
പതിവ്രതയാണെന്ന് തെളിയിക്കുന്നതിനായി ഭർത്താവിൻ്റെ നിർബന്ധപ്രകാരം തിളച്ച എണ്ണയിൽ കൈമുക്കിയ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. ആന്ധ്രാപ്രദേശിലെ പുതലപ്പട്ടിൽ രണ്ടുദിവസങ്ങൾക്കുമുമ്പാണ് മനുഷ്യത്വരഹിതമായ ഈ സംഭവം നടന്നത്. ചിറ്റൂർ ജില്ലയിലെ തട്ടിത്തോപ്പ് വില്ലേജിൽ ഒരു ആദിവാസി കുടുംബത്തിലാണ് ഈ ക്രൂരത അരങ്ങേറിയത്. 57 വയസ്സുകാരനായ ഭർത്താവിന് കാലങ്ങളായി ഭാര്യക്കുമേൽ സംശയം നിലനിന്നിരുന്നു. സംശയരോഗത്തെത്തുടർന്ന് ഇയാൾ പലതവണ ഭാര്യയെ ആക്രമിക്കുകയും മർദിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഭർത്താവിൽനിന്നുള്ള നിരന്തര പീഡനത്തേക്കാൾ നല്ലത് തിളച്ച എണ്ണയിൽ കൈമുക്കുന്നതാണെന്ന് ചിന്തിച്ചാണ് യുവതിയും പരിശോധനയ്ക്ക് തയ്യാറായത്.
രാവിലെ പത്തരയോടെയാണ് തിളച്ച എണ്ണയിൽ കൈമുക്കിയുള്ള ഈ ‘പതിവ്രതാ പരിശോധന’ നടന്നത്. പൂക്കൾ കൊണ്ടലങ്കരിച്ച ഇരുമ്പുപാത്രത്തിൽ അഞ്ച് ലിറ്റർ എണ്ണയൊഴിച്ച് ചൂടാക്കിയായിരുന്നു പരിശോധന. പരിശോധനയ്ക്ക് സാക്ഷികളാകാൻ മുതിർന്നവരും അയൽവാസികളും തടിച്ചുകൂടിയിരുന്നു. ഇവരുടെ നാല് മക്കളുടെ കൂടി സമ്മതത്തോടെയാണ് പരിശോധന നടന്നതെന്നാണ് സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞത്. യേറുകുല വിഭാഗത്തിൽ പെണ്ണിന്റെ പാതിവ്രത്യം സംശയിക്കപ്പെട്ടാൽ തിളച്ച എണ്ണയിൽ കൈമുക്കിയുള്ള പരിശോധന കാലാകാലങ്ങളായി നിലവിലുള്ളതാണ്. എണ്ണയിൽ മുക്കുമ്പോൾ കൈ പൊള്ളുന്നുണ്ടോ ഇല്ലയോ എന്നതാണ് പരിശോധനാ ഫലമായി കണക്കാക്കുന്നത്. സംഭവസമയത്ത് ഒരു സർക്കാർ ഉദ്യോഗസ്ഥൻ്റെ സമയോചിതമായ ഇടപെടലിലൂടെ യുവതിയുടെ ജീവൻ രക്ഷിക്കാനായി. സംഭവത്തിൽ ഔദ്യോഗികമായി പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല. എന്നാൽ, കുടുംബാംഗങ്ങളെ എല്ലാവരെയും കൗൺസിലിങ്ങിന് വിധേയരാക്കിയ ശേഷമാണ് വിട്ടയച്ചതെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.