ഇറാൻ വിതച്ച തീവ്രവാദത്തിന്റെ വിത്തുകൾ ഓരോന്നായി നശിപ്പിക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ശേഷം ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് നെതന്യാഹുവിന്റെ പ്രസ്താവന. ഹമാസ് തട്ടിക്കൊണ്ടു പോയ അവസാനത്തെ ഇസ്രയേലുകാരനെയും തിരികെയെത്തിക്കുമെന്നും അതുവരെ പോരാട്ടം തുടരുമെന്നും നെതന്യാഹു പറഞ്ഞു.
ഒരു വർഷം മുമ്പാണ് യഹിയ സിന്‍വാറിന്റെ നേതൃത്വത്തിലുള്ള ഭീകരവാദികൾ ഇസ്രയേലിൽ ആക്രമണം നടത്തിയത്. ജർമ്മനിയിലെ കൂട്ടക്കൊലയ്ക്കു ശേഷം ഇസ്രയേൽ ജനത നേരിട്ട ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. 1200 പൗരൻമാരാണ് അന്ന് കൊല്ലപ്പെട്ടത്. സ്ത്രീകളെ ബലാത്സംഗം ചെയ്തു, കുട്ടികൾ ജീവനോടെ കുഴിച്ചിടപ്പെട്ടു, പുരുഷൻമാരുടെ തലയറുത്തു. 251 ഇസ്രയേലുകാരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി. ഇതിന്റെ പിന്നിലെ ബുദ്ധികേന്ദ്രം സിൻവറാണ്. ഇസ്രയേല്‍ പ്രതിരോധ സേനയുടെ സമര്‍ത്ഥരായ സൈനികർ റാഫയിൽ വച്ച് സിൻവറിനെ വധിച്ചിരിക്കുകയാണ്, നെതന്യാഹു പറഞ്ഞു. ഇത് ഒന്നിന്റെയും അവസാനമല്ല, അവസാനിപ്പിക്കുന്നതിന്റെ തുടക്കം മാത്രമാണെന്നും നെതന്യാഹു മുന്നിറിയിപ്പ് നല്‍കി.
ഇസ്രയേൽ ഉൾപ്പെടെ 23 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ ഉൾപ്പെടുന്ന 101 പേരെ ഹമാസ് നിലവിൽ ബന്ദികളാക്കിയിട്ടുണ്ടെന്ന് നെതന്യാഹു പറഞ്ഞു. ഹമാസ് ആയുധം താഴെ വച്ച് ബന്ദികളെ തിരിച്ചയച്ചാൽ ഈ യുദ്ധം നാളെ അവസാനിക്കും. ബന്ദികളാക്കപ്പെട്ടവരെ ഉപദ്രവിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ് കൂടി തരുന്നു. നിങ്ങളെ ഇസ്രയേൽ കീഴടക്കും, നീതി നടപ്പാക്കും. ഹമാസ് ഇനി ഗാസ ഭരിക്കില്ല. ഗാസ നിവാസികള്‍ക്ക് ഹമാസിന്റെ സേച്ഛാധിപത്യത്തില്‍ നിന്ന് മോചനം നേടാനുള്ള അവസരമാണിത്. പശ്ചിമേഷ്യയിൽ ഇറാൻ സൃഷ്ടിച്ച തീവ്രവാദത്തിന്റെ അച്ചുതണ്ട് തകർന്നടിയുകയാണ്. നസ്‌റല്ല, മുഹ്‌സിൻ, ഹനിയ, ദെഫ്, സിൻവാർ എല്ലാവരും കൊല്ലപ്പെട്ടു. ഇറാനിലും ഇറാഖിലും യെമനിലും സിറിയയിലും ലെബനനിലും വിതച്ച തിവ്രവാദത്തിന്റെ വിത്തുകൾ ഇസ്രയേൽ പിഴുതെറിയുമെന്നും നെതന്യാഹു വെല്ലുവിളി മുഴക്കി.
സിന്‍വാറിന്റെ മരണത്തില്‍ പ്രതികരണവുമായി ജോ ബെെഡനും രംഗത്തെത്തി. ഇസ്രയേലിനും അമേരിക്കയ്ക്കും ലോകത്തിനും നല്ല ദിവസമാണെന്നായിരുന്നു വെെറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലെ പ്രതികരണം. ഹമാസിന്റെ നേതാവെന്ന നിലയിൽ, ആയിരക്കണക്കിന് ഇസ്രയേലികൾ, പലസ്തീനികൾ, അമേരിക്കക്കാർ, 30ലധികം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ എന്നിവരുടെ മരണത്തിന് ഉത്തരവാദിയാണ് സിന്‍വാറെന്നും ബെെഡന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.