നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി ഹരിയാന. 90 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. വൈകിട്ട് ആറുമണിവരെയാണ് പോളിങ്. ആകെ 1,031 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 101 പേര്‍ വനിതകളാണ്. രണ്ട് കോടിയിലധികം സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തല്‍.
കോണ്‍ഗ്രസ്, എഎപി, ബിജെപി, ഐഎന്‍എല്‍ഡി, ബിഎസ്‌പി, ജെജെപി, ആസാദ് സമാജ് പാര്‍ട്ടി എന്നിവയാണ് പ്രധാന കക്ഷികള്‍. മുഖ്യമന്ത്രി നായബ് സൈനി, മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ, ഗുസ്തിതാരം വിനേഷ് ഫോഗട്ട്, അഭയ് സിങ് ചൗട്ടാല, ദുഷ്യന്ത് ചൗട്ടാല, സാവിത്രി ജിന്‍ഡാല്‍ എന്നിവരാണ് മത്സര രംഗത്തെ പ്രമുഖര്‍.
കര്‍ഷക സമരം, ഗുസ്തിതാരങ്ങളുടെ പ്രതിഷേധം, വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം, അഗ്നിവീര്‍ പദ്ധതി എന്നിവയായിരുന്നു പ്രചരണത്തില്‍ സ്ഥാനം പിടിച്ചത്. ഈമാസം എട്ടിന് ജമ്മു കശ്മീരിനോടൊപ്പമാണ് വോട്ടെണ്ണല്‍. വോട്ടെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് സുരക്ഷാ സംവിധാനം കര്‍ശനമാക്കിയിട്ടുണ്ട്. 30,000 പൊലീസുകാരെയും 225 കമ്പനി അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുള്ളതായി ഡിജിപി ശത്രുജീത് കപൂര്‍ പറഞ്ഞു.
പോളിങ് ബൂത്തുകളിലും ലൊക്കേഷനുകളിലും മതിയായ പൊലീസ് സാന്നിധ്യം നിലനിർത്തും. 20,632 പോളിങ് ബൂത്തുകളില്‍ 3,460 എണ്ണം പ്രശ്നബാധിതമായി കണക്കാക്കിയിട്ടുണ്ട്. 186 അന്തർസംസ്ഥാന ചെക്ക്‌പോസ്റ്റുകളും 215 സംസ്ഥാന ചെക്ക്‌പോസ്റ്റുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
ക്രമസമാധാനപാലനത്തിനും മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാനത്ത് 507 ഫ്ലയിങ് സ്ക്വാഡുകൾ, 464 സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ, 32 ക്വിക്ക് റെസ്‌പോൺസ് ടീമുകൾ എന്നിവയും രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, 1,156 പട്രോളിങ് പാർട്ടികൾ സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.