23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 4, 2024
October 25, 2024
October 18, 2024
July 31, 2024
April 11, 2024
March 5, 2024
January 22, 2024
December 26, 2023
December 9, 2023
October 31, 2023

വെടിനിര്‍ത്തലിന് തയ്യാറായാല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്

Janayugom Webdesk
കെയ്റോ
October 25, 2024 11:11 pm

ഗാസയിൽ വെടിനിർത്തലിന് തയ്യാറാവുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ഇസ്രയേലിനോട് ഹമാസ്. വെടിനിർത്തൽ കരാർ അവതരിപ്പിക്കുകയാണെങ്കിൽ പോരാട്ടം അവസാനിപ്പിക്കാമെന്നാണ് ഇസ്രയേൽ ചാര മേധാവി പങ്കെടുത്ത ചർച്ചയിൽ ഹമാസ് അറിയിച്ചത്. ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടതോടെയാണ് ഒരു സമവായചർച്ചയ്ക്ക് ഇസ്രയേൽ തയ്യാറായത്. സിന്‍വാര്‍ കൊല്ലപ്പെട്ടതോടെ വെടിനിര്‍ത്തല്‍ കരാറിന് സാധ്യതയുണ്ടെന്ന് അമേരിക്കയും വിലയിരുത്തിയിരുന്നു. 

ഗാസ മുനമ്പിൽ ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കണം, ഗാസയിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കണം, രണ്ടു വിഭാഗവും ബന്ദികളാക്കിയിട്ടുള്ള ആളുകളെ കൃത്യമായ കരാറിന്റെ അടിസ്ഥാനത്തില്‍ വിട്ടയയ്ക്കണം എന്നിങ്ങനെയാണ് ഹമാസ് മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ.
ഈജിപ്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വെടിനിർത്തൽ ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ നടക്കുന്ന ചർച്ചകളെല്ലാം. ഹമാസ് ബന്ദികളാക്കിയ ആളുകളെ വിട്ടുകിട്ടുന്നതിനായി കരാർ ഉണ്ടാക്കാൻ ഈജിപ്തിന്റെ ഭാഗത്തുനിന്നുമുള്ള ശ്രമം സ്വാഗതാർഹമാണ് എന്നാണ് ഇസ്രയേലിന്റെ ആദ്യപ്രതികരണം.
കെയ്റോയില്‍ വച്ച് നടന്ന ചർച്ചകൾക്കുശേഷം വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറുമായി സംസാരിക്കുന്നതിനായി മൊസാദ് പ്രതിനിധികള്‍ക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കി. അജണ്ടയിലുള്ള പദ്ധതികളെ മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് പ്രതിനിധികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം ഖത്തർ കേന്ദ്രീകരിച്ചാകും നടക്കുക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യാഴാഴ്ച ദോഹയിൽ വച്ച് ഖത്തർ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഗാസ മുനമ്പിൽ സമാധാനം പുനഃസ്ഥാപിക്കാൻ മധ്യസ്ഥത വഹിക്കുന്നവർ പുതിയ മാർഗങ്ങൾ സ്വീകരിക്കുമെന്ന് ആന്റണി ബ്ലിങ്കന്‍ അറിയിച്ചു. 

ഗാസയിൽ നിന്നും ഇസ്രയേൽ പിന്മാറുകയും ഹമാസ് ഇനി വീണ്ടും ശക്തിപ്രാപിക്കാതിരിക്കുകയും പലസ്തീനിലെ ജനങ്ങൾ സമാധാനപൂർണമായ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനും സഹായിക്കുന്ന ഒരു കരാറിലേക്ക് എത്തുക എന്നതാണ് ലക്ഷ്യമെന്ന് ബ്ലിങ്കൻ പറഞ്ഞു. ഗാസയിലെ വംശീയ ഉന്മൂലനം അവസാനിപ്പിക്കാന്‍ ഇസ്രയേലിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് ജോർദാൻ വിദേശകാര്യമന്ത്രി അയ്മാൻ സഫാദി ബ്ലിങ്കനോട് ആവശ്യപ്പെട്ടിരുന്നു.
ഈ മാസം വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 770 പേരാണ് കൊല്ലപ്പെട്ടത്. ഹമാസിനെ സമ്മർദത്തിലാക്കുക എന്നതായിരുന്നു ഈ ആക്രമണത്തിന്റെ ലക്ഷ്യം. 19 ദിവസങ്ങൾകൊണ്ടാണ് ഇത്രയും ഉയർന്ന മരണനിരക്കുണ്ടായത്. കെട്ടിടാവശിഷ്ടങ്ങളിൽ പെട്ടുപോയ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കാൻ പോലും സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ദുരിതാശ്വാസ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളില്‍ നടത്തിയ ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.