31 December 2025, Wednesday

Related news

December 29, 2025
December 29, 2025
December 28, 2025
December 25, 2025
December 22, 2025
December 21, 2025
December 21, 2025
December 21, 2025
December 19, 2025
December 17, 2025

ഹരിപ്പാടിനെ മാതൃകാ നഗരസഭയാക്കും; എൽഡിഎഫ് പ്രകടനപത്രികയായി

നഗരഭരണം നരകതുല്യമാക്കിയ യുഡിഎഫിനെതിരെ 
വിധിയെഴുത്തുണ്ടാകുമെന്ന് നേതാക്കൾ
Janayugom Webdesk
ഹരിപ്പാട്
December 4, 2025 9:08 pm

ഹരിപ്പാട് നഗരസഭയെ മാതൃക നഗരസഭയാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള എൽഡിഎഫ് പ്രകടനപത്രിക സിപിഐ(എം) ജില്ലാ സെക്രട്ടേറിയേറ്റ്‌ അംഗം എം സത്യപാലൻ സിപിഐ ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്‌മോന് നൽകി പ്രകാശനം ചെയ്തു. പത്തുവർഷത്തെ യുഡിഎഫ് ഭരണം നരകതുല്യമാക്കിയ നഗരസഭയെ സമഗ്രവികസനത്തിലൂടെ പുതിയ തലങ്ങളിലെത്തിക്കുമെന്ന് പ്രകടനപത്രികയിൽ പറയുന്നു. ക്ഷേത്രനഗരമായ ഹരിപ്പാടിന്റെ സമഗ്രവികസനത്തിനുള്ള ശാസ്ത്രീയ പദ്ധതികളാണ് എൽഡിഎഫ് ജനസമക്ഷം അവതരിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക്, മാലിന്യ പ്രശ്നം, റോഡുകളുടെ ശോചനീയാവസ്ഥ അടക്കം പട്ടണം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ പത്രികയിലുണ്ട്. അഴിമതി രഹിത നഗരഭരണം, പദ്ധതി വിഹിതത്തിന്റെ സമയബന്ധിതമായ വിനിയോഗം, നെല്പുരക്കടവിൽ ടൂറിസം ഹബ്ബ്, പൊതു അടുക്കള, ജനകീയ ഭക്ഷണശാല, പ്രൈവറ്റ് ബസ്‌സ്റ്റാൻഡ്, മുനിസിപ്പൽ ടൗൺഹാൾ, ശാസ്ത്രീയമായ അറവുശാല, പൊതുശ്മശാനം, താലൂക്ക് ആസ്ഥാനത്ത് പൊതു ശൗചാലയം, അഞ്ചു വർഷം കൊണ്ട് ആയിരം യുവതീയുവാക്കൾക്ക് തൊഴിൽ, ഡാണാപ്പടി മാർക്കറ്റിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കൽ, റിങ് റോഡ്, കുടുംബശ്രീക്ക് ആസ്ഥാന മന്ദിരം എന്നിവ പ്രധാന വാഗ്ദാനങ്ങളാണ്. 

പട്ടണത്തിലെ മൂന്നിടങ്ങളിൽ കലാപരിപാടികൾ നടത്താൻ കഴിയുന്ന വിനോദ വിശ്രമ കേന്ദ്രങ്ങൾ, മാനവീയ വീഥിയുടെ മാതൃകയിൽ പരമ്പരാഗത–നവീന ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ് സ്ട്രീറ്റ്, സ്വന്തം സ്ഥലമില്ലാത്ത അങ്കണവാടികൾ, ആയുർവേദ ഡിസ്പെൻസറി എന്നിവക്ക് സ്ഥലം വാങ്ങി കെട്ടിടം നിർമിക്കൽ, തെരുവ് നായ ശല്യം നിയന്ത്രിക്കാൻ പദ്ധതി, പട്ടികജാതി, യുവജന, വയോജന, വനിതാ ക്ഷേമ പദ്ധതികൾ, കായിക വിനോദ സൗകര്യങ്ങൾ, പൊതുവ്യായാമ സൗകര്യങ്ങൾ, ആരോഗ്യമേഖലയിൽ ആവശ്യാധിഷ്ടിത വികസന പദ്ധതികൾ, താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും സൗജന്യ ആംബുലൻസ് സൗകര്യം, ഭൂരഹിതർക്ക് പാർപ്പിട സമുച്ചയവും സമ്പൂര്‍ണ ഭവനപദ്ധതിയും, പൊതുവിദ്യാഭ്യാസ രംഗത്ത് പഠന പിന്തുണ ഉറപ്പാക്കൽ, മുഴുവൻ കുട്ടികൾക്കും മിനിമം ശേഷി ഉറപ്പാക്കൽ, മലിന ജല സംസ്കരണം, ജലസ്രോതസ്സുകളുടെ ശുചീകരണം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക സുരക്ഷ ഉറപ്പാക്കൽ അടക്കം 35 ഇന വികസന പദ്ധതി നടപ്പാക്കുക വഴി ഹരിപ്പാടിനെ മാതൃകാ നഗരസഭയാക്കുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. ഹരിപ്പാട് പഞ്ചായത്തിനെ മതിയായ പഠനമോ വികസന കാഴ്ചപ്പാടുകളോ ഇല്ലാതെ പത്തുവർഷം മുമ്പ് നഗരസഭയാക്കുകയും ആ കാലയളവിൽ നഗരഭരണം കൈയാളുകയും ചെയ്ത യുഡിഎഫിന് ഒരു മേഖലയിലും പുരോഗതി കൊണ്ടുവരാനായില്ല. ഗവണ്‍മെന്റ് നൽകിയ 22 കോടിയോളം രൂപ ചെലവഴിക്കാനാവാതെ വികസന മുരടിപ്പുണ്ടാക്കിയ യുഡിഎഫ് ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും തെരഞ്ഞെടുപ്പിലുണ്ടാവുകയെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. എൽഡിഎഫ് നേതാക്കളായ ടി ടി ജിസ്‌മോൻ, എം സത്യപാലൻ, ടി കെ ദേവകുമാർ, സി പ്രസാദ്, സി വി രാജീവ്, എസ് കൃഷ്ണകുമാർ, എസ് ഗോപിനാഥൻ നായർ, എം തങ്കച്ചൻ, ആർ ഗോപി എന്നിവർ പ്രകാശനചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.