ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്ക് തിരിച്ചടി .ആംആദ്മി 20 സീറ്റുകള്‍ ആവശ്യപ്പെട്ടതാണ് സഖ്യ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത്. കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ മുതിര്‍ന്ന നേതാവ് എഎപി ആവശ്യമുള്ള സീറ്റുകളുടെ പട്ടിക അവതരിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹരിയാനയിൽ ഭരണകക്ഷിയായ ബിജെപിയെ വീഴ്ത്താനുള്ള ആദ്യഘട്ട പദ്ധതികൾ അവലോകനം ചെയ്യാനായിരുന്നു കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് യോഗം. എന്നാൽ കോൺഗ്രസിന്റെ താത്പര്യങ്ങളിൽ നിന്ന് വ്യത്യസ്തമായ ആം ആദ്മിയുടെ ആവശ്യങ്ങൾ മൂലം സഖ്യചർച്ചകളിൽ നേരിടുന്ന തടസങ്ങളും മറ്റു പ്രതിസന്ധികളും യോഗത്തിൽ സുപ്രധാന വിഷയമായി ഉയർന്നു.ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധവികാരം നിലനിൽക്കുന്ന ഹരിയാനയിൽ ഭരണമുറപ്പിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
എന്നിരുന്നാലും എഎപി അടക്കമുള്ള സഖ്യകക്ഷികൾക്ക് സീറ്റ് വിഭജിച്ച് നൽകുന്നത് സംബന്ധിച്ച് പ്രതിസന്ധികൾ തിരിച്ചടിച്ചേക്കാം എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിൽ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എഎപി 20 സീറ്റുകൾ ആവശ്യപ്പെട്ടത് എന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതിനുപകരമായി നിയമസഭാ സീറ്റുകളിൽ ആനുപാതികമായ വിഹിതം തങ്ങൾക്ക് ലഭിക്കുമെന്നാണ് എഎപിയുടെ വിശ്വാസം. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും അനുകൂല നിലപാടല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.വെല്ലുവിളികളും പ്രതിസന്ധികളും നിലനിൽക്കുന്നുണ്ടെങ്കിലും എഎപിയുമായി സഖ്യമുണ്ടാക്കാൻ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും ഇപ്പോഴും തയാറാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത പരിഗണിക്കണമെന്നും സീറ്റുകളുടെ എണ്ണം കുറച്ച് മറ്റൊരു നിർദേശവുമായി മടങ്ങിവരണമെന്നും കോൺഗ്രസ് നേതൃത്വം എഎപി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി എഎപിയുടെ ആവശ്യം 20 സീറ്റിൽ നിന്ന് ഗണ്യമായി കുറയ്ക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടാനാണ് സാധ്യത. എന്നിരുന്നാലും, സമാജ്‌വാദി പാർട്ടി പോലുള്ള മറ്റ് സഖ്യകക്ഷികളിൽ നിന്നുള്ള സീറ്റ് ആവശ്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും കോൺഗ്രസിനെ സംബന്ധിച്ച് നിർണായകമാകും.
അതേസമയം, വരാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നു എന്ന റിപ്പോർട്ടുകളെ എഎപി എംപി സഞ്ജയ് സിംഗ് സ്വാഗതം ചെയ്തിരുന്നു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രാഥമിക ലക്ഷ്യമെന്നും എഎപി നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചർച്ചകളുടെ പുരോഗതി സംബന്ധിച്ച് ഇരുപാർട്ടികളും ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. 90 നിയമസഭാ സീറ്റുകളുള്ള ഹരിയാനയിൽ ഒക്‌ടോബർ അഞ്ചിനാണ് വോട്ടെടുപ്പ്. ഫലം ഒക്‌ടോബർ എട്ടിന് പ്രഖ്യാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.