
ഇന്ത്യ വര്‍ഷങ്ങളായി മുറുകെപ്പിടിച്ച ചേരിചേരാ നയം പാടെ ഉപേക്ഷിച്ച നരേന്ദ്ര മോഡി സര്‍ക്കാര്‍ പിന്‍പറ്റുന്നത് ദാസ്യവേല ചെയ്യുന്ന വിദേശനയം. പതിറ്റാണ്ടുകളിലൂടെ ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ന്നുവന്ന അവസരത്തിലാണ് വിദേശ നയത്തില്‍ മോഡി സര്‍ക്കാരിന്റെ അസ്ഥിരത.
നിലപാടുകള്‍ക്ക് പകരം ആലിംഗനങ്ങളും തത്വങ്ങള്‍ക്ക് പകരം ഹാഷ്‌ടാഗുകളും സ്വീകരിക്കുന്ന വിദേശനയം യുഎസ് താല്പര്യത്തിന് അനുസൃതമായി ചലിക്കുന്നതായും അടുത്തിടെ നടന്ന നിരവധി സംഭവവികാസങ്ങള്‍ തുറന്നുകാട്ടുന്നു. ഏറ്റവുമൊടുവില്‍ ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന യുഎന്‍ പൊതുസഭയിലെ പ്രമേയ വോട്ടെടുപ്പില്‍ ന്യൂഡല്‍ഹി വിട്ടുനിന്നു. 55,297 പേര്‍ കൊല്ലപ്പെടുകയും 1,28,426 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മാനുഷിക പ്രതിസന്ധിയിലാണ് മോഡി സര്‍ക്കാര്‍ ധാര്‍മ്മികതയില്ലായ്മ കാണിച്ചത്. മനുഷ്യത്വരഹിതമായ ആക്രമണം തുടരുന്ന ഇസ്രയേലിന് അനുകൂലമായ സമീപനമായിരുന്നു ഇന്ത്യയുടേത്. നേരത്തെ പലസ്തീന് ചരിത്രപരമായ നീതി ലഭിക്കണമെന്ന് ഇന്ത്യ ശക്തമായി വാദിച്ചിരുന്നു. ആ നിലപാടില്‍ നിന്നാണ് പിന്മാറ്റം. 1975ല്‍ ന്യൂഡല്‍ഹിയില്‍ ഔദ്യോഗികമായ ഓഫിസ് ആരംഭിക്കാന്‍ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് (പിഎല്‍ഒ) അനുമതി നല്‍കിയിരുന്നു. മോഡി അധികാരത്തില്‍ എത്തിയശേഷവും 2015ല്‍ യുഎന്‍ ആസ്ഥാനത്തിന് സമീപം പലസ്തീന്‍ പതാക സ്ഥാപിക്കുന്നതിനെ പിന്തുണച്ചിരുന്നു. 2023 ഡിസംബറില്‍ ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രമേയത്തെ പിന്തുണച്ച മോഡി സര്‍ക്കാരാണ് നിര്‍ണായക ഘട്ടത്തില്‍ ചേരിചേരാ നയത്തില്‍ വെള്ളം ചേര്‍ത്ത് സാമ്രാജ്യത്വപക്ഷത്തോട് കൂറു പുലര്‍ത്തിയത്.
റഷ്യ‑ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനുമുള്ള യുഎന്‍ പ്രമേയ വോട്ടെടുപ്പിലും ഇന്ത്യ വിട്ടുനിന്നു. 2020 ജൂണില്‍ ലഡാക്കിലെ ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട വിഷയത്തിലും മോഡി സര്‍ക്കാര്‍ അഴകൊഴമ്പന്‍ നിലപാടാണ് സ്വീകരിച്ചത്. ചൈനീസ് പട്ടാളം നുഴഞ്ഞുകയറ്റം നടത്തിയിട്ടില്ല എന്നായിരുന്നു പ്രതികരണം. ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് പ്രതിരോധ മന്ത്രാലയ രേഖകള്‍ ചോര്‍ന്നതിന് പിന്നാലെയായിരുന്നു അസത്യ പ്രചരണം നടത്തിയത്. 2024 ജനുവരിയിലെ മോഡിയുടെ ലക്ഷദ്വീപ് ടൂറിസം മുന്നേറ്റത്തെ മാലിദ്വീപ് പരിഹസിച്ചപ്പോൾ, ഇന്ത്യയുടെ പ്രതികരണം നയതന്ത്രപരമായിരുന്നില്ല. ടൂറിസം പ്രചരണങ്ങൾ ഏകോപിപ്പിക്കുക, ഡ്രോൺ ഷോട്ടുകൾ, ബീച്ച് റീലുകൾ, വിസിറ്റ് ലക്ഷദ്വീപ് കാമ്പയിന്‍ എന്നിവയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനായി സെലിബ്രിറ്റികളെയും സമൂഹമാധ്യമ ടീമുകളെയും വിന്യസിക്കുകയും ചെയ്തു. മാലിദ്വീപിനെതിരെ വിദ്വേഷ പ്രചരണവും സംഘ്പരിവാര്‍ ഇതിനൊപ്പം നടത്തി. വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണവും ദുര്‍ബലമായിരുന്നു.
ചേരിചേരാ വിദേശ നയം പിന്തുടര്‍ന്ന കാലത്ത് ലോകനേതാക്കള്‍ ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തുനില്‍ക്കുകയും വിലകല്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മോഡി സര്‍ക്കാരിന്റെ യുഎസ് ദാസ്യമനോഭാവം രാജ്യത്തെ നയതന്ത്ര തലത്തില്‍ പിന്നോട്ടടിക്കുകയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.