1 January 2026, Thursday

Related news

January 1, 2026
December 31, 2025
December 31, 2025
December 30, 2025
December 29, 2025
December 29, 2025
December 28, 2025
December 26, 2025
December 18, 2025
December 15, 2025

ഹമാസ് ബന്ദികളുടെ പട്ടിക കൈമാറി, കാർമേഘമകന്നു; ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ

Janayugom Webdesk
ടെൽ അവീവ്:
January 19, 2025 4:51 pm

തുടർച്ചയായി 15 മാസം നീണ്ടുനിന്ന കൊന്നുടുക്കലിനൊടുവിൽ ഗാസയിൽ കാർമേഘമകന്നു. ഹമാസ് ബന്ദികളുടെ പട്ടിക കൈമാറിയതോടെ
ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ആദ്യം മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെയാണ് ഇസ്രയേൽ വെടിനിർത്തലിന് തയ്യാറായത്. ഇന്ന് മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ അനിശ്ചിതത്വമുണ്ടായിരുന്നു. തുടർന്നാണ് 3 മണിക്കൂർ നീണ്ട അനിശ്ചിതത്വം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രാബല്യത്തിൽ വരികയായിരുന്നു. അതേസമയം, ഇസ്രയേൽ ഇന്നും ഗാസയിൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

15 മാസം നീണ്ടുനിന്ന ഏറ്റുമുട്ടലുകൾക്കാണ് ഇസ്രയേൽ — ഹമാസ് സമാധാന കരാറോടെ അവസാനമാകുന്നത്. ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തോടെ തുടങ്ങിയ സംഘർഷം മധ്യപൂർവേഷ്യയെ ആകെ അസ്ഥിരമാക്കി. യുദ്ധത്തിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം ആയിരങ്ങൾക്കാണ് ജീവൻ നഷ്ടമായത്. അതിലും എത്രയോ ഇരട്ടി ആളുകൾക്ക് ജീവിതം തന്നെ ഇല്ലാതായി. 2023 ഒക്ടോബർ 7നായിരുന്നു ഇസ്രയേലിനെതിരെ ഹമാസ് സായുധ സംഘത്തിന്റെ ആക്രമണം. ലക്ഷ്യം പട്ടാളക്കാർ മാത്രമായിരുന്നില്ല, അവധി ദിവസം ആഘോഷിക്കുകയായിരുന്നവരെ ഹമാസ് നിർദ്ദയം കൊന്നൊടുക്കി. 1200ലധികം ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. 250ലേറെപ്പേർ ബന്ദികളാക്കപ്പെട്ടു. ചരിത്രത്തിലെങ്ങും ഇസ്രയേൽ അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധി ഘട്ടമായിരുന്നു അത്. പേരുകേട്ട പ്രതിരോധ സംവിധാനം പോലും നിഷ്ഫലമായ മണിക്കൂറുകളായിരുന്നു. 

ആദ്യം പകച്ചെങ്കിലും ഇസ്രയേൽ പ്രത്യാക്രമണം തുടങ്ങി. ഗാസ സിറ്റിയിൽ നിന്ന് ഒഴിഞ്ഞു പോവാൻ സാധാരണക്കാരോട് നെതന്യാഹു മുന്നറിയിപ്പ് നൽകി. പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ തുടർച്ചയായ ആക്രമണങ്ങളുടേതായിരുന്നു. ലക്ഷ്യം ഹമാസിന്റെ ഒളിത്താവളങ്ങളായിരുന്നെങ്കിലും കൊല്ലപ്പെട്ടവരിലധികവും സാധാരണക്കാരായിരുന്നു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയടക്കം ആക്രമിക്കപ്പെട്ടു. ഡിസംബറിന്റെ തുടക്കം മുതൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ളവർ ചർച്ചകൾക്ക് ശ്രമിച്ചുകൊണ്ടേയിരുന്നു. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് നിയുക്ത പ്രസിഡന്റ് ട്രംപ് ആവർത്തിച്ചു. ഇതിനിടയിലെല്ലാം ആക്രമണം തുടർന്നു കൊണ്ടിരുന്നു. 46000ലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. ഒരു ലക്ഷത്തിലധികംപേർക്ക് പരിക്കേറ്റു. പക്ഷേ ചർച്ചകൾ തുടർന്നു. കൂടുതൽ മധ്യസ്ഥൻമാരുണ്ടായി.ഒടുവിൽ ജനുവരി 15നാണ് ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.