24 November 2024, Sunday
KSFE Galaxy Chits Banner 2

ഹരിയാന പൊലീസിന്റെ അരുംകൊല

Janayugom Webdesk
February 21, 2023 5:00 am

രണ്ടുദിവസം മുമ്പ് രാജസ്ഥാനിൽ നിന്നും പുറത്തുവന്ന ഞെട്ടിക്കുന്ന ഒരുവാർത്ത രാജ്യത്തിന്റെ ക്രമസമാധാനനിലയുടെ ഭീകരാവസ്ഥയിലേക്ക് വിരൽചൂണ്ടുന്നു. പശുക്കടത്ത് ആരോപിച്ച് രണ്ടു മുസ്ലിം യുവാക്കളെ ചുട്ടെരിച്ച സംഭവത്തിൽ ഹരിയാന പൊലീസിനും പങ്കെന്ന വെളിപ്പെടുത്തലാണത്. ഇത് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയോ പൊതുപ്രവർത്തകരുടെയോ ആരോപണമല്ല. രാജസ്ഥാനിലെ ഘട്ട്ചിക സ്വദേശികളായ ജുനൈദ്, നസീർ എന്നിവരെ അവരുടെ വാഹനത്തോടൊപ്പം ചുട്ടെരിച്ച സംഭവത്തിൽ ഹരിയാന പൊലിസിന്റെ പങ്ക് വെളിപ്പെടുത്തിയത് കേസിൽ അറസ്റ്റിലായ ഹിന്ദുത്വപ്രവർത്തകർ തന്നെയാണ്. ഹരിയാന–രാജസ്ഥാൻ അതിർത്തിയിലാണ് സംഭവം നടക്കുന്നത്. ബജ്റംഗദൾ പ്രവർത്തകനും ഹരിയാന ഗോസംരക്ഷണ സംഘാംഗവുമായ റിങ്കു സെയ്നിയാണ് അറസ്റ്റിലായത്. ജുനൈദിനെയും നസീറിനെയും മർദിച്ചശേഷം പൊലീസിന് കൈമാറാൻ ശ്രമിച്ചെങ്കിലും മൃതപ്രായരായ ഇവരെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് വിസമ്മതിച്ചു. വെെകാതെ യുവാക്കൾ മരിച്ചെന്നും മൃതദേഹങ്ങൾ വാഹനത്തിലിട്ട് ചുട്ടുകരിച്ചെന്നുമാണ് പ്രതിയുടെ കുറ്റസമ്മതം. ഭരത്പൂർ ഐജി ഗൗരവ് ശ്രീവാസ്തവയും വെളിപ്പെടുത്തൽ സ്ഥിരീകരിച്ചിട്ടുണ്ട്. ടാക്സി ഡ്രൈവറും ബജ്റംഗദൾ നേതാവ് മോനു മനേസറിന്റെ വലംകൈയുമായ റിങ്കുവിനെ മേവാതിൽ നിന്നാണ് രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളെ തട്ടിക്കൊണ്ടു പോയ സ്ഥലത്ത് പൊലീസ് വാഹനമുണ്ടായിരുന്നെന്ന് സാക്ഷിമൊഴികളുമുണ്ട്. യുവാക്കളെ പൊലീസ് വാഹനത്തിലാണ് ഫിറോസ്‍പൂർ ജിർക്കാ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും സാക്ഷികൾ പറയുന്നു. പശുവിന്റെ പേരിലുള്ള ഹിന്ദുത്വ ഭീകരരുടെ അക്രമത്തിനും അരുംകൊലയ്ക്കും ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ നിയമപാലകർ കൂട്ടുനിന്നു എന്നാണിത് തെളിയിക്കുന്നത്.

 


ഇതുകൂടി വായിക്കു; മോഡിയുടെ കാലത്ത് ‘വികസിച്ചത്’ ആത്മഹത്യ


 

രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ല. ഹരിയാനയിലെ നൂഹ് മേഖലയിൽ ഏതാനുംദിവസം മുമ്പും വാരിസ് എന്ന ഇരുപത്തൊന്നുകാരനെ പശുക്കടത്ത് ആരോപിച്ച് അടിച്ചുകൊന്നിരുന്നു. ഗോസംരക്ഷണത്തിന്റെ പേരിൽ സ്വയം പൊലീസ് ചമഞ്ഞ് പ്രവർത്തിക്കുന്ന ബജ്റംഗദൾ നേതാവ് മോനു മനേസറിന്റെ നേതൃത്വത്തിലുള്ളവർ തന്നെയായിരുന്നു കൊലയ്ക്ക് പിന്നിൽ. ഖോരി കലാൻ ഗ്രാമത്തിന് സമീപം ടൗരു-ഭിവാദി റോഡിലായിരുന്നു സംഭവം. വാരിസും സുഹൃത്തുക്കളായ നഫീസ്, ഷൗകീൻ എന്നിവരും സഞ്ചരിച്ച സാൻട്രോ കാർ ടെമ്പോയിൽ ഇടിക്കുകയായിരുന്നുവെന്നും വാഹനത്തിൽ പശുവിനെ കണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്. എന്നാൽ സംഭവസ്ഥലത്തെത്തിയ ബജ്റംഗദൾ പ്രവർത്തകർ വാരിസിനെ മർദിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ പരാതി നൽകി. വാരിസ് കാർ മെക്കാനിക്കാണെന്നും പശുക്കടത്തുമായി ബന്ധമില്ലെന്നും കുടുംബം പറഞ്ഞു. യുവാക്കളെ മ‍‍ർദിക്കുന്ന വീഡിയോ ബജ്റംഗദൾ പുറത്തുവിട്ടതും പരാതിയിൽ ചൂണ്ടിക്കാട്ടി.

പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോകുന്നവരെ മർദിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ബജ്റംഗദൾ സംഘത്തിന്റെ രീതിയാണ്. ആക്രമണോത്സുകമായ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ഒരിക്കലും പൊലീസ് കേസെടുക്കാറുമില്ല. ഹരിയാനയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മോനു മനേസറിന് ചങ്ങാത്തമുണ്ടെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.
സ്വാതന്ത്ര്യപൂർവകാലത്തു തന്നെ പശുവിന്റെ പേരിൽ പിന്നാക്ക‑ന്യൂനപക്ഷ ആക്രമണം സവർണ ഹിന്ദുസംഘടനകളുടെ അജണ്ടയായിരുന്നു. ഹിന്ദുരാഷ്ട്രം എന്ന ആർഎസ്എസിന്റെ ആത്യന്തിക ലക്ഷ്യത്തിലേക്ക് ബീഫ് നിരോധനമായും ഗോപൂജയായും അവരത് ഇനിയും ഉപയോഗപ്പെടുത്തും. 1947 ഓഗസ്റ്റ് 10ന് ഇടക്കാല സർക്കാരിൽ പശു സംരക്ഷണത്തിനു വേണ്ടി സംഘ്പരിവാർ സമ്മർദം ചെലുത്തിയെങ്കിലും പിന്നീട് പശുരാഷ്ട്രീയം വേണ്ടരീതിയിൽ വിജയിച്ചിരുന്നില്ല. എന്നാൽ 2014ൽ അവർ വിജയിച്ചു. ആത്യന്തികവിജയത്തിന് ഏത് അക്രമത്തെയും അവർ ന്യായീകരിക്കും. കാരണം സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം അക്രമമെന്നാൽ അവരുടെ പ്രത്യയശാസ്ത്രത്തിന്റെ ശരിയായ പ്രയോഗമെന്നാണ്. ‘ഗാന്ധിജിയെ ചെറുതായൊന്ന് വെടിവച്ചു കൊന്നു’ എന്ന് ലഘൂകരിക്കാനവർക്ക് മടിയില്ലാത്തത് അതുകൊണ്ടാണ്. 1966 നവംബർ ഏഴിനാണ് ആദ്യമായി നമ്മുടെ പാർലമെന്റ് ആക്രമിക്കപ്പെടുന്നത്.

 


ഇതുകൂടി വായിക്കു;  ഭരണകൂടത്തിന് ഭ്രാന്തുപിടിച്ചപ്പോൾ


 

ഗോവധനിരോധനത്തിനു വേണ്ടി ആർഎസ്എസും ഹിന്ദു മഹാസഭയും നടത്തിയ അക്രമാസക്തമായ സമരമായിരുന്നു അത്. എ ബി വാജ്പേയ് നയിച്ച, ഡൽഹിയിൽ മൂന്ന് ദിവസം നീണ്ടു നിന്ന കലാപത്തിൽ എട്ടു പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ അധ്യക്ഷന്റെ (കോൺഗ്രസ് പ്രസിഡന്റ് കെ കാമരാജ്) വീട് ആക്രമിക്കപ്പെട്ടത് അന്നായിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തിൽ ഇഹ്സാൻ ജഫ്രി കൊല്ലപ്പെട്ടതും നമ്മൾ കണ്ടു. അയോധ്യ, മുത്തലാഖ്, കശ്മീർ, അനധികൃത കുടിയേറ്റം, ഏകീകൃത സിവിൽ കോഡ് തുടങ്ങിയവയെല്ലാം ഹിന്ദുരാഷ്ട്രം എന്ന അവസാന സങ്കല്പത്തിലേക്കുള്ള അവരുടെ മാർഗമാണ്. പൊലീസും ഭരണ സംവിധാനവുമെല്ലാം ഹിന്ദുത്വ ഭീകരർ ഉപയോഗപ്പെടുത്തും. ഹരിയാന പൊലീസും ഡൽഹി, യുപി പൊലീസുമെല്ലാം ഹിന്ദുത്വ ഭീകരതയുടെ കാവൽക്കാരാവുന്നുവെന്നാണ് പശുക്കടത്ത് കൊല തെളിയിക്കുന്നത്.

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.