ ഹാൾമാർക്ക് മുദ്ര നിർബന്ധമാക്കിയ കേന്ദ്ര ഉത്തരവിനെതിരെ സ്വർണവ്യാപാരികളിൽ നിന്ന് കടുത്ത എതിർപ്പ്. വളഞ്ഞ വഴിയിലൂടെ സ്വർണാഭരണ വ്യാപാരികളെ കൊള്ളയടിക്കാനുള്ള നീക്കം ഉത്തരവിന്റെ പിന്നിലുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
ഏപ്രിൽ ഒന്ന് മുതൽ ആറക്ക യൂണിക് ഐഡന്റിഫിക്കേഷൻ (എച്ച‌്‌യുഐഡി )മുദ്ര നിർബന്ധമാക്കി ഉപഭോക്തൃ കാര്യ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. നാലക്കമോ ആറക്കമോ വരുന്ന ഹാൾ മാർക്കിങ്ങുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ ആശയക്കുഴപ്പം ഇല്ലാതാക്കാനാണെന്ന പേരിലാണ്, 31നു ശേഷം എച്ച്‌യുഐഡി മുദ്രയില്ലാത്ത ആഭരണങ്ങൾ വില്ക്കുന്നതും വാങ്ങുന്നതും വിലക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ ഉത്തരവ്. എന്നാൽ, ഇത് ധൃതി പിടിച്ചെടുത്തതും അപ്രായോഗികവുമായ തീരുമാനമായിപ്പോയെന്നാണ് വ്യാപാരികളുടെ കുറ്റപ്പെടുത്തൽ.
ഒരാഭരണത്തിൽ നിലവിൽ പതിച്ചിട്ടുള്ള നാലക്ക ഹാൾ മാർക്കിങ് മുദ്രകൾ, പുതിയ ആറക്ക മുദ്ര പതിക്കുന്നതിനായി മായ്ച്ചുകളയുമ്പോൾ രണ്ട് മുതൽ അഞ്ച് മില്ലിഗ്രാം വരെ സ്വർണം നഷ്ടപ്പെടുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥിതി ലക്ഷക്കണക്കായ ആഭരണങ്ങളെ ബാധിക്കുമ്പോൾ കച്ചവടക്കാർക്ക് സംഭവിക്കുന്ന നഷ്ടം ഭീമമാണ്.
പഴയ സ്റ്റോക്കിന്റെ വലിയ ശേഖരമാണ് പല വ്യാപാരശാലകളിലുമുള്ളത്. ഇവയൊന്നും ഏപ്രിൽ ഒന്നിനകം വിറ്റ് തീരാൻ പോകുന്നുമില്ല. അതിനാൽ, കൈവശമുള്ള ശേഖരം വിറ്റ് തീരുന്നതിനു വേണ്ടി, പുതിയ ഹാൾ മാർക്കിങ് മുദ്ര പതിപ്പിക്കുന്ന നടപടി ആറ് മാസത്തേക്കെങ്കിലും നീട്ടിവയ്ക്കണം എന്നാണാവശ്യം. പ്രശ്നപരിഹാരത്തിനായി ചർച്ചയ്ക്ക് കേന്ദ്രം തയ്യാറാവുന്നില്ല. കടുംപിടിത്തം തുടരാനാണ് ഭാവമെങ്കിൽ സ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ടുള്ള സമര പരിപാടികൾക്കാണ് വ്യാപാരി സംഘടനകൾ തയ്യാറെടുക്കുന്നത്.
പുറമെ, ഇതുമായി ബന്ധപ്പെട്ട നിലവിലെ നടപടിക്രമങ്ങളിൽ വൈരുധ്യമേറെയാണെന്ന ആക്ഷേപവുമുണ്ട്. 40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ളവർക്ക് ജിഎസ്‌ടി രജിസ്ട്രേഷൻ ആവശ്യമില്ല. അതിനാൽ ബിഐഎസ് ലൈസൻസും വേണ്ടാ. അതേസമയം ബിഐഎസ് ലൈസൻസ് ഇല്ലാതെ എച്ച് യുഐഡി ആഭരണങ്ങൾ വില്ക്കാനും കഴിയില്ല. ചെറുകിട വ്യാപാരികളെ ഇതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്. വ്യാപാരികളുടെ ആവശ്യം പരിഗണിച്ച്, ഉത്തരവ് നടപ്പാക്കുന്നത് നീട്ടിവയ്ക്കാനാവുമോയെന്ന് കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞിരുന്നു.
English Summary: Hallmark stamp on jewellery; Center and traders in conflict
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.