മൃഗശാലയില്‍ നിന്നും പുറത്തുചാടിയ ഹനുമാന്‍ കുരങ്ങ് നഗരത്തില്‍ നിന്നും മുങ്ങിയിട്ടില്ല. ആഴ്ചകളായി നഗരത്തില്‍ കറങ്ങി നടക്കുന്ന പെണ്‍ കുരങ്ങിനെ കാണാനില്ലെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ കുരങ്ങ് എവിടെയും പോയിട്ടില്ല. കക്ഷി നഗരത്തില്‍ തന്നെ ഉണ്ട്. മൃഗശാല അധികൃതരുടെ പൂര്‍ണ നിരീക്ഷണത്തിലാണ് പെണ്‍ കുരങ്ങിന്റെ നഗരം ചുറ്റിയുള്ള യാത്ര. ഇന്നലെ വഴുതക്കാട് ഭാഗത്തുള്ള മരത്തിലാണ് കുരങ്ങന്‍ ഇരിപ്പുറപ്പിച്ചത്.
ഈ മാസം 12നാണ് മൃഗശാലയില്‍ നിന്നും ഹനുമാന്‍ കുരങ്ങ് പുറത്തു ചാടിയത്. മാസ്കറ്റ് ഹോട്ടലിനു സമീപമാണ് ആദ്യ ദിനങ്ങളില്‍ കുരങ്ങിനെ കണ്ടെത്തിയത്. അവിടെ നിന്ന് പാളയം പബ്ലിക് ലൈബ്രറിക്കു സമീപത്തേക്കും പിന്നീട് വുമണ്‍സ് കോളജിനകത്തും എത്തി. പിന്നീട് ഡിപിഐ പരിസരത്തേക്ക് എത്തിയ കുരങ്ങ് അവിടെ നിന്നും ആകാശവാണിയുടെ കോമ്പൗണ്ടിനകത്ത് കറങ്ങി നടന്നു. അവിടെ നിന്ന് ചൊവ്വാഴ്ച ജനയുഗം പത്രത്തിന്റെ കോമ്പൗണ്ടിലെ മാവില്‍ ഒരു രാത്രി മുഴുവന്‍ തങ്ങി. ഇന്നലെ അവിടെ നിന്നും വഴുതക്കാടെത്തിയ കുരങ്ങ് ഒരു കെട്ടിടത്തിനു മുന്നിലുള്ള തെങ്ങിലാണ് താമസം.
രാത്രി കാലങ്ങളിലും കുരങ്ങ് യാത്ര ചെയ്യുന്നുണ്ടെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. നിലവില്‍ പകലും രാത്രിയും നിരീക്ഷിക്കുന്നതിനോടൊപ്പം ആവശ്യത്തിനുള്ള ഭക്ഷണവും കുരങ്ങിന് നല്‍കുന്നുണ്ട്. ഏത്തപ്പഴം, കരിക്ക്, മുന്തിരി എന്നിവയാണ് പ്രധാനമായും നല്‍കുന്നത്. മൃഗശാല സൂപ്പര്‍വൈസര്‍ സജിയുടെ നേതൃത്വത്തില്‍ അനിമല്‍ വാച്ചര്‍മാരായ അജിതൻ, സുജി ജോർജ് എന്നിവരാണ് പകല്‍ സമയത്ത് കുരങ്ങിനെ നിരീക്ഷിക്കുന്നത്. രാത്രി മറ്റ് രണ്ട് വാച്ചര്‍മാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കുരങ്ങിനെ നിര്‍ബന്ധിച്ച് പിടികൂടേണ്ടതില്ലെന്ന് മന്ത്രി ചിഞ്ചുറാണിയുടെ നിര്‍ദേശമുണ്ട്. താമസിയാതെ മൃഗശാല പരിസരത്തേക്ക് കുരങ്ങ് എത്തും. മരത്തില്‍ തന്നെ തുടരുന്ന കുരങ്ങ് താഴെ ഇറങ്ങാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കുരങ്ങ് താഴെ ഇറങ്ങിയാല്‍ ഉടന്‍ പിടികൂടുമെന്നും സൂപ്പര്‍വൈസര്‍ പറഞ്ഞു. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് ഹനുമാന്‍ കുരങ്ങിനെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്. സന്ദര്‍ശകര്‍ക്ക് കാണാനായി കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് കുരങ്ങ് അപ്രതീക്ഷിതമായി ചാടിപ്പോയത്. അന്ന് മുതല്‍ മൃഗശാലയിലെ ജീവനക്കാര്‍ രാവും പകലും കുരങ്ങിനെ നിരീക്ഷിക്കുന്നുണ്ട്.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.