
ഇസ്രയേലിന്റെ പിന്തുണയുള്ള യുഎസ് വെടിനിര്‍ത്തല്‍ പദ്ധതിക്ക് യുദ്ധമോ, ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ഉപരോധമോ അവസാനിപ്പിക്കാനാകില്ലെന്ന് ഹമാസ്. കൊലപാതകങ്ങള്‍ക്കും ക്ഷാമത്തിനും അറുതിവരുത്താനാകില്ലെങ്കിലും ദേശീയ ഉത്തരവാദിത്തത്തോടെ പുതിയ നിര്‍ദേശങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഹമാസ് പറയുന്നു.
“അതിര്‍ത്തി കടന്നുള്ള യുദ്ധവും കൊലപാതകവും പട്ടിണിയും അവസാനിക്കില്ലെന്നാണ് ഇസ്രയേലിന്റെ പ്രതികരണം വ്യക്തമാക്കുന്നത്” ഹമാസ് ഉന്നത ഉദ്യോഗസ്ഥനായ ബാസെം നയീം പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് നിബന്ധനകള്‍ ഇസ്രയേല്‍ നിലപാടുകള്‍ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഹമാസിന്റെ മറ്റൊരു ഉന്നതോദ്യോഗസ്ഥനായ സമി അബു സുഹ‍്‍രി റോയിട്ടേഴ്‍സിനോട് പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കുക, ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുക അല്ലെങ്കില്‍ ഹമാസ് ആവശ്യപ്പെട്ട സഹായം നല്‍കുക എന്നീ നിര്‍ണായകമായ കാര്യങ്ങള്‍ അതിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
നിര്‍ദേശങ്ങളില്‍ ഇസ്രയേല്‍ ഒപ്പുവച്ചതായി അമേരിക്ക നേരത്തെ അവകാശപ്പെട്ടിരുന്നു. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇസ്രയേല്‍ പിന്തുണയുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസിന് കൈമാറിയിരുന്നെന്ന് വൈറ്റ് ഹൗസ് വ്യാഴാഴ്ച അറിയിച്ചു. ചര്‍ച്ചകള്‍ നടക്കുകയാണെന്നും പറഞ്ഞിരുന്നു. ട്രംപും മധ്യസ്ഥത വഹിക്കുന്ന ഖത്തറും ഈജിപ്തും ഉറപ്പുനല്‍കുന്നത് രണ്ട് മാസത്തെ വെടിനിര്‍ത്തലും ജീവപര്യന്തം തടവ് വിധിക്കപ്പെട്ട 125 പലസ്തീനികളെയും ആക്രമണം തുടങ്ങി ആദ്യ ആഴ്ചയില്‍ കൊല്ലപ്പെട്ട 180 പലസ്തീനികളുടെ മൃതദേഹങ്ങളും കൈമാറുമെന്നും പകരം 28 ഇസ്രയേലി ബന്ദികളെ കൈമാറണമെന്നുമാണെന്ന് റോയിട്ടേഴ്സ് പറയുന്നു. ഇതനുസരിച്ച് ഹമാസ് കരാറില്‍ ഒപ്പുവച്ചാലുടന്‍ ഗാസയിലേക്ക് സഹായം അയയ്ക്കുമെന്നും ശാശ്വത വെടിനിര്‍ത്തല്‍ നിലവില്‍ വന്നാല്‍ അവസാന 30 ബന്ദികളെ മോചിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐക്യരാഷ്ട്രസഭയും റെഡ്ക്രസന്റും ഉള്‍പ്പെടെ സംഘടനകള്‍ വഴിയാണ് സഹായം വിതരണം ചെയ്യുകയെന്ന് ഇസ്രയേലിപത്രം ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കരാര്‍ നടപ്പിലാകുന്നതോടെ ഇസ്രയേലിന്റെ എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്തുമെങ്കിലും വടക്കന്‍, തെക്കന്‍ ഗാസയിലെ പ്രദേശങ്ങളിലും നെറ്റ്സാരിം ഇടനാഴി എന്നറിയപ്പെടുന്ന സ്ഥലത്തും സൈന്യത്തെ വീണ്ടും വിന്യസിക്കും. വടക്കന്‍ ഗാസയിലെ വലിയ പ്രദേശം ഉള്‍പ്പെടെ ഒഴിപ്പിക്കുമെന്ന പുതിയ മുന്നറിയിപ്പ് ഇസ്രയേല്‍ പ്രതിരോധ സേന വ്യാഴാഴ്ച പുറപ്പെടുവിച്ചു.
ഇവിടങ്ങളില്‍ താമസിക്കുന്ന പലസ്തീനികള്‍ പടിഞ്ഞാറോട്ട് മാറണമെന്നും ആഹ്വാനം ചെയ്തു. പ്രദേശം അപകടകരമായ പോരാട്ട മേഖലയായി കണക്കാക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഇസ്രയേലിന്റെ ഗാസ ആക്രമണങ്ങളില്‍ വ്യാഴാഴ്ച വരെ 54,249 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
അധിനിവേശ വെസ്റ്റ്ബാങ്കില്‍ 22 പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തെ ഐക്യരാഷ്ട്രസഭ വിമര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.