ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിധ്യം പേരിന് മാത്രം. 90 അംഗ നിയമസഭയിലേക്ക് 1,031 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 51 പേര്‍ മാത്രമാണ് വനിതകള്‍. ഇവരില്‍ ഭൂരിഭാഗവും ഏതെങ്കിലും രാഷ്ട്രീയ കുടുംബത്തില്‍ നിന്നോ രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയുള്ള പ്രമുഖരോ ആണ്.
1966ല്‍ സംസ്ഥാനം രൂപീകരിച്ചതിന് ശേഷം 87 വനിതകള്‍ മാത്രമാണ് നിയമസഭയിലെത്തിയത്. മുഖ്യമന്ത്രി പദവിയില്‍ വനിതകള്‍ എത്തിയിട്ടുമില്ല.
പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസാണ് ഏറ്റവും കൂടുതല്‍ വനിതകളെ മത്സരത്തിനിറക്കിയിരിക്കുന്നത്, 12 പേര്‍. ഇന്ത്യന്‍ നാഷണല്‍ ലോക്‌ദളും ബഹുജന്‍ സമാജ് പാര്‍ട്ടിയും സംയുക്തമായാണ് മത്സരരംഗത്തുള്ളത്. 11 വനിതാ സ്ഥാനാര്‍ത്ഥികളാണ് ഇവര്‍ക്കുള്ളത്. ഭരണകക്ഷിയായ ബിജെപി 10 വനിതകളെയും നിര്‍ത്തിയിട്ടുണ്ട്. ജന്‍നായക് ജനതാ പാര്‍ട്ടിയും ആസാദ് സമാജ് പാര്‍ട്ടിയും ചേര്‍ന്നുള്ള സഖ്യം എട്ട് വനിതകളെയാണ് മത്സരത്തിനിറക്കിയത്. 85 സീറ്റുകളിലാണ് ഇവര്‍ മത്സരിക്കുന്നത്.
ഹരിയാന വിധാന്‍ സഭയിലെ രേഖകളനുസരിച്ച് 2000 മുതല്‍ നടന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിന്ന് 47 വനിതാ സമാജികര്‍ മാത്രമാണുണ്ടായത്. ലിംഗാനുപാതത്തില്‍ ഗുരുതരമായ വിവേചനം നിലനില്‍ക്കുന്ന സംസ്ഥാനം കൂടിയാണ് ഹരിയാന. 2023ലെ കണക്കനുസരിച്ച് ആയിരം പുരുഷന്മാര്‍ക്ക് 916 സ്ത്രീകള്‍ എന്ന അനുപാതമാണുള്ളത്.
2019ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരുള്‍പ്പെടെ 104 വനിതാ സ്ഥാനാര്‍ത്ഥികള്‍ ഗോദയിലുണ്ടായിരുന്നു. 2014ല്‍ ആണ് ഏറ്റവും കൂടുതല്‍ സ്ത്രീപങ്കാളിത്തമുണ്ടായത്. എന്നാല്‍ 116 പേര്‍ മത്സരിച്ചതില്‍ 13 പേര്‍ മാത്രമാണ് വിജയിച്ചത്. 2019ല്‍ ഇത് ഒമ്പതായി കുറഞ്ഞു. കേന്ദ്രമന്ത്രി റാവു ഇന്ദ്രജിത് സിങ്ങിന്റെ മകള്‍ അര്‍തി സിങ് റാവു ഇത്തവണ അതേലിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ബന്‍സി ലാലിന്റെ പേരക്കുട്ടി ശ്രുതിയും മത്സരത്തിനുണ്ട്. തോഷമില്‍ നിന്നാണ് മത്സരിക്കുക. ഈ വര്‍ഷം ആദ്യമാണ് അവര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
ഗുസ്തിതാരമായ വിനേഷ് ഫോഗട്ട് ജിന്ദ് ജില്ലയിലെ ജുലാനയില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധിയായി മത്സരരംഗത്തുണ്ട്. മറ്റൊരു ഗുസ്തിതാരമായ കവിതാ ദലാലാണ് വിനേഷിന്റെ എതിരാളി. സ്ഥാനാര്‍ത്ഥികളിലെ മറ്റൊരു പ്രമുഖയാണ് സാവിത്രി ജിന്‍ഡാല്‍. ഏഷ്യയിലെ ഏറ്റവും കൂടുതല്‍ സമ്പത്തിന്റെ ഉടമയും ഒപി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമാണ് സാവിത്രി ജിന്‍ഡാല്‍. ബിജെപി ടിക്കറ്റ് പ്രതീക്ഷിച്ചെങ്കിലും 74കാരിയായ സാവിത്രി സ്വതന്ത്രയായാണ് മത്സരിക്കുന്നത്. മന്ത്രി കമല്‍ ഗുപ്തയാണ് എതിരാളി.
മുന്‍ മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡയുടെ വിശ്വസ്തന്‍ നിര്‍മല്‍ സിങ്ങിന്റെ മകള്‍ ചിത്ര സര്‍വാരയും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ് അംബാല കന്റോണ്‍മെന്റ് സീറ്റില്‍ നിന്ന് ചിത്ര സര്‍വാര മത്സരിക്കുന്നത്. 2019ലും സ്വതന്ത്രയായി മത്സരിച്ചിരുന്നു. 44,000ല്‍ അധികം വോട്ടുകള്‍ നേടിയ ചിത്ര രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ആറ് തവണ എംഎല്‍എ ആയ ബിജെപിയുടെ അനില്‍ വിജ്, കോണ്‍ഗ്രസിന്റെ മുന്‍മന്ത്രി പര്‍വിന്ദര്‍ സിങ് പരി എന്നിവരാണ് ഇത്തവണ എതിരാളികള്‍.
മുസ്ലിം ഭൂരിപക്ഷ മേഖലയായ നൂഹില്‍ നിന്നുള്ള ആദ്യ വനിതാ സ്ഥാനാര്‍ത്ഥിയാണ് റാബിയ കിദ്വായി. ഹരിയാനയുടെ 13-ാമത് ഗവര്‍ണരായിരുന്ന അഖ്‌ലഖ് ഉര്‍ റഹ്മാന്‍ കിദ്വായിയുടെ പേരക്കുട്ടിയാണ് റാബിയ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.